തിരുവനന്തപുരം: ഗവർണർ ഒപ്പുവയ്ക്കാതെ തടഞ്ഞുവച്ചിരിക്കുന്ന ബില്ലിലെ വ്യവസ്ഥ പ്രകാരം
മലയാളം സർവകലാശാലാ വൈസ്ചാൻസലർ നിയമനത്തിന് അഞ്ചംഗ സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി ആർ.ബിന്ദു നിർദ്ദേശിച്ചതിന്റെ രേഖകൾ പുറത്തുവന്നു. ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്ന് ഉദ്യോഗസ്ഥർ രേഖാമൂലം ശ്രദ്ധയിൽപ്പെടുത്തിയിട്ടും, തന്റെ നിർദ്ദേശം നടപ്പാക്കാൻ മന്ത്രി കല്പിക്കുകയായിരുന്നു.
സെർച്ച് കമ്മിറ്രിയിലേക്ക് സർക്കാർ പ്രതിനിധിയുടെ പേര് നൽകാൻ ഗവർണർ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയാണ് സർക്കാർ സ്വന്തംനിലയിൽ അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാനൊരുങ്ങിയത്.
നിയമവിധേയമല്ലാത്ത ആ സെർച്ച്കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ നൽകാൻ ഗവർണർക്ക് തിരിച്ചൊരു കത്ത് നൽകുകയും ചെയ്തു. ഇതു തള്ളിയ ഗവർണർ, മലയാളം, കുസാറ്റ്, എം.ജി വാഴ്സിറ്റികളിലേക്ക് സ്വന്തം നിലയിൽ സെർച്ച്കമ്മിറ്റി രൂപീകരിക്കാൻ നടപടിതുടങ്ങിയിട്ടുണ്ട്.
അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാമെന്ന് ഫയലിൽ എഴുതിയ മന്ത്രി, അതുപ്രകാരമുള്ള പ്രതിനിധികളെ ലഭ്യമാക്കി ഫയൽ വീണ്ടും സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.
എന്നാൽ, സർക്കാർ പ്രതിനിധിയെ നിശ്ചയിക്കാൻ രാജ്ഭവനിൽ നിന്ന് കത്ത് ലഭിച്ചെന്ന് ഉദ്യോഗസ്ഥർ ഫയലിൽ രേഖപ്പെടുത്തി. മന്ത്രി നിർദേശിച്ച രീതിയിലുള്ള സെർച്ച് കമ്മിറ്റിക്ക് വ്യവസ്ഥയുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ ഫയലിൽ ചൂണ്ടിക്കാട്ടി. അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ മന്ത്രി ഫയലിൽ ആവർത്തിച്ച് നിർദേശിച്ചു. ഇതുപ്രകാരമാണ് ചാൻസലറുടെ പ്രതിനിധിയെ ആവശ്യപ്പെട്ട് ജനുവരി 18ന് സർക്കാർ ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകിയത്. ഇതിന് രാജ്ഭവൻ മറുപടി നൽകിയിട്ടില്ല.
അതിനിടെ, മൂന്ന് വാഴ്സിറ്റികളിലെ സെർച്ച് കമ്മിറ്റികളിലേക്കുള്ള യു.ജി.സി പ്രതിനിധികളായിട്ടുണ്ട്. കർണാടക കേന്ദ്ര സർവകലാശാല വി.സി പ്രൊഫ. ബട്ടുസത്യനാരായണ (മലയാളം), മിസോറാം യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസലർ പ്രൊഫ.കെ.ആർ.എസ്.സാംബശിവ റാവു (എം.ജി), ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്സിറ്റി വി.സി പ്രൊഫ.ഇ.സുരേഷ് കുമാർ എന്നിവരെയാണ് ഗവർണറുടെ ആവശ്യപ്രകാരം യു.ജി.സി ശുപാർശചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |