പത്തനംതിട്ട : മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറം ഒരുങ്ങി. നൂറ്റി ഇരുപത്തെട്ടാമത് മാരാമൺ കൺവെൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. 19ന് ഉച്ചകഴിഞ്ഞ് 2.30നുള്ള യോഗത്തോടെ കൺവെൻഷൻ സമാപിക്കും. മാർത്തോമ്മ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ദിലോരാജ് ആർ കനഗസാബെ (ശ്രീലങ്ക), കാനൻഡമാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ് റാഫേൽ തട്ടിൽ, ഡോ.സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത എന്നിവർ പ്രധാന പ്രസംഗകരായിരിക്കും.
തിങ്കൾ മുതൽ ശനിവരെ രാവിലെ 10.30നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം അഞ്ചിനും യോഗങ്ങളുണ്ടാകും. ബുധനാഴ്ച രാവിലെ 10.30ന് എക്യുമെനിക്കൽ യോഗത്തിൽ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് മെത്രാപ്പോലീത്തയും വൈകുന്നേരം അഞ്ചിന് സാമൂഹിക തിന്മകൾക്കെതിരേയുള്ള യോഗത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലും മുഖ്യപ്രസംഗം നടത്തും. 19ന് വൈകന്നേരം മാർത്തോമ്മ മെത്രാപ്പോലീത്തയുടെ സമാപനസന്ദേശത്തോടെ കൺവെൻഷൻ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |