തിരുവനന്തപുരം : പതിമ്മൂന്ന് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഉത്തരവിറക്കിയിരുന്നു. അയോദ്ധ്യകേസിൽ അന്തിമവിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് എസ്. അബ്ദുൽ നസീറിനെ ഉൾപ്പെടെയാണ് ഗവർണർമാരായി നിയമിച്ചത്. ജസ്റ്റിസ് അബ്ദുൾ നസീറിനെ ആന്ധ്ര ഗവർണറായാണ് നിയമിച്ചത്. എന്നാൽ ഈ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം നേതാവും എം.പിയുമായ എ.എ. റഹീം. ഈ വാഗ്ദാനം അബ്ദുൽ നസീർ നിരസിക്കുകയാണ് വേണടതെന്ന് എ.എ. റഹീം ഫേസ്‌ബുക്കിൽ കുറിച്ചു. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ടുകൂടാ. സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം പറയുന്നു.
എ.എ. റഹീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
സുപ്രിം കോടതിയിൽ നിന്നും ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീർ വിരമിച്ചത് ഇക്കഴിഞ്ഞ ജനുവരി നാലിന്.ഇന്നെയ്ക്ക് കഷ്ടിച്ച് വെറും ആറ് ആഴ്ച മാത്രമാകുന്നു. ഇന്ന് അദ്ദേഹത്തെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു.
അയോധ്യ കേസിൽ അന്തിമ വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്നു ഇദ്ദേഹം എന്നോർക്കണം.
2021 ഡിസംബർ 26നു ഹൈദരാബാദിൽ നടന്ന അഖിൽ ഭാരതീയ അധിവക്ത പരിഷത്ത് നാഷണൽ കൗൺസിൽ മീറ്റിങ്ങിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു. സംഘപരിവാർ അഭിഭാഷക സംഘടനയാണിത്.
അവിടുത്തെ പ്രസംഗത്തിൽ, "ഇന്ത്യൻ നിയമ വ്യവസ്ഥ, മനുസ്മൃതിയുടെ മഹത്തായ പാരമ്പര്യം തുടർച്ചയായി അവഗണിക്കുകയാണെന്ന്" അഭിപ്രായപ്പെട്ട ആളാണ് ശ്രീ അബ്ദുൽ നസീർ.
ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ന്യായാധിപൻ പുലർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള കൂറുമല്ല ഈ വാക്കുകളിൽ കണ്ടത്. ഇപ്പോൾ അദ്ദേഹത്തിന് ഗവർണ്ണർ പദവി ലഭിച്ചിരിക്കുന്നു.
ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ചേർന്നതല്ല ഈ കേന്ദ്രസർക്കാർ നീക്കം. ജസ്റ്റിസ് അബ്ദുൽ നസീറിനെ ഗവർണറായി നിയമിക്കാനുള്ള തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.അത്തരം ഒരു വാഗ്ദാനം ജസ്റ്റിസ് അബ്ദുൽ നസീർ നിരസിക്കുകയാണ് വേണ്ടത്.
നിയമ വ്യവസ്ഥയിലുള്ള വിശ്വാസം രാജ്യത്തിന് നഷ്ടപ്പെട്ട് കൂടാ.മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇൻഡ്യൻ ജനാധിപത്യത്തിന് കളങ്കമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |