തിരുവനന്തപുരം: ഒരു മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തിലുള്ള ബ്രിട്ടന്റെ യുദ്ധവിമാനം എഫ് 35 ബിയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റിയ വിമാനം ഇന്ന് പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് പുറത്തേക്ക് എത്തിച്ചു. ഹൈഡ്രോളിക് സംവിധാനത്തിന്റെ പിഴവുകളും ഓക്സിലറി പവർ യൂണിറ്റിന്റെ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ചെന്നാണ് വിവരം.
സിഐഎസ്എഫ് കമാൻഡോകൾ, എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാർ, ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് വിമാനത്തെ പുറത്തേക്ക് എത്തിച്ചയത്. ബ്രിട്ടണിൽ നിന്ന് വരുത്തിയ ടോ ബാർ ഉപയോഗിച്ചാണ് വിമാനം പുറത്തുകൊണ്ടുപോയത്. വിമാനം എപ്പോഴാണ് ടേക്കോഫ് ചെയ്യുന്നതെന്ന് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല. വിമാനത്തിന്റെ പരീക്ഷണ പറക്കൽ ഇന്ന് നടക്കും. ഇതിന് ശേഷം മാത്രമേ വിമാനം യുകെയിലേക്ക് കൊണ്ടുപോകുകയുള്ളൂ.
ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം വിമാനം നിലത്തിറക്കിയത്. ബ്രിട്ടീഷ് പാർലമെന്റിൽ പോലും വിമാനം തിരുവനന്തപുരത്ത് കിടക്കുന്നത് ചർച്ചയായി. ഇതോടെയാണ് വിമാനം ഹാംഗറിലേക്ക് മാറ്റാൻ പോലും ബ്രിട്ടീഷ് അധികൃതർ സമ്മതിച്ചത്. അത്യാധുനികവും അതീവ സുരക്ഷാസംവിധാനവുമുള്ള വിമാനത്തെ മറ്റൊരു രാജ്യത്തെ ഹാംഗറിലേക്ക് മാറ്റുന്നതിനോട് സൈന്യത്തിന് ആദ്യം യോജിപ്പില്ലായിരുന്നു.
അമേരിക്കൻ നിർമിതമായ അഞ്ചാം തലമുറ യുദ്ധവിമാനം നാറ്റോ സഖ്യത്തിലുൾപ്പെടാത്ത മറ്റൊരു രാജ്യത്തിനും ലഭിച്ചിട്ടില്ല. അതിനാൽ സാങ്കേതികവിദ്യ ചോരുമെന്ന ആശങ്കയിലാണ് വിമാനം ഹാംഗറിലേക്ക് മാറ്റാതിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാൻ വഴിയില്ലാതെ വന്നതോടെയാണ് ഇതിന് ബ്രിട്ടൺ വഴങ്ങിയത്. 14അംഗ സംഘമാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |