മൊഹമ്മദൻസിനോട് 1-2ന് തോറ്റു, കിരീടപ്രതീക്ഷകൾ തകരുന്നു
കൊൽക്കത്ത : തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാനാവാതെ വന്നതോടെ ഐ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രണ്ട് സീസണുകളിലും സ്വന്തമാക്കിയിരുന്ന കിരീടം നിലനിറുത്താമെന്ന ഗോകുലം കേരള എഫ്.സിയുടെ മോഹം മങ്ങുന്നു. ഇന്നലെ കൊൽക്കത്താ ക്ളബ് മൊഹമ്മദൻസിനോട് 2-1ന് തോറ്റ ഗോകുലം 16 കളികളിൽ നിന്ന് 24 പോയിന്റുമായി നാലാം സ്ഥാനത്താണ്. ശേഷിക്കുന്ന ആറുമത്സരങ്ങളും ജയിച്ചാലും കിരീടം നിലനിറുത്തുക അത്ര എളുപ്പമാവില്ല. ഇപ്പോൾ 37 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് ഇനിയും ജയിച്ചാൽ ഗോകുലത്തിന് തിരിച്ചടിയാവും.
ഈ സീസണിലെ ആദ്യ മത്സരത്തിൽ മൊഹമ്മദൻസിനെ തോൽപ്പിച്ച് തുടങ്ങിയ ഗോകുലമാണ് ഇന്നലെ ആദ്യ ഗോൾ സ്കോർ ചെയ്തത്. എന്നാൽ മൊഹമ്മദൻസ് തിരിച്ചടിച്ച് ജയിക്കുകയായിരുന്നു. 13-ാം മിനിട്ടിൽ അബ്ദുൽ ഹക്കുവിലൂടെയായിരുന്നു ഗോകുലം ഗോളടിച്ചത്. ഈ ഗോളിന് ആദ്യ പകുതിയിൽ കേരള ക്ളബ് ലീഡ് ചെയ്തു. എന്നാൽ 67-ാം മിനിട്ടിൽ അബിയോള ദൗദയിലൂടെ മൊഹമ്മദൻസ് തിരിച്ചടിച്ചു. സമനിലയിലവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ ഇൻജുറി ടൈമിൽ കീൻ ലെവിസാണ് കൊൽക്കത്താ ക്ളബിന്റെ വിജയഗോളടിച്ചത്.
ഗോകുലത്തിന്റെ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു ഇന്നലത്തേത്. നെറോക്ക,റൗണ്ട്ഗ്ളാസ് പഞ്ചാബ് എന്നിവരോടായിരുന്നു ഇതിനുമുമ്പുളള തോൽവികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |