SignIn
Kerala Kaumudi Online
Monday, 01 September 2025 6.48 PM IST

സർവമത സമ്മേളന ശതാബ്‌ദി;ഗുരുദേവന്റെ ഏകമത സങ്കല്‌പം

Increase Font Size Decrease Font Size Print Page

sarvamatha-sammelanam

ആലുവാ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവനാൽ നടത്തപ്പെട്ട സർവമത സമ്മേളനത്തിന്റെ ശതാബ്ദി സമാഗതമായിരിക്കുകയാണ്. 1924ലെ ശിവരാത്രി ദിനത്തോടനുബന്ധിച്ച് മാർച്ച് മൂന്ന്, നാല് തീയതികളിലായിരുന്നു സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മതാധിപത്യത്തിന്റെയും മതധ്രുവീകരണത്തിന്റെയും ഇടപെടലുകൾകൊണ്ട് കേരളീയ സമൂഹമാകെ കലുഷിതമായ കാലഘട്ടത്തിലാണ് ഗുരുദേവൻ സർവമതസമ്മേളനം നടത്തിയത്.

എല്ലാ മതസാരവും സമഭക്തിയോടും സമബുദ്ധിയോടും ഉൾക്കൊള്ളാൻ സാധിച്ചാൽ മതവൈരത്തിനുള്ള എല്ലാ സാദ്ധ്യതകളും ഇല്ലാതാകുമെന്ന സന്ദേശമാണ് സർവമത സമ്മേളനത്തിന്റെ കാതൽ. എല്ലാമതങ്ങളുടേയും സാരം ഏകമാണെന്ന ബോദ്ധ്യം വന്നവന് ഒരു മതവും നിന്ദ്യമല്ല. അത്തരമൊരു ശരിയായ മതബോധം മനുഷ്യരിൽ ഉണ്ടാക്കാനാണ് എല്ലാ മതാചാര്യന്മാരും ശ്രദ്ധിക്കേണ്ടതും പരിശ്രമിക്കേണ്ടതും എന്നതായിരുന്നു ഗുരുവിന്റെ പക്ഷം. മതബോധനത്തിന്റെ മൗലികമായ വെളിവിലേക്കുള്ള ചരിത്ര ജാലകമായിരുന്നു ഗുരുദേവൻ സംഘടിപ്പിച്ച, ലോകത്തിൽ രണ്ടാമത്തേതും ഏഷ്യയിൽ ആദ്യത്തേതുമായിട്ടുള്ള ഈ സർവമതസമ്മേളനം. അന്നും ഇന്നും മതങ്ങളുടെ പേരിൽ ലോകത്തിന് മീതെ സൃഷ്ടിക്കപ്പെടുന്ന തീവ്രവാദങ്ങളും അശാന്തികളും അനിശ്ചിതത്വങ്ങളും ദുരിതങ്ങളും കലഹങ്ങളും ജീവഹാനികളും ഭീകരമാണ്. ചരിത്രത്തിൽ മനുഷ്യർ തമ്മിൽ ഏറ്റവും കൂടുതൽ ഏറ്റുമുട്ടിയിട്ടുള്ളതും നാശം വിതച്ചിട്ടുള്ളതും മതങ്ങളുടെ പേരിലും വിശ്വാസത്തിലുമാണെന്നതും ശ്രദ്ധേയമാണ്.

ശുദ്ധമായ ആത്മീയതയിൽ അധിഷ്ഠിതമായി നിലകൊള്ളുന്ന മാനുഷിക മൂല്യങ്ങളുടെ ആകെത്തുകയാണ് മാനവികത. അതുകൊണ്ട് തന്നെ മനുഷ്യവംശത്തിന്റെ പിറവിയോടെ തന്നെ പിറവി കൊണ്ടതാണ് മാനവികതയും. സമസ്ത മനുഷ്യരുടേയും ഒന്നിപ്പിനും ഒരുമയ്ക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ മാനവികതയെ കാലാന്തരത്തിൽ ജന്മം കൊണ്ട മതങ്ങളുടെ പേരിൽ ആചാര്യന്മാരും പുരോഹിതന്മാരും കൈവശപ്പെടുത്തുകയാണ് ഉണ്ടായത്. അതോടെ ഒന്നായിരുന്ന മാനവികത മതങ്ങളുടേതായി വിഭജിക്കപ്പെട്ടു. ഈ വിഭജനമാണ് എല്ലാക്കാലത്തേയും മതപ്പോരുകൾക്ക് കാരണമാകുന്നതെന്ന ബോദ്ധ്യം ഗുരുദേവനുണ്ടായിരുന്നു. അതിന്റെ വെളിപാടാണ് ഈ ഗുരുവചനങ്ങൾ ' രാജ്യങ്ങൾ തമ്മിലും സമുദായങ്ങൾ തമ്മിലുമുള്ള ശണ്ഠ ഒന്ന് മറ്റൊന്നിനെ തോൽപ്പിക്കുമ്പോൾ അവസാനിക്കും. മതങ്ങൾ തമ്മിലുള്ള പൊരുതൽ അവസാനിക്കാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോൽപ്പിക്കാൻ കഴിയില്ല. ഈ മതപ്പോരിനു അവസാനമുണ്ടാകണമെങ്കിൽ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോൾ പ്രധാന തത്വങ്ങളിൽ അവയ്ക്ക് തമ്മിൽ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടു കിട്ടുന്ന മതമാണ് നാം ഉദ്ദേശിക്കുന്ന ഏകമതം. '

ഈ ഏകമതത്തിലേക്ക് അല്ലെങ്കിൽ പലമതസാരവുമേകമെന്ന യാഥാർത്ഥ്യത്തിലേക്ക് ജനസാമാന്യത്തെ നയിക്കണമെങ്കിൽ അതിനാദ്യം മതങ്ങൾ കൈവശപ്പെടുത്തിയിരിക്കുന്ന മാനവികതയെ മോചിപ്പിക്കുകയാണ് വേണ്ടതെന്ന് ഗുരുവിന് അറിയാമായിരുന്നു. ഈ വിധത്തിൽ മതാതീതവും സ്വതന്ത്രവുമായ മാനവികതയെ പുനരവതരിപ്പിക്കുകയെന്ന ചരിത്രദൗത്യം കൂടി സർവമത സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ ഗുരു നിർവഹിക്കുകയുണ്ടായത്.

വാദങ്ങളും പ്രതിവാദങ്ങളും കൊണ്ട് പലപ്പോഴും ശരിയായ മതതത്വങ്ങൾ മാഞ്ഞുപോകുമെന്നതിനാൽ ഭൂരിപക്ഷം അനുയായികളും ആനയെ നേരിൽക്കാണാതെ തൊട്ടുനോക്കി അറിയുന്ന അന്ധരെപ്പോലെയാണ് മതതത്വങ്ങളെ ധരിച്ചു വച്ചിരിക്കുന്നത്. മതസംബന്ധമായ ഈ പരിമിത ബോധത്തെക്കുറിച്ച് ഗുരുദേവൻ ആത്മോപദേശശതകത്തിൽ ഇങ്ങനെ പ്രതിപാദിച്ചിട്ടുണ്ട്.

പലമതസാരവുമേകമെന്ന് പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞു പാമരൻമാ-
രലവതു കണ്ടലയാതമർന്നിടേണം.

മതപരമായ ഈ മിതബോധംകൊണ്ടു വാദിക്കാനും ജയിക്കാനും അനുയായികൾ മത്സരിക്കുമ്പോഴാണ് മതകലഹങ്ങൾ രൂപപ്പെടുന്നതെന്നതാണ് യാഥാർത്ഥ്യം. സർവമത സമ്മേളനത്തിന്റെ പ്രധാനവേദിക്ക് മുന്നിലായി 'വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്' എന്നൊരു വിജ്ഞാപനം എഴുതിവയ്ക്കാൻ ഗുരുദേവൻ നിർദ്ദേശിച്ചതിന് പിന്നിലുള്ളത് ഈ വസ്തുതയാവണം.

തത്വപ്രകാശനത്തിന് വേണ്ടിയല്ലാത്ത ഏതൊരു വാദത്തെയും നിർവിവാദമെന്നേ പറയേണ്ടു എന്ന് ഗുരു ചൂണ്ടിക്കാട്ടിയിട്ടുള്ളതും ഈ സന്ദർഭത്തിൽ ഓർക്കണം. കേരളമല്ല ലോകം തന്നെ ആദ്യമായി ശ്രവിച്ച ഒരു സൂത്രവാക്യമായിരുന്നു അത്. മനുഷ്യർ തമ്മിലുള്ള കിടമത്സരങ്ങളും ചേരിതിരിവുകളും കലഹങ്ങളുമെല്ലാം ഈയൊരു സൂത്രവാക്യം കൊണ്ടല്ലാതെ അറ്റുപോവില്ലെന്ന് ഗുരു ഈ മുഖവാക്യത്തിലൂടെ ഏതു കാലത്തെയും ഓർമ്മിപ്പിക്കുകയാണ്. അങ്ങനെ നിർവിവാദശുദ്ധമായ ഒരു മനസോടെ കേൾക്കാനും വിചാരം ചെയ്യാനും ഉൾക്കൊള്ളാനുമുള്ളതാണ് യഥാർത്ഥ മതസാരങ്ങൾ. അത് കേൾക്കണമെന്ന ആഗ്രഹത്തോടെ കേൾക്കേണ്ടതാണ്. ഈവിധം ശ്രോതാവിനെ ആദ്യം തന്നെ ശുദ്ധമാനസനാക്കി കേൾക്കേണ്ടതിലേക്ക് ശ്രദ്ധചെലുത്തിക്കുന്ന നവീനമായൊരു മനഃശാസ്ത്രസമീപനം ഗുരുവിനുണ്ടായിരുന്നു. അതിന്റെ ഫലമാണ് മതങ്ങൾ മറ്റുള്ളിടത്ത് കലഹഹേതുവാകുമ്പോൾ ഇങ്ങ് കേരളത്തിൽ മതങ്ങൾ സൗഹാർദ്ദത്തിന്റെ സുഗന്ധം പരത്തുന്നതായി നിലകൊള്ളുന്നത്. ആലുവയിൽ തെളിഞ്ഞുവന്ന ആ സൗഹാർദ്ദദീപം കെടാതെ സൂക്ഷിക്കാൻ മാത്രമല്ല അതിൽനിന്ന് നൂറായിരം സൗഹാർദ്ദദീപങ്ങൾ തെളിക്കാനും പകരാനും പങ്കിടാനും നമുക്കാകണം. അതാണ് സർവമത സമ്മേളനത്തിന്റെ ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.

ഒരു നൂറ്റാണ്ട് മുമ്പ് ആലുവയിലെ സർവമതസമ്മേളനത്തിൽ ഉയർന്നുകേട്ട മതസാരങ്ങൾ ഇന്നും എന്നും നമ്മുടെ ബോധത്തിലുണ്ടായിരിക്കേണ്ടതാണ്. കാരണം അതുണ്ടായില്ലെങ്കിൽ മതങ്ങൾ മനുഷ്യനെ നന്നാക്കുന്നതിനേക്കാൾ വേഗത്തിൽ മനുഷ്യരെ ദുഷിപ്പിക്കുന്നതായി തീരും. അങ്ങനെയുള്ളൊരു സാദ്ധ്യതകൂടി മുന്നിൽക്കണ്ടാവണം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഗുരുദേവൻ അരുളിയിട്ടുള്ളത്.

ഒരുജാതി ഒരു മതം ഒരു ദൈവം മനഷ്യന് എന്ന ഗുരുദേവസന്ദേശത്തിലൂടെയല്ലാതെ ജാതിമതഭേദം നിമിത്തമായ അസ്വസ്ഥതയുടെ ശമനം ലോകത്തിൽ സംഭവിക്കുകയില്ലെന്ന് ഈ സ്വാഗതപ്രസംഗത്തിൽ ഊന്നിപ്പറയുന്നുണ്ട്. ആത്മജ്ഞാനവർദ്ധനയ്ക്ക് അദ്ധ്വാനിക്കേണ്ട മതോപദേഷ്ടാക്കന്മാർ അവരുടെ ബുദ്ധിയെയും ശക്തിയെയും ധനത്തെയും സമുദായ സാമ്രാജ്യം വിപുലമാക്കാനുള്ള അദ്ധ്വാനത്തിൽ വിനിയോഗിച്ചതിന്റെ അനിഷ്ടഫലമാണ് ഇന്ന് നാം കാണുന്നതെന്ന സർവമതസമ്മേളന നിരീക്ഷണം ഒരു നൂറ്റാണ്ടിനിപ്പുറവും പ്രസക്തമായിത്തന്നെ നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ സർവമത സമ്മേളനത്തിന്റെ ഒരു കൊല്ലം നീണ്ടുനില്‌ക്കുന്ന ശതാബ്ദിയാഘോഷങ്ങൾ ശാന്തിയും സമാധാനവും ശ്രേയസും ആഗ്രഹിക്കുന്നവരുടെയെല്ലാം ആഘോഷമായിത്തീരേണ്ടതാണ്.

എല്ലാ മതങ്ങളും എല്ലാവരും സമബുദ്ധിയോടുകൂടി പഠിക്കണമെന്നു പറയാനും നാം സ്ഥാപിക്കാൻ വിചാരിക്കുന്ന മഹാപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടാവണമെന്ന് വിഭാവനം ചെയ്യാനും സൂക്ഷ്മമറിഞ്ഞവൻ മതത്തിന് പ്രമാണമാണെന്ന് വെളിപ്പെടുത്താനും ലോകഗുരുക്കൻമാരിൽ ഒരൊറ്റ ഗുരുവേ ഉണ്ടായിട്ടുള്ളൂ. അത് ശ്രീനാരായണ ഗുരുദേവനാണ്. ഗുരുദേവൻ സ്വതന്ത്രമാക്കിയ മാനവികതയും എല്ലാ മതങ്ങളും ഒരു മതമായി രൂപാന്തരപ്പെടുന്ന ഗുരുദേവന്റെ മതമീമാംസയും അറിഞ്ഞും അറിയിച്ചും നമുക്കൊന്നായി ഈ സർവമതസമ്മേളനശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മാറാം. അതിന് ഗുരുദേവാനുഗ്രഹം ഏവർക്കും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ബോക്‌സ്

ചിക്കാഗോ സമ്മേളനവും

ആലുവ സമ്മേളനവും
1893 ൽ ലോകത്ത് ആദ്യമായി ചിക്കാഗോയിൽ നടന്ന സർവമത സമ്മേളനം പലപല മതാചാര്യൻമാരുടെ തത്വഭാഷണത്തിനാണ് മുഖ്യത കല്‌പിച്ചിരുന്നതെങ്കിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ആലുവയിൽ ഗുരുദേവൻ നടത്തിയ ലോകത്തെ രണ്ടാമത്തെ സർവമതസമ്മേളനം മതങ്ങൾ പ്രതിനിധാനം ചെയ്യുന്ന മൂലതത്വങ്ങളിലെ ഏകതയെ വിളംബരം ചെയ്യുന്നതിനാണ് മുഖ്യത കല്‌പിച്ചത്. അതിലൂടെ ജാതിമത ദൈവവിരോധങ്ങളില്ലാത്ത, സർവരും സോദരത്വേന വാഴുന്ന, ഒരു മാതൃകാലോകത്തെ ഗുരു വിഭാവനം ചെയ്യുകയായിരുന്നു.

അദ്വൈതാശ്രമത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി കൈരളിയുടെ പനിനീരായൊഴുകുന്ന പെരിയാറിന്റെ മനോഹരതീരത്തായിരുന്നു സർവമത സമ്മേളനത്തിന്റെ പ്രധാനവേദി തയ്യാറാക്കിയിരുന്നത്. ജാതിമതഭേദമന്യേ നിറഞ്ഞുകവിഞ്ഞ ജനാവലിയെ സാക്ഷി നിറുത്തി സർവമത പ്രാർത്ഥനയോടെ ആരംഭിച്ച സർവമതസമ്മേളനം ഗുരുദേവൻ ഉദ്ഘാടനം ചെയ്തപ്പോൾ അത് ലോകത്തിന് അതുവരെ പരിചിതമല്ലാതിരുന്ന പുതിയൊരു മതമീമാംസയുടെ പ്രകാശനമായി പരിലസിക്കുകയായിരുന്നു. തിരുവിതാംകൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസും മഹാപണ്ഡിതനുമായിരുന്ന സർ ടി. സദാശിവഅയ്യരായിരുന്നു സർവമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ.

മിതവാദി പത്രാധിപർ സി. കൃഷ്ണൻ, പണ്ഡിറ്റ് ഋഷിറാം, കെ.കെ. കുരുവിള, സ്വാമി ശിവപ്രസാദ്, മുഹമ്മദ് മൗലവി, മഞ്ചേരി രാമകൃഷ്ണയ്യർ, മഞ്ചേരി രാമയ്യർ തുടങ്ങിയവർ വിവിധ മതതത്വങ്ങളെപ്പറ്റി സാരഗർഭമായ പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. ഗുരുദേവന്റെ ഉപദേശ നിർദ്ദേശങ്ങൾക്കനുസൃതമായി സി.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ എഴുതി തയ്യാറാക്കിയിരുന്ന സ്വാഗതപ്രസംഗം സമ്മേളനത്തിൽ അന്ന് വായിച്ചത് അദ്വൈതാശ്രമത്തിന്റെ കാര്യദർശി കൂടിയായിരുന്ന ഗുരുവിന്റെ സംന്യസ്തശിഷ്യൻ സത്യവ്രതസ്വാമികളായിരുന്നു.

TAGS: ALUVA SARVAMATHA SAMMELANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.