ലണ്ടൻ : യു.കെ കാബിനറ്റ് ഓഫീസിലെ ' ചീഫ് മൗസർ " തസ്തികയിൽ 12 വർഷം പൂർത്തിയാക്കി ലാറി പൂച്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലണ്ടനിലെ 10 ഡൗണിംഗ് സ്ട്രീറ്റിലെ ' ഔദ്യോഗിക എലിപിടുത്തക്കാരൻ " ആണ് ലാറി പൂച്ച. അനാഥ പൂച്ചകളെയാണ് ബ്രിട്ടണിലെ ' ചീഫ് മൗസർ " തസ്തികയിൽ നിയമിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പോലെ ആരാധകർ ഏറെയാണ് ലാറിക്കും. ലാറിയുടെ പേരിലുള്ള ഈ പേജുകളിൽ ലാറിയുടെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 12 വർഷത്തിനിടെ ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ ജീവിതത്തെ കുറിച്ച് ലാറിയുടെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഡേവിഡ് കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ് എന്നിങ്ങനെ നാല് പ്രധാനമന്ത്രിമാരെ ഔദ്യോഗിക കാലയളവിൽ താൻ കണ്ടെന്ന് ലാറി പറയുന്നു. ഇപ്പോഴിതാ അഞ്ചാമത്തെയാളായ ഋഷി സുനക് ഓഫീസിലുണ്ട്. കൂടാതെ, പല പ്രമുഖ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരേക്കാളും കൂടുതൽ കാലം പദവിയിൽ തുടരാൻ ലാറിക്കായി.
മാർഗ്രറ്റ് താച്ചർ, ടോണി ബ്ലെയർ, വിൻസ്റ്റൺ ചർച്ചിൽ, ബെഞ്ചമിൻ ഡിസ്രയേലി എന്നീ പ്രധാനമന്ത്രിമാരേക്കാൾ കൂടുതൽ കാലം താൻ ഡൗണിംഗ് സ്ട്രീറ്റിൽ ചുമതല വഹിക്കുന്നതായി ലാറി പൂച്ച പറയുന്നു. നിരവധി പേരാണ് ലാറി പൂച്ചയ്ക്ക് ആശംസകളുമായെത്തിയത്.
ബ്രിട്ടണിലെ സമകാലിക രാഷ്ട്രീയ അന്തരീക്ഷം സംബന്ധിച്ച തമാശരൂപേണയുള്ള രസകരമായ പോസ്റ്റുകൾ ലാറി പൂച്ചയുടെ പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എപ്പോഴും കാണാം. വെള്ളയും ചാരനിറവും ഇടകലർന്ന ലാറി പൂച്ച 2011 ഫെബ്രുവരി 15ന് ഡേവിഡ് കാമറൺ പ്രധാനമന്ത്രിയായിരിക്കെയാണ് ഔദ്യോഗിക എലിപിടുത്തക്കാരനായി ചുമതലയേറ്റത്.
തെരുവുപൂച്ചകളെ സംരക്ഷിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നാണ് ലാറിയെ ഡൗണിംഗ് സ്ട്രീറ്റിൽ എത്തിച്ചത്. എലിപിടുത്തത്തിലെ ജെയിംസ് ബോണ്ടായാണ് ലാറിയെ വിശേഷിപ്പിക്കുന്നത്. തന്റെ അനുവാദമില്ലാതെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആരെയും ലാറി അങ്ങനെ പ്രവേശിപ്പിക്കുകയുമില്ല. കൃത്യനിർവഹണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ലാറി ഇടയ്ക്ക് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കുറുക്കനെ വരെ തുരത്തി ഓടിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |