SignIn
Kerala Kaumudi Online
Saturday, 27 April 2024 7.30 AM IST

വഴിപിഴയ്ക്കുന്ന നിയമനിർവഹണം; മധുവിന് പിന്നാലെ വിശ്വനാഥനും..?

opinion

ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി മധുവെന്ന യുവാവിനെ പതിനാറംഗം സംഘം കെട്ടിയിട്ട് തല്ലിക്കൊന്ന സംഭവം അരങ്ങേറിയത് 2018 ഫെബ്രുവരി 22നാണ്. കേരളത്തിന്റെ മനസിൽ നിന്ന് ഇന്നും നടുക്കം വിട്ടുമാറാത്ത ആൾക്കൂട്ടക്കൊല. മലയാളിയുടെ സാംസ്‌കാരിക ബോധത്തിനും പൊള്ളയായ കെട്ടുകാഴ്ചകൾക്കും മേൽ ഏറ്റ പ്രഹരമായിരുന്നു ആ സംഭവം. ലോകമാദ്ധ്യമങ്ങൾ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും മലയാളിയുടെ പ്രബുദ്ധതയ്ക്ക് മേൽ ആണിയടിക്കുകയും ചെയ്തിട്ട് അഞ്ചുവർഷം.

വീണ്ടുമൊരു ഫെബ്രുവരിയിൽ കോഴിക്കോട് നിന്നും കേരളം കേട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു ആദിവാസി യുവാവിന്റെ കുടുംബത്തിന്റെ ദീനരോദനം. ഭാര്യയെ പ്രസവത്തിന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വിശ്വനാഥൻ എന്ന ആദിവാസി യുവാവാണ് ഇത്തവണത്തെ ഇര. അതും മോഷണക്കുറ്റം ആരോപിച്ചുള്ള ആൾക്കൂട്ട വിചാരണ. മാനഹാനിയെത്തുടർന്ന് മെഡിക്കൽ കോളജിന് സമീപത്തെ മരത്തിൽ തൂങ്ങിമരിക്കേണ്ടിവന്നു ആ സാധുമനുഷ്യന്. കൊന്ന് കെട്ടിതൂക്കിയതാണെന്ന് ബന്ധുക്കൾ പറയുന്നു. എട്ടുവർഷത്തോളം കാത്തിരുന്ന് കിട്ടിയ കൺമണിയെ ഒരു നോക്കുകാണാൻ പോലും കഴിയാതെ ആ യുവാവ് മരണത്തിലേക്ക് പോയതിന് ആരാണ് ഉത്തരവാദികൾ.

സദാചാര പൊലീസിനെതിരെ നിരന്തരം പ്രചാരണം നടത്തുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഇടത് സർക്കാർ ഭരിക്കുന്ന കേരളത്തിൽ ആദിവാസികളെ ആരാണ് വഴിയിൽ തൂങ്ങിയാടേണ്ട അവസ്ഥയിലേക്ക് തള്ളിവിടുന്നത്...?

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പിനെത്തിയ കൽപ്പറ്റ വെള്ളാരം കുന്ന് സ്വദേശി വിശ്വനാഥനെ(46)യാണ് മെഡി.കോളേജിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഏഴിനാണ് ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത്. ഒൻപതിന് ഭാര്യ ബിന്ദു പ്രസവിക്കുകയും ചെയ്തു. 10 ന് പുലർച്ചെ രണ്ടോടെയാണ് ആശുപത്രി മുറ്റത്ത് ഉറങ്ങുകയായിരുന്ന വിശ്വനാഥനെ കാണാതായത്. ബന്ധുക്കൾ നൽകിയ പാരാതിയെത്തുടർന്ന് പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെയാണ് വിശ്വനാഥനെ ആശുപത്രിയ്ക്ക് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിസ്സഹായരായ ആ കുടുംബത്തിന്റെ നിലവിളി അധികാരികളുടെ ബധിരകർണങ്ങളിൽ തട്ടി തെറിച്ചുപോവുകയാണ്.

മെഡിക്കൽകോളജ് അസി.കമ്മിഷണർ കെ.സുദർശന്റെ ആദ്യ പ്രതികരണം ഇങ്ങനെ, 'അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല, ഭാര്യയുടെ പ്രസവത്തിനെത്തിയ ആദിവാസിയുവാവ് മരത്തിൽ കെട്ടിത്തൂങ്ങിമരിച്ചതാണ്, കേവലം ആത്മഹത്യ... ശാരീരികമായി ഒരു തരത്തിലുമുള്ള ക്ഷതവുമേറ്റതായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് ഫോറൻസിക് വിഭാഗം പൊലീസിന് കൈമാറിയ റിപ്പോർട്ട്. ശരീരത്തിലേറ്റ ആറോളം മുറിവുകൾ മരത്തിൽ കയറുമ്പോൾ സംഭവിച്ചതാണ്. വിശ്വനാഥന് നേരെ ആൾക്കൂട്ട മർദ്ദനമുണ്ടായെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ശരീരത്തിലില്ലെന്നും സുദർശൻ വ്യക്തമാക്കി.
അസി.കമ്മീഷണറുടെ നിഗമനം ഇങ്ങനെയെങ്കിലും അതിനെ പൂർണമായും ശരിവയ്‌ക്കാൻ സിറ്റിപൊലീസ് കമ്മിഷണർ തയ്യാറായില്ല. ശാസ്ത്രീയ അന്വേഷണം അനിവാര്യമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് പറയേണ്ടിവന്നു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ആൾക്കൂട്ട മർദ്ദനം ഏറ്റിട്ടുണ്ടെന്നതടക്കം വിവിധ സംഘടനകളുടേതുൾപ്പെടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം നടന്നോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണർ. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് മെഡിക്കൽ സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്. വിശ്വനാഥൻ മരിച്ചദിവസം ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. നാട്ടുകാർ തമ്മിൽ വാക്കുതർക്കം ഉണ്ടായിട്ടോ എന്നും പരിശോധിക്കുമെന്ന് കമ്മിഷണർ അഭിപ്രായപ്പെടുകയുണ്ടായി. അത്രയും നല്ലത്.

നിർണായകമായത്

എസ്.സി.എസ്.ടി

കമ്മിഷന്റെ ഇടപെടൽ

ഒരു സത്യവും ഒരുപാടുകാലം മൂടിവയ്‌ക്കാൻകഴിയില്ല എന്നതിനുള്ള ദൃഷ്ടാന്തമായിരുന്നു കേസിൽ പട്ടികജാതി-പട്ടികവർഗ കമ്മിഷന്റെ ഇടപെടൽ. വിശ്വനാഥന്റെ മരണം വിവാദമായ സാഹചര്യത്തിൽ ചെയർമാൻ ബി.എസ്. മാവോജി അന്വേഷണോദ്യോഗസ്ഥനായ അസി.കമ്മിഷണറെ നേരിട്ട് വിളിച്ചുവരുത്തി. പ്രസക്തമായിരുന്നു ചെയർമാന്റെ ചോദ്യങ്ങൾ.
സാധാരണ കേസായാണോ ഇതിനെ കണ്ടതെന്ന് ചെയർമാൻ പൊലീസിനോട് ചോദിച്ചു. വെറുതെ ഒരാൾപോയി തൂങ്ങി മരിച്ചു എന്നാണോ പറയുന്നത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇൻക്വസ്റ്റ് നടത്താതിരുന്നതും പട്ടികവർഗ പ്രമോട്ടറുടെ മൊഴിയെടുക്കാത്തതിനും കാരണം എന്താണ് ? കറുത്ത നിറമുള്ളവരെ കാണുമ്പോഴുള്ള മനോഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകൾ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാൻ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം ജീവനൊടുക്കിയതെന്നും കമ്മിഷൻ നിരീക്ഷിച്ചു. പട്ടികവർഗ പ്രമോട്ടറുടെ മൊഴിയെടുക്കണമെന്നും നിർദ്ദേശിച്ചു. ദേശീയ പട്ടികവർഗ കമ്മിഷനും സംഭവത്തിൽ കേസെടുത്തു. അവർ ഡി.ജി.പി, ജില്ലാകളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവരിൽ നിന്ന് റിപ്പോർട്ട് തേടി. അതോടെ പൊലീസിന് കാര്യങ്ങൾ കൈവിട്ടു.

കൊന്ന്

കെട്ടിത്തൂക്കിയെന്ന്

കേവലം ആത്മഹത്യയായി പൊലീസ് എഴുതിത്തള്ളാൻ ശ്രമിച്ചകേസിൽ വിട്ടുകൊടുക്കാൻ തയ്യാറാകാതെ ബന്ധുക്കളും കോഴിക്കോട്ടേയും വയനാട്ടിലേയും രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും രംഗത്തെത്തിയതോടെ കളംമാറുകയാണ്. അന്വേഷണസംഘം വയനാട്ടിലെ വീട്ടിലെത്തി ബന്ധുക്കളിൽ നിന്നും മൊഴിരേഖപ്പെടുത്തി. ആത്മഹത്യയല്ലെന്നും ആൾക്കൂട്ട ആക്രമണമാണ് നടന്നതെന്നും വിശ്വനാഥനെ ചിലർ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കൾ പൊലീസിനും പട്ടികജാതി-പട്ടികവർഗ കമ്മിഷനും മുന്നിൽ ആവർത്തിച്ചു. വർഷങ്ങളോളം നടത്തിയ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണ് വിശ്വനാഥന്റെ ഭാര്യ ബിന്ദു ഗർഭിണിയായത്. അതിന്റെ സന്തോഷത്തിലായിരുന്നു കുടുംബവും വിശ്വനാഥനും. യാതൊരു ശാരീരിക പ്രശ്‌നമോ മാനസിക വൈകല്യമോ വിശ്വനാഥനില്ല. കോഴിക്കോട് മെഡിക്കൽകോളജിൽ അഡ്മിറ്റായപ്പോൾ കൂട്ടിരിപ്പുകാരിൽ ആരുടേയോ മൊബൈൽ ഫോൺ നഷ്ടമായി. അത് വിശ്വനാഥനാണ് മോഷ്ടിച്ചതെന്ന് ആരോപിച്ച് ഒരുകൂട്ടമാളുകൾ അയാളെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയുമുണ്ടായി. നാൽപതോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും അത്തരമൊരു ആൾക്കൂട്ട മർദ്ദനത്തിന്റെ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നായിരുന്നു തുടക്കത്തിൽ അന്വേഷണസംഘത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ സംഭവം വിവാദമാവുകയും പ്രതിഷേധങ്ങളുയരുകയും പട്ടികജാതി-പട്ടികവർഗകമ്മിഷനടക്കം രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തപ്പോൾ ആൾക്കൂട്ട ആക്രമണത്തിന്റേയും ചോദ്യം ചെയ്യലിന്റേയുമെല്ലാം ദൃശ്യങ്ങൾ കിട്ടിത്തുടങ്ങിയെന്ന് പൊലീസിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരം റീ പോസ്റ്റുമോർട്ടം ആവാമെന്നും പൊലീസ് പറഞ്ഞു.
അങ്ങനെ സമ്മർദ്ദം കൊണ്ട് കിട്ടേണ്ടതാണോ കാടിന്റെ മക്കളെന്ന് നാട് വിളിക്കുന്നവർക്കുള്ള നീതി. എന്തുകൊണ്ടാണ് പരാതി പറയാനെത്തിയപ്പോൾ ബന്ധുക്കളെ പൊലീസ് പരിഹസിച്ച് വിട്ടത്. പരിഷ്‌കൃത വേഷം ധരിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണോ നീതി. മുറുക്കിചുവന്ന ചുണ്ടും മുഷിഞ്ഞ വസ്ത്രങ്ങളുമിട്ട് വരുന്നവരെ പടിക്ക് പുറത്തിരുത്താനും പരിഹസിക്കാനും ഏത് നിയമമാണ് നിങ്ങളെ പഠിപ്പിക്കുന്നത്. മധുവെന്ന ചെറുപ്പക്കാരനെ ഭക്ഷണം മോഷ്‌ടിച്ചെന്നാരോപിച്ച് തല്ലിക്കൊന്നവർ കുടുംബത്തിന് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തു. അതൊന്നും അവന്റെ ജീവന് പരിഹാരമല്ലെന്നു പറഞ്ഞ് മടക്കി അയച്ചു ആ കുടുംബം! ഇതൊക്കെ കണ്ടിട്ടും പഠിക്കാത്തവരാണ് നമ്മുടെ നിയമപാലകർ. പരിഷ്‌കൃത സമൂഹമെന്ന് നടിക്കുന്നവർക്കുള്ള എല്ലാ അവകാശങ്ങളും ആദിവാസിക്കും ഉണ്ടെന്ന് അറിയുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TRIBAL MAN DEATH SUSPECTED MURDER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.