കോഴിക്കോട്: 'അഴക്' നെ അഴുക്കാക്കി പാതയോരങ്ങളിൽ മാലിന്യങ്ങൾ നിറയുന്നു. കോഴിക്കോടിനെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അഴക് പദ്ധതി പാളിയതോടെ നഗരം മാലിന്യക്കൂമ്പാരത്താൽ വീർപ്പുമുട്ടുകയാണ്. ദിനംപ്രതി എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരിൽ പലരും അലക്ഷ്യമായി വലിച്ചെറിയുന്നതും പല സ്ഥലങ്ങളിൽ നിന്ന് ശേഖരിക്കുന്നതുമായ മാലിന്യങ്ങളാണ് നഗരത്തിന്റെ പലഭാഗങ്ങളിലായി കുമിഞ്ഞുകൂടുന്നത്. മാവൂർ റോഡ് ശ്മശാനത്തിന് സമീപം, വെെക്കം മുഹമ്മദ് ബഷീർ റോഡ്, പാളയം, ബീച്ച് ഇവിടങ്ങളിലെല്ലാം പ്ലാസ്റ്റിക് ഉൾപ്പടെ മാലിന്യങ്ങൾ കുന്നുകൂടിയിട്ടും കണ്ണടയ്ക്കുകയാണ് അധികൃതർ.
ദുർഗന്ധം കൊണ്ട് പരിസരത്തുകൂടി നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. വിവിധ ഇടങ്ങളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് വെെക്കം മുഹമ്മദ് ബഷീർ റോഡിൽ നിക്ഷേപിക്കുന്നത്. മാലിന്യം കുമിഞ്ഞ് കൂടി റോഡിലൂടെ നടക്കാൻ സാധിക്കാതായതോടെ കോർപ്പറേഷൻ ഇടപെട്ട് മാലിന്യം നീക്കിയെങ്കിലും വീണ്ടും ഇവിടെ മാലിന്യം കുന്നുകൂടുകയാണ്. മത്സ്യ-മാംസാവശിഷ്ടങ്ങളും ഹോട്ടൽ മാലിന്യങ്ങളും അഴുകി പരന്നതോടെ ഈ വഴിയിലൂടെ മൂക്കുപൊത്താതെ നടക്കാനാവില്ല. ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞതോടെ തെരുവുനായ്ക്കളും താവളമാക്കുന്നത് ഇവിടെയാണ്. ഇതുവഴി പോകുന്നവരുടെ നേരെ നായകൾ കുരച്ചു ചാടുന്നതിനാൽ കാൽനട മാത്രമല്ല വാഹനയാത്രപോലും സാദ്ധ്യമല്ലാതായിട്ടുണ്ട്. കൂടാതെ രാത്രിയിലും അതിരാവിലെയും റോഡിലാരുമില്ലാത്ത സമയം നോക്കി പലരും മാലിന്യങ്ങൾ കൊണ്ടിടുന്നതും പതിവാണ്.
വീട്ടിൽനിന്ന് കൊണ്ടുവരുന്നതും ഹോട്ടലുകളിൽനിന്ന് വാങ്ങുന്നതുമായ ഭക്ഷണം സൗകര്യപ്രദമായ സ്ഥലത്ത് വാഹനം ഒതുക്കി കഴിച്ചശേഷം വേസ്റ്റ് അവിടെത്തന്നെ തള്ളുന്നതും പതിവാണ്. ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് കൂടുതലായും മാലിന്യം വലിച്ചെറിയുന്നത്. പലയിടത്തും റോഡിനിരുവശവും ഡിസ്‌പോസിബിൾ പ്ലേറ്റ്, ഗ്ലാസ്, വെള്ളക്കുപ്പികൾ, ഭക്ഷണ ഉൽപ്പന്നങ്ങളുടെ കവറുകൾ തുടങ്ങിയവയുടെ കൂമ്പാരമാണ്. കുട്ടികൾക്ക് ഉപയോഗിക്കുന്ന ഡയപ്പറുകളും വലിച്ചെറിയുന്നവയിലുണ്ട്. ചിലയിടങ്ങളിൽ അസഹനീയമായ ദുർഗന്ധമാണ്.
കോഴിക്കോടിനെ മികച്ച ശുചിത്വ സംസ്കാരമുള്ള നഗരമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച കോർപ്പറേഷൻ അഴക് പദ്ധതിയും ഫലപ്രദമല്ല. അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമസേനയ്ക്ക് കൈമാറുന്നതിന് പലപ്പോഴും വീട്ടുകാരും സ്ഥാപന ഉടമകളും തയ്യാറാകാത്തതിനാൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരമായി ജനകീയ ഇടപെടലിലൂടെ പദ്ധതി യാഥാർത്ഥ്യമാക്കാനായിരുന്നു കോർപ്പറേഷന്റെ ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |