SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.10 PM IST

ഇ.എസ്.ഐ പരിരക്ഷ ആജീവനാന്തം

photo

ഇ.എസ്.ഐ അംഗത്വം ജോലിചെയ്യുന്ന കാലത്തു മാത്രമല്ല ജീവിതാവസാനം വരെ നിലനിറുത്താൻ കഴിയുന്ന വിധത്തിൽ നിയമത്തിൽ മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് കേന്ദ്ര തൊഴിൽവകുപ്പ്. നിശ്ചിത വരുമാനത്തിൽ പണിയെടുക്കുന്ന കോടിക്കണക്കിനു തൊഴിലാളികൾക്കും ജീവനക്കാർക്കും ആഹ്ളാദം പകരുന്ന ആലോചനയാണിത്. ഇ.എസ്.ഐ പരിരക്ഷ ലഭിക്കാനുള്ള ശമ്പളപരിധി 21000 രൂപയിൽ നിന്ന് 25000 രൂപയായി ഉയർത്താനും ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. 25000 രൂപയിലധികം ശമ്പളമുള്ളവർക്കും ആവശ്യമെങ്കിൽ നിശ്ചിതവിഹിതം അടച്ച് ഇ.എസ്.ഐ പരിരക്ഷ നേടാനാവുന്നവിധം ചട്ടങ്ങൾ പരിഷ്കരിക്കും. ഇക്കാര്യം പഠിക്കാൻ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇ.എസ്.ഐ വരിക്കാർക്ക് ഗുണകരമാകുന്ന മറ്റു തീരുമാനങ്ങളും ബോർഡ് യോഗം കൈക്കൊണ്ടു. എംപ്ളോയീസ് പ്രോവിഡന്റ് പദ്ധതി പോലെ ഏറ്റവുമധികം ജീവനക്കാരെ ഉൾക്കൊള്ളുന്ന സാമൂഹ്യസുരക്ഷാ സ്ഥാപനമാണ് എംപ്ളോയീസ് സ്റ്റേറ്റ് ഇൻഷ്വറൻസ്. ആനുകൂല്യങ്ങൾ സംബന്ധിച്ച് അംഗങ്ങൾക്ക് ഒട്ടേറെ പരാതികളുണ്ടെങ്കിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പം ആശ്രയിക്കാവുന്ന സ്ഥാപനമെന്നനിലയ്ക്ക് ഇ.എസ്.ഐ ലക്ഷക്കണക്കിനു അംഗങ്ങൾക്ക് ഉപകരിക്കുന്നുണ്ട്.

നിശ്ചിത ശമ്പളപരിധി കടന്നാൽ അംഗത്വം ഇല്ലാതാവുകയും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയും ചെയ്യുന്നതാണ് നിലവിലുള്ള ഇ.എസ്.ഐ ചട്ടം. ശമ്പളപരിധി കഴിഞ്ഞാലും ജീവനക്കാരന് ആഗ്രഹമുള്ളപക്ഷം വരിസംഖ്യ മുടങ്ങാതെ അടച്ച് അംഗത്വം നിലനിറുത്താൻ കഴിയുന്നത് പരക്കെ സ്വാഗതം ചെയ്യപ്പെടും. അന്തിമ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവുകയുള്ളൂ എങ്കിലും ധാരണയിലെത്തിക്കഴിഞ്ഞ സ്ഥിതിക്ക് കേവലം ഔപചാരിക തീരുമാനമേ വേണ്ടതുള്ളൂ. രാജ്യത്ത് 12 കോടി പേർക്കാണ് ഇ.എസ്.ഐ അംഗത്വമുള്ളത്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ സംഖ്യ ഉയരും. അംഗങ്ങൾക്ക് ആയുഷ്‌കാലം ആനുകൂല്യങ്ങൾ നൽകുംവിധം ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് തൊഴിലാളി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുകയായിരുന്നു.

അംഗത്വമുള്ളവരുടെ ആശ്രിതർക്കും സമാന ചികിത്സാ സഹായങ്ങൾ ലഭിക്കുമെന്നത് ഇ.എസ്.ഐ പദ്ധതിയുടെ ആകർഷണീയതകളിലൊന്നാണ്. ജീവനക്കാരുടെ ശമ്പളത്തിന്റെ നാലുശതമാനം വരുന്ന തുക ഓരോ മാസവും ഈടാക്കുന്നുണ്ട്. വിഹിതത്തിൽ ജീവനക്കാരന്റെ വിഹിതം മുക്കാൽ ശതമാനം മാത്രമാണ്. മൂന്നേകാൽ ശതമാനവും തൊഴിലുടമ നല്‌കുന്നതാണ്. അംഗങ്ങൾക്കും ആശ്രിതർക്കുമായി പ്രതിവർഷം പത്തുലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ ഇപ്പോൾ നല്‌കുന്നുണ്ട്. അതീവ ഗുരുതര രോഗങ്ങൾക്ക് ഇതിൽ കൂടുതൽ നല‌്‌കാനും വ്യവസ്ഥയുണ്ട്. അത് നല്‌കാനുള്ള അധികാരം കോർപ്പറേഷൻ ഡയറക്ടർ ജനറലിനും തൊഴിൽമന്ത്രിക്കുമാണ്. പരമാവധി അൻപതുലക്ഷം രൂപവരെ ഈയിനത്തിൽ ലഭിക്കാൻ ഇ.എസ്.ഐ അംഗത്തിന് അവകാശമുണ്ടായിരിക്കും. ഏതെങ്കിലും കാരണത്താൽ തൊഴിൽ നഷ്ടപ്പെടുന്ന അംഗത്തിന് മൂന്നുമാസത്തെ ശമ്പളം നല്‌കാൻ നിലവിൽ വകുപ്പുണ്ട്. കൊവിഡ് കാലത്ത് പതിനായിരങ്ങൾക്ക് ഇത് പ്രയോജനപ്പെട്ടിരുന്നു. തൊഴിലാളി യൂണിയനുകളുടെ അഭ്യർത്ഥന മാനിച്ച് ഈ പദ്ധതി രണ്ടുവർഷത്തേക്കുകൂടി ദീർഘിപ്പിച്ചിരിക്കുകയാണ്. ഡിസ്‌പൻസറികളിലും ആശുപത്രികളിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതിനൊപ്പം പുതുതായി ഏതാനും ആശുപത്രികൾ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ പെരുമ്പാവൂരിൽ നൂറു കിടക്കകളോടുകൂടിയ ആശുപത്രിയാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ലഭ്യമാക്കേണ്ടിവരും. യു.പിയിൽ 350 കിടക്കകളോടുകൂടിയ വലിയ ആശുപത്രിയാണ് ഉദ്ദേശിക്കുന്നത്.

ചണ്ഡിഗഡിൽ നടന്ന ഇ.എസ്.ഐ ബോർഡ് യോഗത്തിൽ ഇത്തവണയും കേരള പ്രതിനിധികളാരും പങ്കെടുത്തില്ലെന്നാണ് അറിയുന്നത്. ഇപ്പോൾ മാത്രമല്ല നാലഞ്ചുവർഷമായി ഇതാണത്രെ സ്ഥിതി. തൊഴിലാളികളുടെ ആവശ്യങ്ങൾക്കുവേണ്ടി ഏറെ ശബ്ദമുയർത്താറുള്ള ഇടതുപക്ഷക്കാർ ഭരണത്തിലിരുന്നിട്ടും ഇതുപോലുള്ള യോഗത്തിലേക്ക് പ്രതിനിധികളെ അയയ്ക്കാതിരിക്കുന്നത് നല്ല സമീപനമല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ESI
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.