പാലക്കാട്: വേനൽ കനത്തോടെ തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് മലയോര മേഖലകളിൽ ഭീതി വർദ്ധിപ്പിക്കുന്നു.
വേനൽച്ചൂടിൽ ദാഹജലം തേടിയെത്തുന്ന കാട്ടാന, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളെയും കൊന്നൊടുക്കുന്നു. ഇതിന് പുറമെ മനുഷ്യജീവനും ഇവ ഭീഷണിയാകുമെന്ന ആശങ്കയിലാണ് ജില്ലയിലെ മലയോര മേഖലകൾ. ഏതാനും ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം മാത്രല്ല പുലി, കടുവ എന്നിവയുടെ സാന്നിദ്ധ്യവും കണ്ടെത്തുന്നുണ്ട്. ധോണിയിൽ രണ്ട് ആടുകളെയാണ് പുലി കൊന്നത്. മുതലമടയിൽ വളർത്തുനായയെയും പുലി കടിച്ചു കൊന്നു. പറമ്പിക്കുളത്ത് കൂട്ടമായി കാട്ടാനകളിറങ്ങിയത് വിനോദ സഞ്ചാരികളടക്കം ഭീതിയിലാക്കി. ഇതിന് പുറമെ കത്തുന്ന ചൂടിൽ കാട്ടുതീ പടരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഫയർ കൺട്രോൾ റൂം
കാട്ടുതീ തടയുന്നതിന് ഫയർ ബ്ലോക്കുകളായി വനമേഖലകളെ തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിനും ഉദ്യോഗസ്ഥന് പ്രത്യേകം ചുമതല നൽകി. ജില്ലയിൽ വനംവകുപ്പ് ഫയർ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
പാലക്കാട്, മണ്ണാർക്കാട്, നെന്മാറ ഡിവിഷനുകളിലാണ് ജലലഭ്യതയിൽ കുറവ് നേരിടുന്നത്. കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ആധുനിക ഫയർ റെസ്പോണ്ടർ വാഹനങ്ങളും ലഭ്യമാക്കി.
വേലികൾ സ്ഥാപിച്ചു
മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജനവാസ മേഖലയിൽ കൂടുതൽ മൃഗങ്ങളെത്തുക. ഇവ നാട്ടിലേക്കിറങ്ങുന്നത് തടയാൻ വൈദ്യുതി വേലികൾ, തൂക്കുവേലികൾ എന്നിവയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി. കഞ്ചിക്കോട്, വാളയാർ മേഖലയിൽ ആനയിറങ്ങുന്നതിന് തടയിടാൻ തയ്യാറാക്കിയ സോളാർ തൂക്കുവേലി ഉപകാര പ്രദമാണ്.
വന്യമൃഗങ്ങൾക്ക് ജലലഭ്യത ഉറപ്പ് വരുത്താൻ ജൈവ തടയണ നിർമ്മിച്ചതിന് പുറമെ താത്കാലിക കുളങ്ങളും വനാതിർത്തിയിൽ നിർമ്മിച്ചതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |