SignIn
Kerala Kaumudi Online
Saturday, 20 April 2024 8.24 AM IST

മുഖ്യമന്ത്രിയുടെ ദുരിത നിധിയും വിഴുങ്ങി. ​ ഉദ്യോഗസ്ഥരുടെ തണലിൽ ഏജന്റ് ലോബി,​ ഒരു ഡോക്ടർ നൽകിയത് 1500 സർട്ടിഫിക്കറ്റ്

medi

 വിജി. റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

 മരിച്ചവരുടെ പേരിലും ദുരിതാശ്വാസം വിഴുങ്ങി

തിരുവനന്തപുരം: രോഗികൾക്കും അശരണർക്കും താങ്ങാവേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏജന്റുമാരും ഉദ്യോഗസ്ഥരും ചേർന്ന് വ്യാ‌ജന്മാർക്കനുവദിച്ച് വിഹിതം കൊള്ളയടിക്കുന്നു. മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി ഡോക്ടർമാരും തട്ടിപ്പിൽ ഒത്താശചെയ്യുന്നു. ഇതിനായി പുനലൂരിൽ ഒരു ഡോക്ടർ നൽകിയത് 1500 മെഡിക്കൽ സർട്ടിഫിക്കറ്റുകൾ.

ഓപ്പറേഷൻ സി.എം.ഡി.ആർ.എഫ് എന്നു പേരിട്ട് വിജിലൻൻസ് തുടങ്ങിയ മിന്നൽ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ. റെയ്ഡ് രണ്ടു നാൾ കൂടി തുടരും. തട്ടിപ്പിന്റെ വ്യാപ്തി അതിനു ശേഷമേ വ്യക്തമാകൂ.

കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരിൽ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളിൽ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതിൽ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏ‌ന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.

എല്ലാ ജില്ലകളിലും വമ്പൻ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലൻസ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു. ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകുന്ന സർട്ടിഫിക്കറ്റുകൾ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല.

കുടുംബവാർഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ. എന്നാൽ എറണാകുളത്ത് സമ്പന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നൽകി. കാസർകോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളിൽ രണ്ടു ഡോക്ടർമാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാർ, റേഷൻകാർഡ് പകർപ്പ് നൽകാത്തവർക്കും അപേക്ഷയിൽ ഒപ്പില്ലാത്തവർക്കും പണംകിട്ടി.

പല രോഗം കാണിച്ച്

പലതവണ പണം

 മുണ്ടക്കയം സ്വദേശിക്ക് ഹൃദ്രോഗത്തിന് 2017ൽ കോട്ടയം കളക്ടറേറ്റ് 5000, 2019ൽ ഇടുക്കി കളക്ടറേറ്റ് 10,000രൂപ നൽകി

 ഇതേവ്യക്തിക്ക് കാൻസർ ചികിത്സാസഹായമായി കോട്ടയം കളക്ടറേറ്റ് 10,000 രൂപ 2020ൽ നൽകി

 ഇയാൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ

 കരുനാഗപ്പള്ളിയിൽ ഒരു വീട്ടിലെ എല്ലാവർക്കും രണ്ട് ഘട്ടമായി ഒരു ഡോക്ടർ 4 സർട്ടിഫിക്കറ്റ് നൽകി

 പാലക്കാട്ട് ഹൃദ്രോഗത്തിന് അഞ്ച് സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടറാണ്

 അഞ്ചുതെങ്ങിൽ കരൾരോഗിക്ക് ഹൃദ്രോഗ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പണം നൽകി

ഏജന്റുമാരുടെ വിളയാട്ടം

അപേക്ഷയിലെ ഫോൺനമ്പർ പലേടത്തും ഏജന്റിന്റേത്

തിരുവനന്തപുരത്ത് 16 അപേക്ഷകളിൽ ഒരു ഏജന്റിന്റെ ഫോൺനമ്പർ

ഇടുക്കിയിൽ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പേരും രോഗവും പലവട്ടം തിരുത്തി

രോഗികളറിയാതെ അവരുടെ പേരിൽ അപേക്ഷകൾ നൽകുന്നു

സഹായം ആർക്കൊക്കെ

പ്രകൃതിദുരന്തം നേരിട്ടവർ, അപകടങ്ങളിൽ ഉറ്റവരെ നഷ്ടമായവർ, ഗുരുതരരോഗികൾ, തൊഴിൽനഷ്ടം നേരിടുന്നവർ

പരാതിപ്പെടാം

1064, 8592900900

9447789100 (വാട്സ്ആപ്)

''ധനസഹായം നൽകാൻ കൃത്യമായ സംവിധാനമുണ്ടാക്കണമെന്ന് സർക്കാരിന് ശുപാർശ നൽകും

-മനോജ് എബ്രഹാം

വിജിലൻസ് മേധാവി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.