ന്യൂഡൽഹി:രണ്ടാമത് ജി 20 ഫിനാൻസ് ആന്റ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം ഇന്നലെ ബംഗളൂരുവിൽ ആരംഭിച്ചു. ഇന്ത്യയുടെ ജി 20 അധ്യക്ഷതയ്ക്ക് കീഴിൽ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ആദ്യ ജി 20 യോഗം 2023 നാളെ മുതൽ 25 വരെ ബംഗളൂരുവിൽ നടക്കും. ഇതിന് മുന്നോടിയായാണ് രണ്ടാമത്തെ ജി 20 ഫിനാൻസ് ആന്റ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് യോഗം നടന്നത്. സാമ്പത്തിക ട്രാക്ക് ജി 20 പ്രക്രിയയുടെ കാതൽ ആണെന്നും ആഗോള സാമ്പത്തിക വ്യവഹാരത്തിനും നയ ഏകോപനത്തിനും ഇത് ഫലപ്രദമായ വേദിയാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. കേന്ദ്രീകൃതമായ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും നിരവധി ആഗോള വെല്ലുവിളികൾക്ക് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ജി 20 ന് കാര്യമായ സംഭാവന നൽകാൻ കഴിയുമെന്നും ഠാക്കൂർ പറഞ്ഞു. ഈ ലക്ഷ്യം നിറവേറ്റുന്നതിനായി 2023-ലെ ജി 20 സാമ്പത്തിക ട്രാക്ക് ചർച്ചകളിൽ 21-ാം നൂറ്റാണ്ടിലെ ആഗോള വെല്ലുവിളികളെ നേരിടാൻ ബഹുമുഖ വികസന ബാങ്കുകളെ ശക്തിപ്പെടുത്തൽ, 'നാളത്തെ നഗരങ്ങൾക്ക്' ധനസഹായം നൽകൽ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യത്തിലൂടെ സാമ്പത്തിക ഉൾപ്പെടുത്തലും ഉൽപ്പാദനക്ഷമത വർധിപ്പിക്കൽ, അന്താരാഷ്ട്ര നികുതി അജണ്ടയുടെ മുന്നേറ്റം എന്നിവ ഉൾപ്പെടുത്തുമെന്നും ഠാക്കൂർ വ്യക്തമാക്കി. ക്രിയാത്മകവും ഉൽപ്പാദനപരവുമായ ഈ ചർച്ചകളിലൂടെ നമുക്ക് കൂട്ടായി മികച്ച ഫലങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി യോഗത്തിൽ അംഗീകരിക്കുന്ന ഔദ്യോഗിക നയം നാളെ മുതൽ നടക്കുന്ന ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും ജി20 യോഗത്തിൽ അന്തിമ തീരുമാനത്തിനായി സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |