തിരുവനന്തപുരം: അശ്ളീല വെബ് സീരിസിൽ കബളിപ്പിച്ച് അഭിനയിപ്പിച്ചതായുള്ള പരാതിയിൽ സംവിധായികയെ അറസ്റ്റ് ചെയ്തു. നായകനാക്കാമെന്ന വാഗ്ദാനം നൽകി അശ്ളീല വെബ് സീരീസിൽ അഭിനയിപ്പിച്ചതായും ഒടിടി വഴി സംപ്രേഷണം ചെയ്തതായും കാണിച്ച് തിരുവനന്തപുരം സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ അരുവിക്കര പൊലീസാണ് സംവിധായിക ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിയെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു.
വെബ് സീരീസിൽ നായകനാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷ്മി ദീപ്ത ചില രംഗങ്ങൾ ചിത്രീകരിച്ചതായും പിന്നീട് കരാറിൽ കുടുക്കി നിർബന്ധിച്ച് അശ്ളീല രംഗങ്ങളിൽ അഭിനയിപ്പിച്ചതുമായാണ് വെങ്ങാനൂർ സ്വദേശിയായ യുവാവിന്റെ പരാതി. കഴിഞ്ഞ വർഷം ജൂൺ 5,7 തീയതികളിലാണ് പരാതിയിൽ പറയുന്ന വെബ് സീരീസിന്റെ ചിത്രീകരണം അരുവിക്കരയിലെ ആളൊഴിഞ്ഞ ഫ്ലാറ്റിൽ വെച്ച് നടന്നത്. സീരീസിലെ അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുന്നതിൽ നിന്ന് പിൻമാറാൻ ശ്രമിച്ചെങ്കിലും കരാർ ചൂണ്ടിക്കാട്ടി സംവിധായിക ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ചിത്രത്തിന്റെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരുന്നു. വിഷയത്തിൽ പൊലീസ് തുടർനടപടികളൊന്നും സ്വീകരിക്കാതെ വന്നതോടെ യുവാവ് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കേസിൽ ലക്ഷ്മി ദീപ്ത ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടി. പ്രതി പൊലീസിന് മുന്നിൽ ഹാജരായാൽ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിൻ പ്രകാരമാണ് ലക്ഷ്മിക്ക് ജാമ്യം അനുദിച്ചത്.
അതേസമയം യുവാവിന്റെ പരാതിക്ക് പിന്നാലെ പരാതിയുമായി നടിമാർ ഉൾപ്പെടെ കൂടുതൽപേർ രംഗത്ത് വന്നിരുന്നു. മലപ്പുറം സ്വദേശിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും ആലപ്പുഴ സ്വദേശിയായ യുവതി കോവളം പൊലീസിനുമാണ് പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |