ഉദിയൻകുളങ്ങര: നെയ്യാറ്റിൻകരയിൽ ലഹരിക്ക് അടിമയായ മകൻ വൃദ്ധമാതാവിനെ മർദ്ദിച്ച സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര മാമ്പഴക്കര സ്വദേശിനി ശാന്തയെ (68) മർദ്ദിച്ച മകൻ ശ്രീജിത്ത് എന്ന രാജേഷിനെതിരെയാണ് (36) കേസ്.
വെൽഡിംഗ് തൊഴിലാളിയാണ് രാജേഷ്. മകനെ അറസ്റ്റുചെയ്‌താൽ താൻ ജീവനൊടുക്കുമെന്ന് വൃദ്ധ ഭീഷണി മുഴക്കിയതോടെ അറസ്റ്റ് തത്കാലം പൊലീസ് ഒഴിവാക്കിയെങ്കിലും അറസ്റ്റുഭയന്ന് രാജേഷ് ഒളിവിൽപ്പോയി. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു സംഭവം. വൃദ്ധയും മകനും മാത്രമാണ് വീട്ടിലുള്ളത്. രാജേഷ് മദ്യപിച്ചെത്തി മർദ്ദിക്കുന്നത് പതിവായതോടെ രണ്ടുവർഷം മുമ്പ് ഭാര്യയും കുട്ടികളും പിണങ്ങിപ്പോയതായി പൊലീസ് വ്യക്തമാക്കി. ജോലികഴിഞ്ഞു മദ്യപിച്ചെത്തുന്ന രാജേഷ് രാത്രിയിൽ മാതാവിനെ മർദ്ദിക്കുന്നത് പതിവാണെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. രാജേഷ് അമ്മയെ മർദ്ദിക്കുന്നത് നേരിൽ കണ്ട അയൽവാസി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ ദൃശ്യങ്ങൾ സഹിതം പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാജേഷ് അമ്മയെ മർദ്ദിക്കുന്നതറിഞ്ഞ് ബന്ധുക്കളിൽ ചിലരെത്തിയെങ്കിലും രാജേഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പിൻവാങ്ങി. മുമ്പും നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പലതവണ രാജേഷിനെ സ്റ്റേഷനിൽ വിളിച്ച് താക്കീത് ചെയ്‌തിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്നലെ രാജേഷിന്റെ വീട്ടിലെത്തിയ പൊലീസ് വൃദ്ധയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പൊലീസ് വരുന്നതുകണ്ട് രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ശാന്തയ്‌ക്ക് ആശാപ്രവർത്തകയുടെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കി. അതേസമയം സംഭവത്തിൽ വനിതാകമ്മിഷൻ സ്വമേധയാ കേസെടുത്തു. വനിതാകമ്മിഷനംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ ശാന്തയെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാമ്പഴക്കര വാർഡ് കൗൺസിലർ പുഷ്‌പലീലയുടെ സാന്നിദ്ധ്യത്തിൽ വൃദ്ധസദനത്തിലെത്തിക്കാൻ പ്രേരിപ്പിച്ചെങ്കിലും ശാന്ത തയ്യാറായില്ല. അമ്മയെ മർദ്ദിക്കില്ലെന്ന് രാജേഷ് വാക്കുനൽകിയെങ്കിലും കൗൺസിലറുടെയും കുടുംബശ്രീ എ.ഡി.എസിന്റെയും ശ്രദ്ധയുണ്ടാകണമെന്നും പൊലീസും ജാഗ്രത പുലർത്തണമെന്നും കമ്മിഷൻ നിർദേശിച്ചു. കമ്മിഷൻ സർക്കിൾ ഇൻസ്‌പെക്ടർ ജോസ് കുര്യനും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |