പാലക്കാട്: കേരളത്തിൽ റെയിൽവേ വികസനത്തിന് നിർണായകമാകുന്ന പിറ്റ്ലൈൻ പദ്ധതി പാലക്കാട് യാഥാർത്ഥ്യമാകുന്നു. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ നിരന്തരമായ ആവശ്യത്തിന് ഒടുവിലാണ് പദ്ധതിക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. സംസ്ഥാനത്തിന്റെ വികസനത്തിന് നിർണായകമാകുന്ന തീരുമാനത്തിന് റെയിൽവേ ബോർഡിനോട് നന്ദി രേഖപ്പെടുത്തുന്നതായി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2019 ജൂലായ് മുതൽ പിറ്റ്ലൈനിനായി റെയിൽവേ മന്ത്രിയോടും അധികൃതരോടും നിരന്തരം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കൊവിഡ് കാരണത്താൽ സാമ്പത്തിക പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് താത്കാലമായി നിറുത്തിവെച്ചിരുന്ന പദ്ധതിയാണ് എം.പിയുടെ ഇടപെടൽ മൂലമാണ് പദ്ധതിക്ക് ജീവൻവെയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് പിറ്റ്‌ലൈൻ നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിനായി റെയിൽവേ 27കോടി രൂപ അനുവദിച്ചത്. ഇതോടെ ആകെ 46 കോടി രൂപയുടെ പദ്ധതിക്കാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്.
കേരളത്തിൽ നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് പീറ്റ് ലൈനുള്ളൂ. ഡിവിഷണൽ ഹെഡ് ക്വാർട്ടേഴ്സുകളിൽ എല്ലായിടങ്ങളിലും പീറ്റ് ലൈൻ ഉണ്ട്. എന്നാൽ പാലക്കാട് ഡിവിഷന് കീഴിൽ ഉണ്ടായിരുന്നില്ല. ഇതാണ് യാഥാർത്ഥ്യമാകുന്നത്. പാലക്കാട് ടൗൺ റെയിൽവെ സ്റ്റേഷനിലെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സ്ഥലം, വെള്ളം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. പാലക്കാട് നാളിതു വരെ കാണാത്ത വികസന പ്രവർത്തനമാണ് ജില്ലയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാകും
ദീർഘദൂര ട്രെയിനുകളുടെ അറ്റക്കുറ്റപണി നടത്തുന്നതാണ് പിറ്റ്‌ലൈൻ പദ്ധതി. പിറ്റ്‌ലൈൻ യഥാർത്ഥ്യമായാൽ പാലക്കാട്ട് നിന്നും ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങാനും അവസാനിപ്പിക്കാനും കഴിയും. റെയിൽവേ മന്ത്രിമാർ, ബോർഡ് ചെയർമാന്മാർ, ജനറൽ മാനേജർമാർ, ഡിവിഷണൽ മാനേജർമാർ എന്നിവരുമായി നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നതായും വി.കെ.ശ്രീകണ്ഠൻ എം.പി വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |