കാസർകോട് : മിയാപ്പദവിൽ ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികൾ തട്ടിക്കൊണ്ടുപോയ കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ കോടതി റിമാൻഡ് ചെയ്തു. മുംബൈ സ്വദേശി രാകേഷ് കിഷോർ (32), മിയാപ്പദവ് ചികൂർപാതയിലെ മുഹമ്മദ് സഫ്വാൻ (22), സോങ്കാലിലെ ഹൈദർ അലി (22), പൈവളിഗെ കളായിയിലെ സൈഫാൻ (29) എന്നിവരാണ് റിമാൻഡിലായത്.
ഇവരിൽ നിന്ന് തോക്കും നാല് തിരകളും ഇവർ സഞ്ചരിച്ച ആൾട്ടോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവ സ്ഥലത്ത് നിന്ന് പൊലീസിനെ തള്ളി മാറ്റി രക്ഷപ്പെട്ട മുഖ്യപ്രതിയും 25 ഓളം കേസുകളിലെ പ്രതിയുമായ മിയാപ്പദവിലെ അബ്ദുൽ റഹീമിനെയും കൂട്ടാളിയെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
ബുധനാഴ്ച്ച വൈകിട്ട് അഞ്ചിനാണ് മിയാപ്പദവ് ബജങ്കളയിൽ ലോറി ഡ്രൈവർമാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പുറത്തിറക്കിയതിന് ശേഷംരണ്ട് ലോറികൾ കടത്തിക്കൊണ്ടു പോയത്. തുടർന്ന് മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് കുരുഡപ്പദവ് റോഡിൽ കൊമ്മങ്കളയിൽ റോഡരികിൽ നിർത്തിയ നിലയിൽ ഇതെ ലോറികൾ കണ്ടെത്തിയത്. ഇവിടെ നിന്ന് പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച നാലു പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. എന്നാൽ മുഖ്യപ്രതിയടക്കം മറ്റ് രണ്ട് പേർ പൊലീസുകാരെ തള്ളിമാറ്റി കാട്ടിലേക്ക് കടന്നു. സംഘം ലോറിയുടമകളെ ഫോണിൽ വിളിച്ച് ലോറികൾ വിട്ട് നൽകാൻ ഒരുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
കാപ്പയിൽ പിടിക്കാൻ പൊലീസ്
ഗുണ്ടാ സംഘങ്ങൾ വീണ്ടും തല പൊക്കിയതോടെ പൊാലീസ് കർശന നടപടിക്ക് ഒരുങ്ങുകയാണ്. രണ്ടിൽ കൂടുതൽ കേസുകളുള്ളവർക്കെതിരെ കാപ്പ ചുമത്താൻ നടപടി സ്വീകരിക്കും. വാറന്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ അനാവശ്യമായി കറങ്ങുന്നവർക്കെതിരെ നടപടിയെടുക്കും. ഇത്തരം കേസിൽപ്പെട്ടവരെ സഹായിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. അക്രമ കേസുകളിൽ ഒളിവിൽ കഴിയുന്നവരെ കുറിച്ച് വിവരങ്ങൾ ശേഖരിക്കാനും ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകാനും പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |