സാമ്പ്രാണിക്കോടി കാണാനെത്തിയ യുവാക്കൾ എട്ട് മണിക്കൂർ കസ്റ്റഡിയിൽ
കൊല്ലം: മുഖ്യമന്ത്രി കൊല്ലത്ത് വന്ന ഇന്നലെ കഷ്ടകാലത്തിന് കറുപ്പ് ഷർട്ട് ധരിച്ച് സാമ്പ്രാണിക്കോടി കാണാനെത്തിയ രണ്ട് യുവാക്കൾക്ക് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ കസ്റ്രഡിയിൽ കഴിയേണ്ടിവന്നത് എട്ട് മണിക്കൂർ.
ആലപ്പുഴ അരൂർ സ്വദേശികളായ ഇലക്ട്രീഷ്യൻ ഫൈസൽ (19), പ്ലസ് വൺ വിദ്യാർത്ഥി ശിവപ്രസാദ് (18) എന്നിവരാണ് പൊലീസിന് കറുപ്പിനോട് അടുത്തകാലത്തുണ്ടായ കലിപ്പിന്റെ ഇരകളായത്.
കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് കസ്റ്രഡിയിലെടുത്ത ഇവർ, തങ്ങൾക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും കറുപ്പ് ഷർട്ട് കാറ്ററിംഗ് യൂണിഫോമാണെന്ന് കരഞ്ഞുപറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. ഷർട്ടിന്റെ കോളറിലും കൈയിലും പിടിച്ച് ബലം പ്രയോഗിച്ചാണ് പൊലീസുകാർ യുവാക്കളെയും ജീപ്പിൽ കയറ്റിയത്.
മുഖ്യമന്ത്രിയുടെ വരവ് പ്രമാണിച്ച് പ്രതിഷേധക്കാരെ മുൻകൂട്ടി കസ്റ്റഡിയിലെടുക്കാൻ പൊലീസുകാർ നഗരത്തിലാകെ പാഞ്ഞുനടക്കുകയായിരുന്നു. കരുതൽ തടങ്കലിലെടുക്കാൻ പ്രതിപക്ഷ യുവജന സംഘടനാ നേതാക്കളുടെ വീടുകൾ കയറിയിറങ്ങിയെങ്കിലും അവരെല്ലാം മറ്റിടങ്ങളിലേക്ക് മാറിയിരുന്നു. അങ്ങനെ കലിപ്പിളകി നടക്കുന്നതിനിടയിലാണ് ഫൈസലും ശിവപ്രസാദും മുന്നിൽപ്പെട്ടത്.
ഇന്നലെ രാവിലെ എട്ടോടെയാണ് ഫൈസലും ശിവപ്രസാദും കൊല്ലത്തേക്ക് ട്രെയിനിലെത്തിയത്. വ്യാഴാഴ്ച രാത്രി എറണാകുളത്തെ കാറ്ററിംഗ് ജോലി കഴിഞ്ഞാണ് ഇവിടേക്ക് വന്നത്. ഇവിടെയെത്തി അന്വേഷിച്ചപ്പോഴാണ് സാമ്പ്രാണിക്കോടിയിൽ പോകാൻ കൈയിൽ ഉള്ളതിനെക്കാൾ കൂടുതൽ പണം വേണമെന്ന് മനസിലായത്. ഇതോടെ 11.55നുള്ള അലപ്പുഴ ട്രെയിനിലേക്ക് ടിക്കറ്റെടുത്ത് റെയിൽവേ സ്റ്റേഷനിൽ തന്നെ കാത്തിരുന്നു. ഇതിനിടയിൽ അല്പം വെള്ളം കുടിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൊലീസുകാരുടെ കൈയിൽപ്പെട്ടത്. ഇരുവരെയും വാഹനത്തിൽ കയറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങി. സ്റ്റേഷനിലെത്തിയ ഇരുവരെയും ഉദ്യോഗസ്ഥർ മാറി മാറി ചോദ്യം ചെയ്തു. മുഖ്യമന്ത്രി കൊല്ലത്തെ രണ്ട് പരിപാടിയിൽ പങ്കെടുത്ത് മടങ്ങും വരെ ഇരുവരെയും സ്റ്റേഷനിലിരുത്തി. രാത്രി ഏഴോടെ ഇവരുടെ വീടുകളിൽ നിന്ന് നിന്ന് ബന്ധുക്കളെ വിളിച്ചു വരുത്തിയ ശേഷമാണ് വിട്ടയച്ചത്. അസ്വാഭാവിക സാഹചര്യത്തിൽ കണ്ടത് കൊണ്ടാണ് കസ്റ്റഡിയിലെടുത്തതെന്നും മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധമില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |