കൊല്ലം: ഇന്നലെ വൈകിട്ട് രണ്ട് പരിപാടികളിൽ പങ്കെടുക്കാൻ കൊല്ലത്തേക്ക് എത്തിയ മുഖ്യമന്ത്രിക്ക് നേരെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച, ആർ.വൈ.എഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇന്ധനവിലയ്ക്കൊപ്പം സെസ് കൂടി പിരിക്കാനുള്ള തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 70 ഓളം പേരെ ജില്ലയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടിയത്ത് യൂത്ത് കോൺഗ്രസ്
കൊട്ടിയം ജംഗ്ഷനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത്ത് മോഹൻ, കൊട്ടിയം സാജൻ, ഹസൈൻ പള്ളിമുക്ക്, അനസ് ഇരവിപുരം, അൻവർ സുൽഫിക്കർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറെനേരം പിടിവലി ഉണ്ടായി. മുഖ്യമന്ത്രി പോയി കഴിഞ്ഞും സ്റ്റേഷനിൽ നിറുത്തിയിരുന്ന ഇവരെ ഏറെ വൈകിയാണ് വിട്ടയച്ചത്.
കറുത്ത ബലൂണുകളുമായി യുവമോർച്ച മാർച്ച്
കറുത്ത വസ്ത്രങ്ങൾ ധരിച്ച് കറുത്ത ബലൂണുകളുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസിനെ മറികടന്ന് മുന്നോട്ട് നീങ്ങാനുള്ള ശ്രമം ചെറിയ നിലയിൽ സംഘർഷത്തിന് ഇടയാക്കി. ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം, ഗോപൻ, അഭിജിത്ത് ആശ്രാമം, സൂരജ് സോമൻ, രാഹുൽ രമേശ്, അനന്തു, ഗണേഷ്, ബിനു എന്നിവരെ അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തെ തുടർന്ന് ചിന്നക്കടയിൽ ഗതാഗതം തടസപ്പെട്ടു. യുവമോർച്ച പ്രതിഷേധം മണത്തറിഞ്ഞ പൊലീസ് വീടുകളിലെത്തി നേതാക്കളെ കരുതൽ തടങ്കലിലെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് മുൻകൂട്ടി മനസിലാക്കിയ യുവമോർച്ചക്കാർ പ്രത്യേക കേന്ദ്രത്തിൽ സംഘടിച്ച ശേഷമാണ് പ്രകടനം നടത്തിയത്.
മാടൻനടയിൽ ആർ.വൈ.എഫ്
മാടൻനടയിൽ വച്ച് ആർ.വൈ.എഫ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹൻ, ദേശീയ സമിതിയംഗം ഷമീന ഷംസുദ്ദീൻ, ജില്ലാ സെക്രട്ടറി ഡേവിഡ് സേവ്യർ, നേതാക്കളായ തൃദീപ് ആശ്രാമം, റഫീഖ്, ആര്യ എന്നിവർ നേതൃത്വം നൽകി.
അബിനടക്കം നാലുപേർ കരുതൽ തടങ്കലിൽ
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനിടെ കരിങ്കൊടി കാണിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ.എസ്.അബിനടക്കം നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇരവിപുരം പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇരവിപുരം അസംബ്ലി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, സേവാദൾ ജില്ലാ സെക്രട്ടറി അയത്തിൽ ശ്രീകുമാർ, അമൽ ജോൺ ജോസഫ് എന്നിവരെയും കസ്റ്റഡിയിലാക്കി. തങ്ങളെ അകാരണമായി കസ്റ്രഡിയിലെടുത്തതിനെതിരെ ഇവർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുഖ്യമന്ത്രി മടങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. നേതാക്കളെ അകാരണമായി കസ്റ്റഡിയിലെടുത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |