കൊച്ചി: മുഖ്യമന്ത്രി, മന്ത്രിമാർ തുടങ്ങിയവർക്കെതിരായ അഴിമതിയാരോപണങ്ങളും പരാതികളും അന്വേഷിക്കുന്ന വിജിലൻസിന്റെ ടി ബ്രാഞ്ചിനെ (ടോപ്പ് സീക്രട്ട്) വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കിയെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇതോടെ ഉന്നതർക്കെതിരായ അഴിമതിക്കേസുകളുടെ വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം ലഭിക്കും.
വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കി സർക്കാർ 2016 ജനുവരി 27ന് ഇറക്കിയ ഉത്തരവിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്‌സും ആം ആദ്‌മി പാർട്ടിയും 2016ൽ നൽകിയ ഹർജികളിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹർജികൾ തീർപ്പാക്കി.
മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉന്നത ഐ.എ.എസ് - ഐ.പി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉൾപ്പെട്ട അഴിമതിക്കേസുകൾ അന്വേഷിക്കാനുള്ള ചുമതല വിജിലൻസ് ടി ബ്രാഞ്ചിനാണ്. വിജിലൻസ് ടി ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അന്വേഷണവിവരങ്ങൾ നൽകുന്നത് വിലക്കി വിജിലൻസ് ഡയറക്ടർ 2016 ഫെബ്രുവരി ഒമ്പതിന് മറ്റൊരുത്തരവും ഇറക്കിയിരുന്നു. ഈ രണ്ട് ഉത്തരവുകളുമാണ് ഹർജിക്കാർ ചോദ്യം ചെയ്തത്. വിജിലൻസ് ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് റദ്ദാക്കി 2022 ജനുവരി ഒമ്പതിന് പുതിയ ഉത്തരവിറക്കിയെന്ന് സർക്കാർ അഭിഭാഷകൻ അറിച്ചു. പുതിയ ഉത്തരവിന്റെ പകർപ്പും ഹാജരാക്കി. തുടർന്നാണ് ഡിവിഷൻബെഞ്ച് ഹർജികൾ തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |