പാലക്കാട്ടെ വീടുകളിലെ അടുക്കളയിൽ ഗ്യാസ് അടുപ്പിൽ പ്രകൃതിവാതകം തെളിഞ്ഞുകത്തുകയാണ്. അടിക്കടിയുള്ള പാചകവാതക വിലവർദ്ധനയിൽ തകർന്ന കുടുംബബഡ്ജറ്റിനെ പ്രകൃതിവാതകം തിരികെ പിടിക്കുമെന്നാണ് പ്രതീക്ഷ. പൈപ്പ് തുറന്നാൽ പാചകവാതകം കുഴലിലൂടെ അടുക്കളയിലെത്തുന്ന സിറ്റി ഗ്യാസ് പദ്ധതി നിലവിൽ എലപ്പുള്ളി പഞ്ചായത്തിലെ എട്ടാം വാർഡിലും പുതശ്ശേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലുമാണു ആരംഭിച്ചിട്ടുള്ളത്. അടുത്തമാസത്തിനുള്ളിൽ പഞ്ചായത്തുകളിലെ ആയിരത്തോളം വീടുകളിൽ കണക്‌ഷൻ നൽകാനാണ് പദ്ധതി.
കിൻഫ്ര ഫുഡ്പാർക്ക്, വൈസ് പാർക്ക്, കെ.എസ്.ഐ.ഡി.സി പാർക്ക് എന്നിവിടങ്ങളിലും കണക്‌ഷൻ നൽകാനുള്ള സൗകര്യമുണ്ട്. രണ്ടാംഘട്ടത്തിൽ പാലക്കാട് നഗരസഭയിലാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് ജില്ലയിലാകെ പദ്ധതി വ്യാപിപ്പിക്കും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാതെ, വിതരണ വാഹനത്തെ കാത്തിരിക്കാതെ സദാസമയവും സമൃദ്ധമായി ഗ്യാസ് ലഭിക്കുമെന്നതാണു പ്രത്യേകത. ഉപയോഗിച്ച ഗ്യാസിന്റെ അളവ് മീറ്ററിലെ റീഡിംഗ് നോക്കിയാണു പണം കണക്കാക്കുന്നത്. സിലിൻഡർ വേണ്ട, അപകടസാദ്ധ്യതയില്ല, മലിനീകരണ പ്രശ്നങ്ങളില്ല. ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വിലക്കുറവും. നിലവിൽ സിലിൻഡർ ഉപയോഗിക്കുന്നതിനേക്കാൾ ലാഭകരമാണ് പ്രകൃതിവാതകം. 20 ശതമാനംവരെ സാമ്പത്തികലാഭം ഉണ്ടാകും. എന്തുകൊണ്ടും പ്രകൃതിവാതകം കീശ കാലിയാക്കില്ലെന്നാണ് പ്രതീക്ഷ.
വിതരണം
വാളയാറിൽ നിന്ന്
വാളയാർ കനാൽപിരിവിലെ മെയിൻ സ്റ്റേഷനിൽ നിന്നാണു വിതരണം. 10 കിലോമീറ്ററോളം ദൂരത്തിൽ പൈപ്പിട്ടു കഴിഞ്ഞു. 8 ഇഞ്ച് കനത്തിലുള്ള സ്റ്റീൽ പൈപ്പ് വഴിയാണു പ്രധാന വിതരണം. ഗ്യാസ് വീടുകളിലേക്കെത്തിക്കുന്നത് പോളി എത്തിലീൻ പൈപ്പ് വഴിയാണ്. വീട്ടിലെ ഗ്യാസ് മീറ്റർ പോയിന്റിൽ നിന്ന് ജിഐ പൈപ്പ് വഴി അടുക്കളയിലേക്ക് പാചകവാതകം എത്തിക്കും.
ഉപയോഗം അറിയുന്നതിനു വീടുകളിൽ മീറ്റർ ഉണ്ടായിരിക്കും. കനത്ത മർദ്ദത്തിലൂടെയാണ് സ്റ്റീൽ പൈപ്പിലൂടെ പ്രകൃതിവാതകം കടന്നു പോകുന്നതെങ്കിലും വീടുകളിലെത്തുമ്പോൾ സാധാരണ സമ്മർദ്ദമാകും. അതുകൊണ്ടു തന്നെ അപകടസാദ്ധ്യത കുറവാണ്.
എല്ലാം സുരക്ഷിതം
എല്ലാ തരത്തിലും പൂർണ സുരക്ഷിതമായാണ് പദ്ധതി നടപ്പാക്കുന്നത്. പാതയോരത്തു കുറഞ്ഞത് 1.2 മീറ്റർ ആഴത്തിലാണ് പൈപ്പുകൾ. പൈപ്പ് കടന്നുപോകുന്ന ഓരോ 50 മീറ്ററിലും ഇതു സൂചിപ്പിക്കാൻ കല്ലുനാട്ടിയിട്ടുണ്ട്. ഓരോ മൂന്നു കിലോമീറ്ററിലും പ്രധാന വാൽവുണ്ട്. ഇരുപതോ മുപ്പതോ വീടുകളുടെ
വിതരണം നിയന്ത്രിക്കാനും വാൽവ് ഉണ്ട്. ചോർച്ചയുണ്ടെങ്കിൽ ഓരോ ഘട്ടത്തിലും വാൽവ് ഉപയോഗിച്ചു നിയന്ത്രിക്കാം. വീടുകളിൽ കണക്‌ഷൻ എത്തിച്ചേരുന്ന ഭാഗത്തും സ്റ്റൗവിനോടു ചേർന്നും വാൽവുണ്ട്. അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കുറഞ്ഞതിനാൽ പാചകവാതകം ചോർന്നാലും ഇതു വായുവിൽ ലയിച്ച് വീര്യം നഷ്ടപ്പെടുന്നതിനാൽ വലിയ അപകടാവസ്ഥയില്ലെന്ന് വിദഗ്ധർ പറയുന്നു.
കണക്‌ഷൻ നടപടികൾ
വീടുകളിൽ പൈപ്പിലൂടെ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്കായി വീടുകളിൽ നിന്ന് നേരിട്ട് അപേക്ഷ സ്വീകരിക്കും. അപേക്ഷ സ്വീകരിക്കമ്പോൾ പണമൊന്നും നൽകേണ്ട. വീട്ടു നമ്പറിനൊപ്പം ആധാർ കാർഡോ ഫോട്ടോ പതിച്ച ഐഡി കാർഡോ വേണം. ഗ്യാസ് കണക്‌ഷൻ വീടുകളിൽ എത്തിക്കുന്ന മുറയ്ക്ക് ഇഷ്ടമുള്ള സ്‌കീമിൽ ചേരാം. രണ്ടു മാസത്തിലൊരിക്കലാണ് ബിൽ അടയ്‌ക്കേണ്ടത്. വീട്ടിൽ ഘടിപ്പിച്ച മീറ്ററിൽ നോക്കിയാണ് ഉപയോഗം അറിയുക.
ജില്ലയ്ക്ക് മൂന്ന് സ്‌കീമുകൾ
1. സ്‌കീം 6000: സെക്യൂരിറ്റി ഡിപ്പോസിറ്റ് 6000 രൂപ, ഗ്യാസിനുള്ള ഡെപ്പോസിറ്റ് 1000 രൂപ, അഡ്മിനിസ്‌ട്രേറ്റിവ് ചാർജ് 100 രൂപ എന്നിങ്ങനെ 7100 രൂപയാണ് പദ്ധതിയിൽ ചേരമ്പോൾ അടയ്‌ക്കേണ്ടത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് 6000 രൂപ കണക്‌ഷൻ വേണ്ടെന്നു വയ്ക്കുമ്പോൾ തിരികെ നൽകും.
2. ഇൻസ്റ്റാൾമെന്റ് സ്‌കീം: ഈ സ്‌കീമിൽ 6000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഗഡുക്കളായാണ് ഈടാക്കുക.സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ ആദ്യ ഗഡുവായ 1000 രൂപ, ഗ്യാസിനുള്ള ഡെപ്പോസിറ്റ് 1000 രൂപ, അഡ്മിനിസ്‌ട്രേറ്റിവ് ചാർജ് 100 രൂപ എന്നിങ്ങനെ 2100 രൂപയാണ് ആദ്യം നൽകേണ്ടത്.സെക്യൂരിറ്റി ഡിപ്പോസിറ്റിൽ ബാക്കിയുള്ള 5000 രൂപ 10 ഗഡുക്കളായി അടയ്ക്കണം.
3.വാടക സ്‌കീം: സെക്യൂരിറ്റി ഡിപ്പോസിറ്റ് ഇല്ലാത്ത ഈ പദ്ധതിയിൽ ഗ്യാസിനുള്ള ഡെപ്പോസിറ്റ് 1000 രൂപയും അഡ്മിനിസ്‌ട്രേറ്റിവ് ചെലവ് 100 രൂപയും മാത്രം ആദ്യം നൽകണം. രണ്ട് മാസത്തിലൊരിക്കൽ ഗ്യാസിന്റെ ബില്ലിനൊപ്പം 100 രൂപ വാടകയായി ഈടാക്കും.
പാലക്കാട്
നഗരത്തിൽ
ആഗസ്റ്റിൽ
ആഗസ്റ്റ് മാസത്തോടെ പാലക്കാട് നഗരസഭയിൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. കഞ്ചിക്കോട്ടു നിന്ന് പൈപ്‌ലൈൻ സ്ഥാപിക്കാൻ ദേശീയപാതയ്ക്കു കുറുകെ ചാലു കീറുന്നതിനു ദേശീയപാത അതോറിറ്റിയുടെ അനുമതി വേണം. ഇതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. എണ്ണായിരത്തോളം കണക്‌ഷനുകളാണ് നഗരസഭയിൽ പ്രതീക്ഷിക്കുന്നത്.
ഒന്നാം പിണറായി സർക്കാർ വെല്ലുവിളിയായി എറ്റെടുത്ത പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ യാഥാർത്ഥ്യമായത്. കനാൽപിരിവിലെ സ്റ്റേഷന് പിന്നാലെ ഈ വർഷം തന്നെ വാണിയംകുളം, ലെക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ എന്നിവിടങ്ങളിലെ സ്റ്റേഷനുകളും കമ്മിഷൻ ചെയ്യാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുണ്ടൂരിലെയടക്കം സ്റ്റേഷന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. സ്റ്റേഷനുകൾ കമ്മിഷൻ ചെയ്തതിന് ശേഷം ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലേക്കും പൈപ്പ് വഴി ഗ്യാസ് എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |