ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനെതിരെ തമിഴ് സംവിധായിക ഹലിത ഷമീിം ഉയർത്തിയ ആരോപണങ്ങളെ പിന്തുണച്ച് സംവിധായകൻ പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്ന് പ്രതാപ് ജോസഫ് പറയുന്നു.
ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനിമകളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്.
ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത് എന്ന് പ്രതാപ് ജോസഫ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിനെതിരെ ഹലിത ഷമീം രംഗത്തെത്തിയത്. താൻ 2021ൽ സംവിധാനം ചെയ്ത എലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങൾ നിർദ്ദയമായി നൻപകലിൽ അടർത്തിയെടുത്തതായി ഹലിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരോപിച്ചു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോൾ സന്തോഷം തോന്നി. എന്നാൽ ചിത്രം മുഴുവൻ കണ്ടപ്പോൾ മറ്റ് പല കാര്യങ്ങളും നൻപകലിൽ ആവർത്തിച്ചിരിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്നും സംവിധായിക പറഞ്ഞു. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ സംവിധായികയാണ് ഹലിത,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |