SignIn
Kerala Kaumudi Online
Saturday, 27 April 2024 1.46 AM IST

ഇ പോസ് വീണ്ടും നിശ്ചലം; റേഷൻ കിട്ടാതെ കാർഡുടമകൾ

rationshop
ration-shop

കോഴിക്കോട്: ഇ പോസ് മെഷീന് അനക്കമില്ല. റേഷൻ വാങ്ങാനാകാതെ മടങ്ങി കാർഡുടമകൾ. ഇ പോസ് സംവിധാനം വീണ്ടും പണിമുടക്കിയതോടെ ജില്ലയിലെ ഈ മാസത്തെ റേഷൻ വിതരണവും പ്രതിസന്ധിയിലായി. ഈ മാസം റേഷൻ സ്വീകരിക്കാൻ ഇന്നലെയും ഇന്നും കൂടി മാത്രം സമയം അവശേഷിക്കുന്നതിനാൽ നിരവധി പേരാണ് രാവിലെ മുതൽ ജില്ലയിലെ പല റേഷൻ കടകളിലുമെത്തിയത്. എന്നാൽ ഇ പോസ് മെഷീൻ നിലച്ചതോടെ പലരും റേഷൻ വാങ്ങാതെ മടങ്ങി. ഇന്നലെ ജില്ലയിലെ മുഴുവൻ ഇടങ്ങളിലേയും ഇ പോസ് മെഷീൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 30 വരെ പ്രവർത്തിച്ചിരുന്നില്ല. ഉച്ചയ്ക്ക്ശേഷം ഇ പോസ് മെഷീൻ പ്രവർത്തിച്ചെങ്കിലും പലയിടങ്ങളിലും പൂർണമായിരുന്നില്ല. കണ്ണൂർ, കാസർഗോഡ്, ഇടുക്കി, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലും ഇ പോസ് മെഷീൻ നിലച്ചതോടെ റേഷൻ വിതരണം മുടങ്ങി.

റേഷൻ കാർഡ് ഉടമയുടെ മൊബൈൽ ഫോണിലേക്ക് ഒ.ടി.പി വരുന്നതും പലയിടത്തും പ്രവർത്തിച്ചിരുന്നില്ല. ഇതോടെ

റേഷൻ വിതരണക്കാരും ഉപഭോക്താക്കളും പ്രയാസത്തിലായി. മാസാവസാനം ആയതിനാൽ റേഷൻ കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിൽപ്പന 70 ശതമാനത്തിലും താഴെ മാത്രമാണ് നടന്നത്. ഈ മാസത്തെ റേഷൻ വിഹിതം ഇന്നു കൂടി മാത്രമേ വാങ്ങാൻ കഴിയുകയുള്ളൂ എന്നതിനാൽ തിരക്ക് വർദ്ധിക്കാനാണ് സാധ്യത. ഇത് വീണ്ടും ഇ പോസ് സംവിധാനത്തിന്റെ വേഗം കുറയ്ക്കാനും തകരാറിലാക്കാനും സാദ്ധ്യതയുമുണ്ട്. ഇ പോസ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ 3 മാസത്തോളമായി രാവിലെയും ഉച്ചയ്ക്കുമായി സമയ ക്രമീകരണത്തിലൂടെയാണ് റേഷൻ കടകൾ പ്രവർത്തിച്ചിരുന്നത്. ഇതിനിടയിൽ ഇ പോസ് മെഷീന്റെ തകരാറും കൂടി വന്നതോടെ വിതരണം പ്രതിസന്ധിയിലാവുകയായിരുന്നു.

@ ഇരട്ട ബില്ലും തിരിച്ചടി

കേന്ദ്രവും സംസ്ഥാനവും നൽകുന്ന റേഷൻ സാധനങ്ങൾക്ക് പ്രത്യേകം ബില്ലുകൾ നൽകണമെന്ന നിബന്ധനയും

വ്യാപാരികളെ വെട്ടിലാക്കുകയാണ്. സാങ്കേതിക തകരാർ അടിക്കടി ഉണ്ടാകുന്ന ഇ പോസ് മെഷീനുകളിൽ ഒരു തവണ തന്നെ വിരലടയാള പരിശോധന നടത്താൻ അര മണിക്കൂറിലധികമാണ് സമയമെടുക്കുന്നത്. അതിനൊപ്പം റേഷൻകടക്കാർ പ്രത്യേകം ബിൽ പ്രിന്റ് ചെയ്തെടുക്കുമ്പോഴേക്കും സമയം നീളും. ഒരു ഉപഭോക്താവിന് തന്നെ അരി, മണ്ണെണ്ണ, പഞ്ചസാര എന്നിവയ്ക്ക് വ്യത്യസ്ത ബില്ലുകളാണ് നൽകേണ്ടി വരുന്നത്. ഇതിനിടയിൽ ഇ പോസ് സംവിധാനം പണിമുടക്കിയതോടെ ഒരു വിഹിതത്തിന് ബിൽ ലഭിച്ചവർക്ക് ബാക്കിയുള്ള വിഹിതത്തിന്റെ ബില്ലിനായി മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വരുന്നത്. ഇതോടെ രാവിലെയെത്തുന്ന കാർഡ് ഉടമകൾക്ക് ഉച്ചയായിട്ടും തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണ്.

400 മുൻഗണനാ കാർഡ് ഉടമകളുള്ള ഒരു കടയിൽ അവർക്കു മാത്രം ആയിരത്തിലധികം ബിൽ പ്രതിമാസം വെവ്വേറെ നൽകേണ്ട സ്ഥിതിയാണ്. മാത്രമല്ല രണ്ട് ബില്ലാക്കിയതോടെ പ്രിന്റ് ചെയ്യാൻ സൗജന്യമായി ലഭിക്കുന്ന പേപ്പർ റോൾ റേഷൻകട ഉടമകൾക്കു തികയാത്ത അവസ്ഥയുമുണ്ട്.

@ വേണം പരിഹാരം

പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ടെക്നിക്കൽ ഓഡിറ്റ് നടത്തുക. സർവർ കപ്പാസിറ്റി വർദ്ധിപ്പിക്കുക.5 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഇ-പോസ് യന്ത്രങ്ങൾ സർവീസ് ചെയ്യുകയും 50% ലധികം പ്രവർത്തനക്ഷമത കുറഞ്ഞ യന്ത്രങ്ങൾ മാറ്റി നൽകുക. പ്രവർത്തന രഹിതമായ ടുജി സിം കാർഡുകൾ മാറ്റി ഫോർ ജി. സിംകാർഡുകൾ നൽകുക. നെറ്റ് സിഗ്നൽ കുറഞ്ഞ പ്രദേശങ്ങളിൽ ഓപ്റ്റിക്ക കാബിൾ വഴിയുള്ള നെറ്റ് കണക്‌ഷനുകളും ബ്രോഡ് ബാൻഡ് സംവിധാനവും ഉറപ്പാക്കുക. തുടങ്ങിയ ഒട്ടനവധി നിർദ്ദേശങ്ങൾ പല തവണകളായി ആൾ കേരള റിട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സമർപ്പിച്ചതാണ്.

@ രണ്ടിന് മാർച്ച്

സംസ്ഥാനത്ത് എല്ലായിടത്തും റേഷൻ വാങ്ങുന്നതിന്ന് ഉപഭോക്താക്കൾ മണിക്കൂറുകളോളം കാത്തു നിൽക്കുന്നതൊക്കെ മറച്ചുവെച്ചുകൊണ്ട് ഭക്ഷ്യ മന്ത്രി മറ്റുള്ളവരെ കുറ്റപ്പെടുത്തിയും ഇ-പോസ്, സർവർ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന വാർത്ത നൽകുന്നതിലും പ്രധിഷേധിച്ച് മാർച്ച് 2 ന് രാവിലെ 10-30 ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിലേക്ക് എ.കെ.ആർ. ആർ.ഡി.എ. മാർച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദാലി, സംഘടനാ വക്താവ് സി , മോഹനൻ പിള്ള എന്നിവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.