ന്യൂഡൽഹി: ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ നടന്ന ആദായ നികുതി പരിശോധനയിൽ ഔദ്യോഗികമായി ആശങ്ക അറിയിച്ച് ബ്രിട്ടൺ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ ബാദ്ധ്യസ്ഥമാണെന്ന് ഇന്ത്യ മറുപടിയും നൽകി. ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയിലാണ് ബ്രിട്ടൺ ആശങ്ക അറിയിച്ചത്. ഇക്കാര്യം ക്ലെവർലി തന്നെയാണ് വെളിപ്പെടുത്തിയത്.
താൻ ഡോക്യുമെന്ററി കണ്ടില്ലെന്നും യു.കെയിലും ഇന്ത്യയിലുമുണ്ടായ പ്രതികരണങ്ങൾ മാത്രമാണ് കണ്ടതെന്നും ക്ലെവർലി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡോക്യുമെന്ററിയെ ചൊല്ലി ഇന്ത്യയുമായുള്ള നല്ല ബന്ധം വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. ബി.ബി.സി ഒരു സ്വതന്ത്ര സംഘടനയാണ്. സർക്കാരിൽ നിന്ന് വേറിട്ടുനിൽക്കുന്നു. ജയശങ്കറുമായി നല്ല വ്യക്തിബന്ധമുണ്ട്. യു.കെ-ഇന്ത്യ ബന്ധം കൂടുതൽ ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയുടെ നിലപാട് ജയശങ്കർ വ്യക്തമായി ധരിപ്പിച്ചെന്ന് വിദേശകാര്യ വൃത്തങ്ങൾ അറിയിച്ചു.
വിവാദ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌ത ശേഷമുള്ള ആദായ നികുതി റെയ്ഡിനെതിരെ ആഗോളതലത്തിൽ വിമർശനമുയർന്ന പശ്‌ചാത്തലത്തിലാണ് ബ്രിട്ടൺ ആശങ്ക അറിയിച്ചതെന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സർക്കാർ മൗനം പാലിക്കുന്നതിനെതിരെ അവിടുത്തെ മാദ്ധ്യമങ്ങൾ വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോമൺവെൽത്ത്, ഡെവലപ്‌മെന്റ് ഓഫീസിന്റെ പാർലമെന്ററി അണ്ടർ സെക്രട്ടറി ഡേവിഡ് റൂട്ട്‌ലി ബി.ബി.സിയെ പിന്തുണച്ച് സംസാരിച്ചിരുന്നു. തങ്ങൾ ധനസഹായം നൽകുന്ന സ്ഥാപനമാണ് ബി.ബി.സിയെന്നും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബി.ബി.സി ബ്രിട്ടീഷ് സർക്കാരിനെയും പ്രതിപക്ഷമായ ലേബർ പാർട്ടിയെയും വിമർശിക്കാറുണ്ട്. ആ സ്വാതന്ത്ര്യം പ്രധാനമാണ്. ഇന്ത്യ അടക്കമുള്ള സുഹൃത്തുക്കളോട് മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം അറിയിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി ഇന്ത്യക്കെതിരായ അന്താരാഷ്‌ട്ര നീക്കമാണെന്നും ഇന്ത്യാ വിരുദ്ധ അജണ്ടയുടെ ഭാഗമാണെന്നുമുള്ള എസ്. ജയശങ്കറിന്റെ പ്രസ്‌താവനയ്ക്ക് പിന്നാലെയായിരുന്നു ഈ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |