ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നതിനിടെ, ഭക്ഷണം കിട്ടാതെ മരിച്ചുവീഴുന്നവരുടെ എണ്ണം ഉയരുന്നു. ഇന്നലെ അഞ്ച് പേർ കൂടി മരിച്ചതോടെ ഗാസയിൽ പട്ടിണി മരണം 217 ആയി. ഇതിൽ നൂറ് പേർ കുട്ടികളാണ്. പോഷകാഹാരം ലഭിക്കാതെ നൂറുകണക്കിന് കുഞ്ഞുങ്ങൾ മരണത്തിന്റെ വക്കിലാണ്. അതിനിടെ ഗാസയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ 39 പേർ മരിച്ചു. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 61,430 കടന്നു.
ഇതിനിടെ, ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ഇസ്രയേലിൽ പ്രതിഷേധം ശക്തമായി. നടപടി യുദ്ധത്തിന് ആക്കം കൂട്ടുമെന്നും ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ ജീവന് അപകടമാണെന്നും കാട്ടി ടെൽ അവീവ് അടക്കം നഗരങ്ങളിൽ ആയിരങ്ങൾ റാലി നടത്തി.
ഗാസയിലുള്ള 50 ഓളം ബന്ദികളിൽ 20 പേർ മാത്രമാണ് ജീവനോടെയുള്ളത്. ഇവരെ തിരികെയെത്തിക്കാൻ അടിയന്തര വെടിനിറുത്തൽ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യൂറോപ്യൻ രാജ്യങ്ങളടക്കം വിമർശിക്കുന്നുണ്ടെങ്കിലും ഗാസ സിറ്റിയെ പിടിച്ചെടുക്കുമെന്ന നിലപാടിലാണ് നെതന്യാഹു. വിഷയത്തിൽ യു.എൻ രക്ഷാ സമിതി ഇന്നലെ അടിയന്തര യോഗം ചേർന്നു.
ഭക്ഷണപ്പെട്ടി പതിച്ച്
15കാരന് ദാരുണാന്ത്യം
വിമാനത്തിൽ നിന്ന് എയർഡ്രോപ്പ് ചെയ്ത ഭക്ഷണ പാക്കറ്റുകൾ അടങ്ങിയ ഭീമൻ പെട്ടി തലയിൽ പതിച്ച് 15കാരൻ മരിച്ചു. ശനിയാഴ്ച നെത്‌സാരിം ഇടനാഴിയ്ക്ക് സമീപമായിരുന്നു സംഭവം. പാരഷൂട്ട് വഴിയിട്ട ഭക്ഷണപ്പെട്ടികൾ ശേഖരിക്കാൻ ഓടുന്നതിനിടെയായിരുന്നു അപകടം.
രക്തത്തിൽ കുളിച്ചു കിടക്കുന്ന കുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എയർഡ്രോപ്പ് വഴിയുള്ള സഹായ വിതരണം അപകടം നിറഞ്ഞതാണെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ) മുന്നറിയിപ്പ് ആവർത്തിക്കവേയാണ് സംഭവം. കഴിഞ്ഞ ആഴ്ച ദെയ്ർ അൽ ബലാഹിൽ സമാന അപകടത്തിൽ ഒരു നഴ്സ് മരിച്ചിരുന്നു.
എയർഡ്രോപ്പ് അപകടം
(2023 ഒക്ടോബറിൽ യുദ്ധം തുടങ്ങിയത് മുതൽ )
മരണം - 23
പരിക്ക് - 124
കൂടുതൽ ട്രക്കുകൾ കടത്തിവിടണം
പട്ടിണി പരിഹരിക്കാൻ പ്രതിദിനം കുറഞ്ഞത് 600 സഹായ ട്രക്കുകളെങ്കിലും ഗാസയിലെത്തണമെന്ന് സഹായ ഗ്രൂപ്പുകൾ പറഞ്ഞു. നിലവിൽ ശരാശരി 86 ട്രക്കുകൾ മാത്രമേ ഇസ്രയേൽ കടത്തിവിടുന്നുള്ളൂ എന്ന് ഹമാസ് ആരോപിച്ചു. കഴിഞ്ഞ 14 ദിവസത്തിനിടെ 1,210 ട്രക്കുകൾ മാത്രമാണ് ഗാസയിലെത്തിയതെന്നും ഹമാസ് പറഞ്ഞു. ജൂലായ് അവസാനം മുതലാണ് ഭക്ഷണം അടക്കം സഹായ വസ്തുക്കളുമായി ട്രക്കുകൾ ഇസ്രയേൽ ഗാസയിലേക്ക് കടത്തിവിട്ടു തുടങ്ങിയത്. അതേസമയം, ഗാസയിലെത്തുന്ന ട്രക്കുകൾ ആൾക്കൂട്ടവും ആയുധധാരികളും കൊള്ളയടിക്കുന്നത് സഹായ വിതരണത്തിന് വെല്ലുവിളിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |