വടക്കുകിഴക്കൻ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഏതാണ്ട് പ്രവചനമനുസരിച്ചു തന്നെയാണ് വന്നിരിക്കുന്നത്. ത്രിപുരയിലും നാഗലാൻഡിലും ബി.ജെ.പി സഖ്യം തുടർഭരണം നിലനിറുത്തി. മേഘാലയയിലാകട്ടെ ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. എന്നിരുന്നാലും പ്രാദേശിക കക്ഷിയായ എൻ.പി.പി ഏറ്റവും കൂടുതൽ സീറ്റുനേടി ഭരണത്തിലേറാൻ ഒരുങ്ങുകയാണ്. അഞ്ചുവർഷംമുൻപ് ത്രിപുരയിൽ ഇരുപത്തിയഞ്ചുവർഷം തുടർച്ചയായി അധികാരത്തിലിരുന്ന സി.പി.എമ്മിനെ പുറത്താക്കി ത്രിപുരയിൽ അധികാരത്തിലേറിയ ബി.ജെ.പിക്ക് ഇത്തവണയും ഭരണം നിലനിറുത്താൻ കഴിഞ്ഞത് നേട്ടംതന്നെയാണ്. വിജയത്തിന് പഴയ തിളക്കമുണ്ടാക്കാനായില്ലെന്നത് പാർട്ടി നേതൃത്വത്തിന്റെ ആവേശത്തിന് ചെറുതായെങ്കിലും മങ്ങലേല്പിക്കുകയും ചെയ്തു. 2018 ൽ സി.പി.എം ആധിപത്യം തച്ചുടച്ചുകൊണ്ടാണ് ബി.ജെ.പി 36 സീറ്റ് നേടി ആദ്യമായി അവിടെ അധികാരത്തിലേറിയത്. ബി.ജെ.പിയെ താഴെയിറക്കാൻ സി.പി.എം സകല വൈരവും മറന്ന് ഇക്കുറി പരമ്പരാഗത ശത്രുവായ കോൺഗ്രസിനെ കൂട്ടുപിടിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ദേശീയതലത്തിൽ ത്രിപുര തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടതും ഇൗ സഖ്യത്തിന്റെ പേരിലാണ്. ഏതായാലും സഖ്യം സി.പി.എമ്മിന് കാര്യമായി പ്രയോജനപ്പെട്ടില്ലെങ്കിലും കോൺഗ്രസിന് നേട്ടമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ബി.ജെ.പി താരനിരയെ അപ്പാടെ ഇറക്കി ബി.ജെ.പി നടത്തിയ പ്രചാരണത്തിന് ഏതായാലും ഫലമുണ്ടായി. ത്രിപുരഭരണം നിലനിറുത്താനായതിന്റെ ക്രെഡിറ്റുമായിട്ടാകും ഇൗ വർഷാവസാനം ആറ് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ പാർട്ടി നേരിടാനൊരുങ്ങുന്നത്.
നാഗലാൻഡിലും ഫലപ്രവചനംപോലെ എൻ.ഡി.എ സഖ്യം വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലേറുന്നത്. പ്രാദേശിക കക്ഷിയായ എൻ.പി.പിക്ക് മേൽകൈയുള്ള മേഘാലയയിൽ അവരുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനാണ് ബി.ജെ.പിയുടെ ഉന്നം. ഭൂരിപക്ഷത്തിന് തൊട്ടടുത്തുവരെ എത്തിയിട്ടുള്ള എൻ.പി.പി ഉപാധികളോടെ ഇതിന് വഴങ്ങിയേക്കുമെന്നാണ് സൂചന.
രണ്ടുവർഷംമുൻപ് ത്രിപുരയിൽ ട്രൈബൽ ഒാട്ടോണമസ് ബോർഡ് തിരഞ്ഞെടുപ്പിൽ ശക്തമായ സാന്നിദ്ധ്യമറിയിച്ച പ്രാദേശിക കക്ഷിയാണ് തിപ്രമോത പാർട്ടി. ആദ്യമായി ഇത്തവണ നിയമസഭയിലേക്ക് സ്ഥാനാർത്ഥികളെ നിറുത്തിയ അവർക്ക് ഗണ്യമായ നേട്ടമുണ്ടാക്കാനും സാധിച്ചു. ത്രിപുര തിരഞ്ഞെടുപ്പിന് ത്രികോണമത്സരച്ചൂട് ആവോളം പകരാനും അവർക്ക് കഴിഞ്ഞു. വലിയ പുതുമകളൊന്നും അവതരിപ്പിക്കാനായില്ലെങ്കിലും തിരഞ്ഞെടുപ്പ് ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട ചില വിജയങ്ങൾ ഇൗ തിരഞ്ഞെടുപ്പിലുമുണ്ടായിട്ടുണ്ട്. നാഗലാൻഡ് നിയമസഭയിലേക്ക് ആദ്യമായി വനിതകൾ തിരഞ്ഞെടുക്കപ്പെട്ടു എന്നതാണ് അതിലൊന്ന്. രണ്ട് വനിതകളാണ് നിയമസഭയിലെത്തുന്നത്. രണ്ടുപേരും എൻ.ഡി.പി.പി കക്ഷിയുടെ പ്രതിനിധികളാണ്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലങ്ങൾ വരാൻപോകുന്ന നിയമസഭാ - പാർലമെന്റ് തിരഞ്ഞെടുപ്പുകളെ ഒരുവിധത്തിലും സ്വാധീനിക്കാൻ പോകുന്നില്ലെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറയുന്നത്. എല്ലാ അർത്ഥത്തിലും ശരിയാണത്. കാരണം ഒാരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോൺഗ്രസ് ചുരുങ്ങിച്ചുരുങ്ങി വരികയാണല്ലോ. വോട്ടർമാരെ സ്വാധീനിക്കാനുള്ള ശക്തിയും ഉൗർജ്ജവുമൊന്നും പഴയതുപോലെ പാർട്ടിക്ക് ഇപ്പോഴില്ല. ത്രിപുരയിൽ നേരിട്ട പരാജയത്തിന്റെ വെളിച്ചത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷസഖ്യം എന്ന ആശയത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാൻ വിഷമമാണ്. ഇൗ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പറയത്തക്ക നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും തമിഴ്നാട്ടിലും ബംഗാളിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥികളാണ്. ബംഗാൾ നിയമസഭയിൽ ഇതോടെ കോൺഗ്രസിന് പ്രാതിനിദ്ധ്യവുമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരൊറ്റ കോൺഗ്രസ് സ്ഥാനാർത്ഥിപോലും വിജയിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |