SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.55 PM IST

ഹർഷീനയുടെ ഹൃദയത്തിൽ തറച്ച കത്രിക

opinion

സിനിമാക്കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് ഹർഷീനയെന്ന 32കാരി വീട്ടമ്മയുടെ ജീവിതത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2022 സെപ്തംബർ 17നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹർഷീനയുടെ വയറ്രിൽനിന്ന് ഒരു കത്രിക പുറത്തെടുത്തത്. അഞ്ചുവർഷം മുൻപ് മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്‌ക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഈ കത്രിക (ആർട്ടറി ഫോർസെപ്‌സ്) കുടുങ്ങിയത്.

അഞ്ചുവർഷം സഹിച്ച തീവ്രവേദനയ്‌ക്കൊടുവിലാണ് ഹർഷീനയുടെ വയറ്റിൽ നിന്ന് ആ കത്രിക നീക്കം ചെയ്തത്. അധികൃതരുടെ വീഴ്ചയാൽ തന്റെ ജീവിതത്തിനും ശരീരത്തിനുമേറ്ര പരിക്കിനുള്ള നഷ്ടപരിഹാരവും തനിക്ക് ലഭിക്കേണ്ട നീതിയുമാണ് ഹർഷീന ആവശ്യപ്പെടുന്നത്. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽകോളജിൽ നടന്ന തന്റെ മൂന്നാമത്തെ പ്രസവശേഷമാണ് ആരോഗ്യ പ്രശ്‌നങ്ങളെല്ലാമുണ്ടായതെന്ന് ഹർഷീന പറയുന്നു.

മൂന്ന് അന്വേഷണങ്ങളാണ് ആറുമാസത്തിനിടെ ഈ വിഷയത്തിൽ നടന്നത്. ആദ്യ രണ്ട് അന്വേഷണങ്ങളും വെളിച്ചം കാണാതായപ്പോൾ രണ്ടരമാസം മുമ്പ് ആരോഗ്യവകുപ്പിന്റെ നേരിട്ടുള്ള വിദഗ്ധപാനൽ അന്വേഷണം. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ. പക്ഷേ രണ്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ടുമില്ല അന്വേഷണസംഘവുമില്ല. ഒടുവിൽ ഗതികെട്ട് ഹർഷീന ഫബ്രുവരി 27മുതൽ കോഴിക്കോട് മെഡിക്കൽകോളജിന് മുമ്പിൽ നിരാഹാരസമരം തുടങ്ങി. മാദ്ധ്യമങ്ങൾ വലിയ കവറേജ് നൽകി. സോഷ്യൽമീഡിയയും രാഷ്ട്രീയപാർട്ടി സംഘടനകളും പിന്തുണയുമായെത്തി. അതോടെ അനന്തപുരിയൊന്ന് കുലുങ്ങി. സമരത്തിന്റെ അഞ്ചാം ദിവസം പെട്ടെന്നൊരു റിപ്പോർട്ട് വെളിച്ചത്തുചാടി. നാഥനില്ലാത്ത റിപ്പോർട്ട് പറയുന്നത് ആ കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ്. തങ്ങളുടെ കണക്കിൽ കത്രികകളുടെ എണ്ണം കുറഞ്ഞിട്ടില്ല. മറ്റെവിടെ നിന്നോ കയറിക്കൂടിയതാണ്. ശരി ആ കത്രിക നിങ്ങളുടേതല്ല. പിന്നെ ആരുടേതാണ്? അതിന് ഉത്തരം പറയേണ്ടതും അന്വേഷിച്ച് കണ്ടെത്തേണ്ടതും ആരാണ്. ഇതിനുമുമ്പ് ഹർഷീനയ്ക്ക് രണ്ട് പ്രസവശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്. രണ്ടും താമരശ്ശേരി സർക്കാർ ആശുപത്രിയിലാണ്. അവിടുത്തെ കത്രികയുടെ കണക്ക് അന്വേഷണ സംഘം പരിശോധിച്ചോ?. കോഴിക്കോട് മെഡിക്കൽകോളജിലെ ഡോക്ടർമാരേ മാത്രം സംരക്ഷിച്ചാൽ മതിയോ. താമരശേരിയിലുള്ളവരുടെ ശമ്പളവും സർക്കാർ ഖജനാവിൽ നിന്നല്ലേ..? ആറുമാസമായില്ലേ മൂന്നുകുട്ടികളുടെ അമ്മയായ ഒരു നിർദ്ധനയുവതിയെ നിങ്ങളിങ്ങനെ തലങ്ങും വിലങ്ങും ഓടിക്കാൻ തുടങ്ങിയിട്ട്...!

ആരോഗ്യവകുപ്പിന്റെ മിന്നൽ റിപ്പോർട്ട് വന്നപ്പോൾ കണ്ണീരോടെയാണെങ്കിലും ഹർഷീനയുടെ പ്രതികരണം രൂക്ഷമായിരുന്നു.

' എന്റെ വയറ്റിൽ നിന്നും പുറത്തെടുത്ത കത്രിക ശസ്ത്രക്രിയയ്‌ക്കിടെ കുടുങ്ങിയതല്ലെങ്കിൽ പിന്നത് ഞാൻ വിഴുങ്ങിയതാണോ...? കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്ന് പറയുന്നവർ ആ കത്രിക ആരുടേതാണെന്നെങ്കിലും പറഞ്ഞുതരണം. ഒരു പാവം പെണ്ണാണ് . പണമില്ല, പത്രാസില്ല, സ്വാധീനങ്ങളില്ല. ഞങ്ങൾക്കും നീതി കിട്ടേണ്ടേ...
മെഡിക്കൽ കോളേജടക്കം സർക്കാർ ആശുപത്രികളിൽമാത്രമാണ് താൻ ചികിത്സ തേടിയത്. അഞ്ചുവർഷം ഒരു കത്രിക വയറ്റിൽ പേറി നടന്നു. ഇല്ലാത്ത അസുഖങ്ങളില്ലായിരുന്നു. വയറ്റിൽ പഴുപ്പ് കാരണം സ്വകാര്യാശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് ലോഹഭാഗം വയറ്റിലുണ്ടെന്ന് കണ്ടെത്തിയത്. വീണ്ടും മെഡിക്കൽകോളേജിലേക്ക്. ഒടുവിൽ കത്രിക പുറത്തെടുത്തു. മാസം അഞ്ചുകഴിഞ്ഞു. അതിനിടെ മൂന്ന് അന്വേഷണം. അവസാനം താനിവിടെ മെഡിക്കൽകോളേജിന് മുമ്പിൽ നിരാഹാരമിരിക്കാൻ തുടങ്ങിയതോടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നു. കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്ന്. കത്രിക പുറത്തെടുത്തത് കോഴിക്കോട് മെഡിക്കൽകോളേജിൽ നിന്നല്ലെന്ന് അവർ പറയാതിരുന്നത് ഭാഗ്യം. എന്തായാലും എന്റെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തിട്ടുണ്ട്. അത് മെഡിക്കൽകോളേജിന്റേതല്ലെന്ന് പറയാൻ മാത്രം അഞ്ചുമാസം. ഇനി അത് എവിടുത്തേതാണെന്ന് തെളിയിക്കാൻ എത്രമാസം വേണ്ടിവരും. ഞാൻ കത്രികവിഴുങ്ങിയതാണെന്ന് തെളിയിക്കാൻ എത്രമാസം വേണ്ടിവരും. അവസാനപ്രസവം നടന്നത് മെഡിക്കൽകോളജിലാണെങ്കിൽ ആദ്യ രണ്ടുപ്രസവവും താമരശേരി ഗവ.ആശുപത്രിയിലാണ്. അതും സർക്കാരിന്റേതല്ലേ...രാഷ്ട്രീയമില്ലാത്ത, പണമില്ലാത്ത കേവലം ഒരു വീട്ടമ്മ മാത്രമാണ് താൻ...തന്നെപ്പോലുള്ളവർക്ക് എവിടുന്നാണ് നീതീ കിട്ടുകയെന്ന് ഹർഷീന...'

ഈ ചോദ്യത്തിന് ആരാണ് മറുപടി നൽകേണ്ടത്. കത്രിക എവിടെ നിന്ന് വന്നെന്ന് കണ്ടെത്താനും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാനും ഇത്രയും വർഷം അവരനുഭവിച്ച യാതനകൾക്ക് നഷ്ടപരിഹാരം നൽകാനും സർക്കാരിന് ബാദ്ധ്യതയുണ്ട്. നാഥനില്ലാതെ പുറത്തുവന്ന റിപ്പോർട്ട് ആരോഗ്യവകുപ്പിന്റേതാണെന്ന് സമ്മതിക്കാനും അനന്തര നടപടികളെന്ന് വ്യക്തമാക്കാനും നേരത്തെ മാധ്യമപ്രവർത്തകയായി നാനാവിധം മനുഷ്യരുടെ ജീവൽപ്രശ്‌നങ്ങളിലിടപെട്ട ആരോഗ്യമന്ത്രി തയ്യാറാവണം. അതിനും ഇനി മാസങ്ങളും വർഷങ്ങളും ദീർഘിപ്പിച്ച് അടുക്കം ആ പാവത്തെ മരണത്തിലേക്ക് തള്ളിവിടരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARSHEENA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.