അന്തിക്കാട്: ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പെരിങ്ങോട്ടുകര ശ്രീ സോമശേഖര ക്ഷേത്രത്തിലെ മഹോത്സവത്തിന് ഞായറാഴ്ച്ച കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഞായറാഴ്ച്ച രാവിലെ 5.30ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തൃക്കൊടിയേറ്റ് നടത്തും.
വൈകീട്ട് 5.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിവഗിരി ധർമ്മസംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആദരിക്കും. വൈകീട്ട് 7.30 ന് കലാഭവൻ സലീമും സംഘവും അവതരിപ്പിക്കുന്ന മിമിക്‌സ് ഗാനമേള അരങ്ങേറും. ചൊവ്വാഴ്ച്ച വൈകീട്ട് 7ന് വിവിധ തരം കലാപരിപാടികൾ നടക്കും. ശ്രീനാരായണ ഗുരുദേവനെ കുറിച്ച് ആദ്യമായി ചിട്ടപ്പെടുത്തിയ കൈകൊട്ടിക്കളി തൃപ്രയാർ കളിമണ്ഡലം അവതരിപ്പിക്കും. ബുധനാഴ്ച്ച രാത്രി 8 ന് കെ.പി.എ.സിയുടെ ഈ വർഷത്തെ ഏറ്റവും പുതിയ നാടകമായ 'അപരാജിതൻ ' അരങ്ങേറും. വെള്ളിയാഴ്ച്ച രാത്രി എട്ടിന് വിവിധ കലാപരിപാടികളും തുടർന്ന് നന്മ പെർഫോമിംഗ് ആർട്‌സ് ഗ്രൂപ്പിന്റെ 'ഏകലവ്യൻ' നാടകവും ഉണ്ടാകും. ശനിയാഴ്ച്ച വൈകീട്ട് 5.30ന് കൂട്ടിയെഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അകമ്പടിയേകും.
രാത്രി 10ന് ശ്രീകുരുംബ അന്തിക്കാടിന്റെ നാടൻ പാട്ട് അവതരിപ്പിക്കും. ഞായറാഴ്ച്ച രാവിലെ ആറിന് കൂട്ടിയെഴുന്നള്ളിപ്പിന് കലാമണ്ഡലം ശിവദാസനും പാർട്ടിയും അവതരിപ്പിക്കുന്ന പഞ്ചാരിമേളം അകമ്പടിയാകും. രാത്രി 9.30ന് ആറാട്ടും തുടർന്ന് കൊടിയിറക്കലും നടക്കും.
ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് വി.കെ സുശീലൻ, കൺവീനർ രാജീവ് തൊടുപറമ്പിൽ, ആശ്രമം ഇൻ ചാർജ്ജ് സ്വാമി പ്രബോധ തീർത്ഥ, എൻ.ആർ മണികണ്ഠൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |