@വീട്ടിലെ ലൈബ്രറിയിൽ ഒരുക്കിയത് 2000 ത്തിൽപരം പുസ്തകങ്ങൾ
നന്മണ്ട: സലീന്ദ്രൻ പാറച്ചാലിൽ ആളൊരു ചില്ലറക്കാരനല്ല. പുസ്തകവായന ലഹരിയാക്കിയ ഈ ചെറുപ്പക്കാരൻ കിടപ്പുരോഗികൾക്കും പ്രായാധിക്യത്താൽ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തവർക്കും ആശ്വാസം പകരാൻ വീട്ടിൽ ഒരു ലൈബ്രറിയുണ്ടാക്കി. രണ്ടായിരത്തിൽപരം പുസ്തകങ്ങളുള്ള സഞ്ചരിക്കും ലൈബ്രറി.
വളരെ ചെറുപ്രായത്തിൽ തന്നെ നല്ലൊരു സംഘാടകനായിരുന്നു സലീന്ദ്രൻ. ഒരു പരിപാടിക്ക് അദ്ധ്യാപകനും എഴുത്തുകാരനുമായ രാഘവൻ പുന്നശ്ശേരിയെ ക്ഷണിക്കാൻ പോയപ്പോൾ അദ്ദേഹം സലീന്ദ്രന് ഒരു പുസ്തകം സൗജന്യമായി നൽകി. അത് വായിച്ച ശേഷം മറ്റാർക്കെങ്കിലും വായിക്കാൻ കൊടുക്കണമെന്ന എന്ന ചിന്ത ഉള്ളിലുണ്ടായി. ആ ചിന്തയിൽനിന്നാണ് പുസ്തകങ്ങൾ സമാഹരിക്കാൻ ആരംഭിച്ചത്. 250 ഓളം പുസ്തകങ്ങൾ വാങ്ങിയതോടെ ചെറിയ തോതിൽ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചു. ഇപ്പോഴത് രണ്ടായിരത്തിലെത്തി. ഗാന്ധിജി, നെഹ്രു, ടാഗോർ, എം.ടി., ചങ്ങമ്പുഴ എന്നിവരുടേതുൾപ്പെടെ നിരവധി പുസ്തകങ്ങളാണ് സലീന്ദ്രന്റെ ലൈബ്രറിയിലുള്ളത്. കാർഷിക രംഗവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ശേഖരത്തിലുണ്ട്. കിടപ്പുരോഗികൾക്കും പ്രായമായവർക്കും അവരുടെ വീടുകളിൽ പുസ്തകങ്ങൾ എത്തിച്ചുനൽകാൻ തുടങ്ങിയിട്ട്ആറു വർഷമായി.
കൊവിഡ് കാലത്ത് സലീന്ദ്രന്റെ ലൈബ്രറി ഒരുപാടുപേർക്ക് ഗുണം ചെയ്തിട്ടുണ്ട്. അറുപതോളം സ്ഥിര വായനക്കാരും ഏതാണ്ട് അത്രതന്നെ ഇടയ്ക്കിടെ വന്ന് പുസ്തകം വാങ്ങിപ്പോകുന്നവരുമുണ്ട്. കൂടാതെ വിദ്യാർത്ഥികളും സംശയനിവാരണത്തിനായി സലീന്ദ്രന്റെ ലൈബ്രറിയെ തേടിയെത്താറുണ്ട്. നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ ബാലുശ്ശേരി ശാഖയിലെ ജീവനക്കാരനാണ് സലീന്ദ്രൻ. ജോലിക്ക് പോകുന്നതിന് മുമ്പും തിരിച്ചെത്തിയ ശേഷവുമാണ് പുസ്തകവുമായി വീടുകളിലെത്തുന്നത്. കിട്ടുന്ന ശമ്പളത്തിന്റെ ഏറിയ പങ്കും പുസ്തകം വാങ്ങുന്നതിനായാണ് സലീന്ദ്രൻ ചെലവഴിക്കുന്നത്. യാതൊരു പ്രതിഫലവും കൂടാതെയാണ് ലൈബ്രറി പ്രവർത്തിക്കുന്നത്.
സലീന്ദ്രന് ഇനിയൊരു ആഗ്രഹവും കൂടി ബാക്കിയുണ്ട്. പിതാവ് പി.സി ചന്ദ്രന്റെ സ്മരണയ്ക്കായി കുറച്ച് സ്ഥലം വാങ്ങി കെട്ടിടമുണ്ടാക്കി വിപുലമായ ഒരു ലൈബ്രറിയുണ്ടാക്കണം. ഒപ്പം ഒരു വായനശാലയും. അതിനുള്ള പരിശ്രമത്തിലാണിപ്പോൾ. നിലവിൽ പുസ്തകങ്ങളേറെയും കെട്ടിവെച്ച അവസ്ഥയിലാണ്. ലൈബ്രറി കെട്ടിടം ഒരുക്കിയാൽ പുസ്തകം ഷെൽഫിൽ ഒതുക്കാൻ കഴിയും. അമ്മ ലക്ഷ്മിയുടെയും ഭാര്യ സ്റ്റെല്ലയുടെയും പിന്തുണയും സലീന്ദ്രന്റെ സ്വപ്നങ്ങൾക്കൊപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |