ബംഗളൂരു:കർണാടകത്തിൽ കോഴക്കേസിൽ ഒളിവിലായ ബി. ജെ. പി എം.എൽ.എ മാഡൽ വിരൂപാക്ഷപ്പയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് കോൺഗസിന്റെ വൻ പ്രതിഷേധം.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുമ്പിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ,കെ.പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാർ, കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജെവാല തുടങ്ങിയ നേതാക്കളെ പൊലീസ് തടഞ്ഞു വയ്‌ക്കുകയും പിന്നീട് നീക്കുകയും ചെയ്‌തു. ഇവരുടെ നേതൃത്വത്തിൽ രേസ്കോഴ്‌സ് റോഡിലെ കോൺഗ്രസ് ഓഫീസിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്‌തു. സ്യൂട്ട്കേസ്, 40 ശതമാനം സർക്കാർ എന്നീ മുദ്രാവാക്യങ്ങളോടെ മാർച്ച് ചെയ്‌ത പ്രവർത്തക പൊലീസ് തടഞ്ഞതോടെ നേതാക്കളുൾപ്പെടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാൻ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. പ്രവർത്തകരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ബസുകളിൽ കയറ്റികൊണ്ടു പോയി.
ബൊമ്മെ സർക്കാർ അഴിമതിയിൽ മുങ്ങിയതിന്റെ തെളിവാണ് എം.എൽ.എയുടെ പക്കൽ നിന്ന് കണ്ടെത്തിയ കോടികളെന്ന് ആരോപിച്ച സുർജെവാല, ഉത്തരവാദിത്വം ഏറ്റെടുത്ത് ബൊമ്മെ രാജി വയ്ക്കണമെന്നും വിരൂപാക്ഷപ്പെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
ലോകായുക്ത റെയ്ഡിനെത്തുടർന്ന് കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ചെയർമാൻ സ്ഥാനം വിരൂപാക്ഷപ്പ രാജി വച്ചിരുന്നു. എം.എൽ.എയ്ക്കു വേണ്ടി കരാറുകാരനിൽ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോൾ മകൻ പ്രശാന്ത് മാഡലിനെ അറസ്റ്റ് ചെയ്‌തിന് പിന്നാലെ പ്രശാന്തിന്റെ വീട്, ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ആറ് കോടി രൂപയും വിരൂപാക്ഷപ്പയുടെ ഓഫീസിൽ നിന്ന് രണ്ട് കോടി രൂപയുമാണ് റെയ്ഡിൽ പിടിച്ചെടുത്തത്. തുടർന്നാണ് വിരൂപാക്ഷപ്പ ഒളിവിൽ പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |