ടോക്കിയോ: സാമ്പത്തിക രംഗത്ത് അമേരിക്കൻ ഭീഷണി നേരിടാൻ ഇന്ത്യയും ചൈനയും ഒരുമിക്കുമെന്ന് വ്യക്തമായ സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാൻ സന്ദർശനത്തിനിടെയാണ്, ഏഷ്യയിലെ വൻശക്തികളായ ഇന്ത്യയും ചൈനയും ഒന്നിച്ചാൽ ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൊണ്ടുവരാൻ കഴിയുമെന്ന് മോദി പറഞ്ഞത്.
അമേരിക്കയ്ക്കെതിരെ ഇന്ത്യ- ചൈന- റഷ്യ രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി മോദിയുടെ വാക്കുകളെ വ്യാഖ്യാനിക്കാം. പ്രസിഡന്റ് ഷീജിൻ പിങിന്റെ ക്ഷണപ്രകാരം നാളെ ചൈന സന്ദർശിക്കുകയാണ് മോദി. സന്ദർശനലക്ഷ്യം സ്ഥിരതയുള്ള ഉഭയകക്ഷി ബന്ധമാണെന്നും ഇന്തോ- പസഫിക് മേഖലയിലെ സമാധാനത്തിന് ഇത് അനിവാര്യമാണെന്നും മോദി വ്യക്തമാക്കി. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും കൂടിക്കാഴ്ച നടത്തും. മൂവരും ഒരുമിച്ചുള്ള ചർച്ചയ്ക്കും സാദ്ധ്യതയുണ്ട്. ജാപ്പനീസ് മാദ്ധ്യമമായ യോമിയുരി ഷിംബുനിന് നൽകിയ അഭിമുഖത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
യു.എസ് ഭീഷണിക്കെതിരെ ഒന്നിക്കണമെന്ന ചൈനയുടെ ആഹ്വാനത്തോട് ആദ്യമായാണ് മോദി പ്രതികരിക്കുന്നത്. ജനുവരിയിൽ ട്രംപ് അധികാരത്തിലെത്തിയതിനു പിന്നാലെ ചൈനയ്ക്ക് ഭീമൻ തീരുവ ചുമത്തിയിരുന്നു. ഇന്ത്യ- ചൈന ബന്ധം ആനയും ഡ്രാഗണും ചേർന്നുള്ള ടാംഗോ (ഒരുതരം നൃത്തരൂപം) പോലെയാകണമെന്ന് ഷീ ഏപ്രിലിൽ പറഞ്ഞിരുന്നു. 2020ലെ സൈനിക സംഘർഷത്തെ തുടർന്ന് വഷളായ ഇന്ത്യ- ചൈന ബന്ധം നയതന്ത്ര ചർച്ചകളിലൂടെ മെച്ചപ്പെട്ടുവരുകയാണ്.
വമ്പൻ അജൻഡകളുമായി ഇന്നലെയാണ് മോദി ടോക്കിയോയിലെത്തിയത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി ഇന്ത്യ- ജപ്പാൻ വാർഷിക ഉച്ചകോടിയിലും സാമ്പത്തിക ഫോറത്തിലും പങ്കെടുത്തു. ഇന്ത്യയിലേക്ക് ജാപ്പനീസ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
6 ലക്ഷം കോടി ഇന്ത്യയിൽ
നിക്ഷേപിക്കാൻ ജപ്പാൻ
10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 6 ലക്ഷം കോടി രൂപ (10 ട്രില്യൺ യെൻ) നിക്ഷേപിക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി
അഞ്ച് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മേഖലകളിലായി 5 ലക്ഷം പേരുടെ കൈമാറ്റം
ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കും
ഇന്ത്യൻ സംസ്ഥാനങ്ങളും ജാപ്പനീസ് പ്രവിശ്യകളും തമ്മിലെ സഹകരണം ആഴത്തിലാകും
ഇതിലൂടെ വ്യാപാരം, ടൂറിസം, വിദ്യാഭ്യാസം, സാംസ്‌കാരിക വിനിമയം എന്നിവയ്ക്ക് സാദ്ധ്യത
ചന്ദ്രയാൻ- 5 ദൗത്യത്തിൽ ഐ.എസ്.ആർ.ഒയും ജാപ്പനീസ് സ്പേസ് ഏജൻസി ജാക്‌സയുമായി കരാർ
സംയുക്ത ക്രെഡിറ്റ് സംവിധാനം, ധാതുവിഭവം, സാംസ്‌കാരിക വിനിമയം ഡിജിറ്റൽ പങ്കാളിത്തം
എ.ഐ, സുസ്ഥിര ഇന്ധനം, ബിസിനസ് മേഖലകളിൽ സംയുക്ത സംരംഭങ്ങൾ
``ഇന്ത്യ പ്രതിഭകളുടെ പവർഹൗസാണ്. വരൂ, ലോകത്തിനായി ഇന്ത്യയിൽ നിർമ്മിക്കൂ``
- പ്രധാനമന്ത്രി നരേന്ദ്ര മോദി
(ഇന്ത്യ- ജപ്പാൻ സാമ്പത്തിക ഫോറത്തിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |