വാഷിംഗ്ടൺ: യു.എസിൽ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് നൽകിയിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ പിൻവലിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സെപ്തംബർ 1 മുതൽ നടപടി പ്രാബല്യത്തിൽ വരും. മുൻ വൈസ് പ്രസിഡന്റുമാർക്ക് പദവി ഒഴിഞ്ഞ് ആറ് മാസം വരെയാണ് സാധാരണഗതിയിൽ സീക്രട്ട് സർവീസിന്റെ സുരക്ഷ ലഭിക്കുക.
എന്നാൽ ജനുവരിയിൽ വൈറ്റ് ഹൗസിന്റെ പടിയിറങ്ങും മുന്നേ അന്നത്തെ പ്രസിഡന്റായിരുന്ന ജോ ബൈഡൻ, കമലയ്ക്കുള്ള സംരക്ഷണം 2026 ജനുവരി വരെ നീട്ടിയിരുന്നു. കഴിഞ്ഞ നവംബറിലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ കമല ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് കീഴിലുള്ള ഫെഡറൽ നിയമ നിർവഹണ ഏജൻസിയാണ് യു.എസ് സീക്രട്ട് സർവീസ്. 1901 മുതൽ യു.എസ് പ്രസിഡന്റുമാരെയും മുൻ പ്രസിഡന്റുമാരെയും പ്രസിഡൻഷ്യൽ സ്ഥാനാർത്ഥികളെയും സംരക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |