ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രിയെ സംബന്ധിച്ച സസ്പെൻസ് അവസാനിപ്പിച്ച് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ട മുൻ മുഖ്യമന്ത്രി മണിക് സാഹ തന്നെ മുഖ്യമന്ത്രിയാകും. പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
ഇന്നലെ ചേർന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. ബി.ജെ.പിയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ട്രിബൾ ഷൂട്ടറും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിദ്ധ്യത്തിലായിരുന്നു എം.എൽ.എ മാരുടെ യോഗം ചേർന്നത്. സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പാണ് ബിപ്ളവ് കുമാർ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് വേളയിൽ അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം മണിക് സാഹയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് മുൻ മുഖ്യമന്ത്രി ബിപ്ളവ് കുമാർ ദേബിനെ പിന്തുണക്കുന്നവരാണ്. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ മണിക് സാഹയ്ക്കാണെന്ന് ഹിമന്ത ബിശ്വ ശർമ്മയിലൂടെ ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെയാണ് മണിക് സാഹ തുടരുമെന്ന തീരുമാനത്തിലെത്തിയത്.
നാഗലാൻഡിൽ പ്രതിപക്ഷമില്ലാത്ത നിയമസഭ?
ഏഴ് അംഗങ്ങളുള്ള മൂന്നാമത്തെ വലിയ കക്ഷിയായ എൻ.സി.പി കൂടി എൻ.ഡി.പി.പി - ബി.ജെ.പി മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചതോടെ ഫലത്തിൽ നാഗാലാൻഡ് പ്രതിപക്ഷമില്ലാത്ത നിയമസഭയായി മാറും. മന്ത്രിസഭ രൂപീകരണത്തിന് എൻ.ഡി.പി.പി - ബി.ജെ.പി സഖ്യത്തിന് തിരുപാധിക പിന്തുണയറിയിച്ച് എൻ.സി.പി കത്ത് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഭരണകക്ഷികളായ എൻ.ഡി.പി.പി 25 ഉം ബി.ജെ.പി 12ഉം സീറ്റുകൾ നേടി. രണ്ട് സീറ്റുകൾ വീതം നേടിയ ആർ.പി.ഐ(എ), എൽ.ജെ.പി എന്നിവരും ഒരു സീറ്റ് നേടിയ ജെ.ഡിയും നാല് സ്വതന്ത്രരും ബി.ജെ.പി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു.
സർക്കാർ രൂപീകരണ പ്രക്രിയ നിരീക്ഷിക്കുകയാണെന്നും സർക്കാരിൽ ചേരണമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും എൻ.പി.എഫ് നേതാവ് അച്ചുംബെമോ കിക്കോൺ പറഞ്ഞു. എൻ.പി.എഫിന് രണ്ട് സീറ്റുകളാണുള്ളത്. 2015ലും 2021 ലും പ്രതിപക്ഷമില്ലാത്ത നിയമസഭയായിരുന്നെങ്കിലും മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് പ്രതിപക്ഷമില്ലാതാകുന്നത് ആദ്യമായാണ്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കും.
മേഘാലയിലും "മൃഗീയ ഭൂരിപക്ഷത്തോടെ" മന്ത്രിസഭ
60 അംഗ നിയമസഭയിൽ 45 പേരുടെ പിന്തുണ ഉറപ്പാക്കിയ കോൺറാഡ് സാംഗ്മ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചേക്കുമെന്ന് കരുതിയ യു.ഡി.പി കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മൃഗീയ ഭൂരിപക്ഷ പിന്തുണയുള്ള മന്ത്രിസഭയായി മാറാൻ പോകുന്നത്. യു.ഡി.പിക്ക് 11 എം.എൽ.എമാരാണുള്ളത്.
രണ്ട് ദിവസത്തെ വടക്ക് കിഴക്കൻ യാത്രയുമായി പ്രധാനമന്ത്രി
മൂന്ന് സംസ്ഥാനങ്ങളിലെ പുതിയ സർക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങിലും അസം മന്ത്രിസഭ യോഗത്തിലും പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് എത്തിച്ചേരും. നാഗലാൻഡ്, മേഘാലയ സർക്കാരുകളുടെ സത്യപ്രതിജ്ഞ ചടങ്ങുകളിലും അസം മന്ത്രിസഭ യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നാളെ ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |