നാഗ്പൂർ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ടയാൾ മാനഭംഗം ചെയ്തതിനെ തുടർന്ന് ഗർഭിണിയായ 15കാരി യൂ ട്യൂബ് നോക്കി പ്രസവം കൈകാര്യം ചെയ്യുന്നത് പഠിച്ച് വീട്ടിൽ പ്രസവിച്ചു. കുഞ്ഞിന്റെ കരച്ചിൽ അയൽക്കാർ കേൾക്കാതിരിക്കാൻ പ്രസവിച്ചയുടൻ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി.
ഒമ്പതാം ക്ളാസുകാരി മാസങ്ങൾക്ക് മുമ്പ് താക്കൂർ എന്നയാളുമായി ഇൻസ്റ്റഗ്രാമിൽ പരിചയപ്പട്ടു. ഫോണിൽ നിരന്തരം ചാറ്റ് ചെയ്ത് പരിചയം വളർന്നെങ്കിലും അയാളുടെ മുഴുവൻ പേരോ അഡ്രസോ പെൺകുട്ടിക്ക് അറിയുമായിരുന്നില്ല. അയാൾ എപ്പോഴും ബന്ധപ്പെട്ടിരുന്നത് മെസഞ്ചർ വഴിയും വോയിസ് കോളിലൂടെയുമായിരുന്നതിനാൽ ഫോൺ നമ്പർ വച്ച് ഇയാളെ കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. കൂടാതെ ഫോണിൽ സദാസമയവും ചെലവിടുന്നത് കണ്ട മാതാവ് പെൺകുട്ടിയുടെ ഫോൺ തല്ലിത്തകർക്കുകയും ചെയ്തതിനാൽ ഫോണിൽ നിന്നുള്ള ഡേറ്റ ശേഖരിക്കാനും കഴിഞ്ഞിട്ടില്ല. ഫോൺ നശിപ്പിച്ചു കളഞ്ഞതോടെ മാതാവിന്റെ ഫോണാണ് പിന്നീട് കുട്ടി ഇടക്കിടെ ഉപയോഗിച്ചത്. പ്രസവമെടുക്കുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ യു ട്യൂബ് നോക്കി പഠിച്ച ശേഷം ബ്രൗസിംഗ് ഹിസ്റ്ററിയും ഡൗൺലോഡ് ചെയ്ത കണ്ടന്റുകളും മായ്ച്ചു കളഞ്ഞിരുന്നതിനാൽ മാതാവിന്റെ ശ്രദ്ധയിൽ പെട്ടില്ല.
മാളിൽ ജോലി ചെയ്യുന്ന കുട്ടിയുടെ മാതാവ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എത്തിയപ്പോൾ കണ്ടത് മുറിയിൽ അവിടവിടെ രക്തക്കറകളും കുട്ടി ക്ഷീണിച്ച് അവശയായിരിക്കുന്നതുമാണ്. കാരണമന്വേഷിച്ചപ്പോൾ മാസമുറയെ തുടർന്നുള്ള രക്തമാണെന്ന് കള്ളം പറഞ്ഞെങ്കിലും പിന്നീട് പിടിച്ചു നിൽക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് താനൊരു കുഞ്ഞിന് ജന്മം നൽകുകയും കൊലപ്പെടുത്തുകയും ചെയ്തതായി വെളിപ്പെടുത്തി. കുഞ്ഞിന്റെ ജഡം ടെറസിൽ ബാഗിലാക്കി വച്ചിരിക്കുകയാണെന്നും അറിയിച്ചു.
ഉടൻ തന്നെ മാതാവ് പെൺകുട്ടിയെ ഹോസ്പിറ്റലിലാക്കി. ഹോസ്പിറ്റൽ അധികൃതർ അംബസാരി പൊലീസ് സ്റ്റേഷനിൽ അറിയിച്ചതോടെ വനിതാ പൊലീസ് എത്തി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചെങ്കിലും ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട ആളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പെൺകുട്ടിയിൽ നിന്ന് ലഭിച്ചില്ല. പരിചയപ്പെട്ട ശേഷം ഒരു തവണ താക്കൂർ അയാളുടെ സുഹൃത്തിന്റെ വീട്ടിൽ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോവുകയും മദ്യം നൽകിയ ശേഷം ബലപ്രയോഗത്തിലൂടെ ബന്ധപ്പെടുകയുമാണുണ്ടായതെന്ന് കുട്ടി വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ഗർഭിണിയായ ശേഷം മാതാവിൽ നിന്ന് മറച്ചു വയ്ക്കാനായി മാസമുറയുടെ സമയമാവുമ്പോൾ ബാഗിൽ നാപ്കിനുകളുമായി സ്കൂളിൽ പോവുകയാണുണ്ടായത്. അയൽക്കാരായ ചിലർ പെൺകുട്ടിയുടെ വയറിന്റെ വലിപ്പത്തെ കുറിച്ച് ചോദിച്ചപ്പോൾ മറ്റ് ചില കാരണങ്ങൾ പറഞ്ഞ് ശ്രദ്ധ തിരിക്കുകയും തനിക്ക് മാസമുറയുണ്ടെന്ന് പറഞ്ഞ് തടിതപ്പുകയുമായിരുന്നു.
താക്കൂറിനെ കണ്ടെത്താനായി സൈബർ പൊലീസിന്റെ സഹായം തേടുമെന്ന് അംബസാരി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഗജാനൻ കല്യാൺകർ അറിയിച്ചു. ഇപ്പോൾ കുട്ടിയും മാതാവും നൽകിയ വിവരങ്ങൾ മാത്രമേയുള്ളൂ.
മാനഭംഗത്തിന് കേസെടുത്ത പൊലീസ് കുഞ്ഞിന്റേത് അപകടമരണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം കഴിഞ്ഞാൽ മാത്രമേ കുഞ്ഞ് കൊല്ലപ്പെട്ടതാണോ ചാപിള്ളയായിരുന്നോ എന്നത് വ്യക്തമാവൂ എന്നതിനാലാണിതെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |