കൊച്ചി: തീകെടുത്താനുള്ള കഠിനശ്രമങ്ങൾക്കിടയിലും വിഷപ്പുക തുപ്പുകയാണിപ്പോഴും ബ്രഹ്മപുരം. മാലിന്യമലയ്ക്കുള്ളിൽ തീക്കനലുകൾ അണയാതെ എരിയുകയാണ്. പൊരിവെയിലിനോടും രൂക്ഷഗന്ധത്തോടും പടവെട്ടി രക്ഷാപ്രവർത്തനത്തിന് ചുക്കാൻപിടിക്കുന്ന സർക്കാർ സംവിധാനങ്ങളെയാകെ അഞ്ചാംദിനവും വെള്ളംകുടിപ്പിക്കുന്നതും ഇതു തന്നെ. ഉച്ചയോടെ പ്രദേശത്തേക്ക് വീശുന്ന കാറ്റ് രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. കാറ്റടിച്ച് കനലുകൾക്ക് വീണ്ടും തീപിടിക്കുന്നതിനാൽ രാവിലെ മുതൽ ചെയ്തുവരുന്ന പ്രവർത്തനങ്ങളെല്ലാം പാഴാവുകയാണ്. മലിന്യമലയ്ക്കുള്ളിൽ പ്ലാസ്റ്റിക്ക് കത്തിയുണ്ടാകുന്ന കറുത്തപുക വൈകിട്ടോടെ അന്തരീക്ഷത്തിൽ പടരുകയും പുലർച്ചെവരെ അന്തരീക്ഷത്തിൽ നിലനിൽക്കുകയും ചെയ്യുന്നതിനാൽ സമീപവാസികളെല്ലാം ദുരിതത്തിലാണ്.
5,51,903 ക്യൂബിക്ക് മീറ്റർ മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്റിൽ കുമിഞ്ഞുകൂടിക്കിടക്കുന്നത്. അധികവും പ്ലാസ്റ്റിക്ക് മാലിന്യം. തീയണയ്ക്കാൻ ഹൈ പവർ മോട്ടോർ ഉപയോഗിച്ച് കടമ്പ്രയാറിൽ നിന്ന് വെള്ളമെടുക്കുന്നുണ്ട്. പ്ളാസ്റ്റിക് മാലിന്യമുള്ളതിനാൽ വെള്ളം പമ്പുചെയ്താലും മാലിന്യക്കൂനയ്ക്കള്ളിലേക്ക് ഇറങ്ങുന്നില്ല. കൂടുതൽ ഹിറ്റാച്ചി എത്തിച്ച് മാലിന്യക്കൂനകൾ ഇളക്കിമറിച്ച് വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കാനുള്ള ശ്രമത്തിലാണ് ഫയർഫോഴ്സ്. ആവശ്യത്തിന് ഹിറ്റാച്ചി എത്തിക്കാൻ കോർപ്പറേഷനായിട്ടില്ല. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രാവിലെ മുതൽ ഹിറ്റാച്ചി ആവശ്യപ്പെട്ടെങ്കിലും ഉടനെത്തുമെന്ന മറുപടിയാണ് ലഭിച്ചത്. ആറ് ഹിറ്രാച്ചികൾ എത്തിച്ചിട്ടുണ്ടെന്നാണ് കളക്ടർ അറിയിച്ചിട്ടുള്ളത്.
120 ഉദ്യോഗസ്ഥർ
ജില്ലയിലെ ഓരോ ഫയർ സ്റ്റേഷനിലും തീപിടിത്തവുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് ആറ് മുതൽ എട്ട് വരെ കോളുകൾ എത്തും. ഈ സാഹചര്യത്തിലും ബ്രഹ്മപുരത്തെ രക്ഷാ പ്രവർത്തനത്തിൽ വീഴ്ചവരുത്താതെ ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് ഫയർഫോഴ്സ് മുന്നിൽ നിൽക്കുന്നത്. 30 ഫയർ യൂണിറ്റുകളിലായി 120ഉദ്യോഗസ്ഥർ. പുറമെ, കൊച്ചി കോർപ്പറേഷൻ ജീവനക്കാരുമുണ്ട്. ഒരു യൂണിറ്റിൽ 40,000 ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്. നേവിയുടെ രണ്ട് ഹെലികോപ്ടറിൽ മുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലിൽ നിന്നുൾപ്പെടെ യന്ത്രസാമഗ്രികൾ ബ്രഹ്മപുരത്തെത്തിച്ചിട്ടുണ്ട്. ഇന്ന് കൂടുതൽ സ്ഥലത്ത് മാലിന്യം ചികഞ്ഞുമാറ്റി ഉൾവശത്തേക്ക് വെള്ളം പമ്പുചെയ്യാനുള്ള ആക്ഷൻപ്ലാൻ സജ്ജമാക്കിയിട്ടുണ്ട്.
മലിനീകരണം കുറയുന്നില്ല
കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും അന്തരീക്ഷമലിനീകരണ തോത് ഉയർന്ന് തന്നെ. അന്തരീക്ഷ മലിനീകരണ നിരീക്ഷണ കേന്ദ്രം ഞായറാഴ്ച പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് പർട്ടിക്കുലേറ്റ് മാറ്റർ (പി.എം ) 2.5ന്റെ മൂല്യം 441. അതായത് ഏറ്റവും ഗുരുതരമായ അളവിൽ തന്നെ. ശനിയാഴ്ച പി.എം. 500. ശരാശരി മൂല്യം 186. ഏറ്റവും കുറഞ്ഞ മൂല്യം 48. ബ്രഹ്മപുരത്ത് തീ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അടുത്തെങ്ങും കൊച്ചിയിൽ ശുദ്ധവായു ശ്വസിക്കാനാവില്ല.
--------------------
ബ്രഹ്മപുരം പ്ലാന്റിൽ കുമിഞ്ഞുകൂടിയത് 5,51,903 ക്യൂബിക്ക് മീറ്റർ മാലിന്യം
രക്ഷാപ്രവർത്തനത്തിന് 30 ഫയർ യൂണിറ്റുകളിലായി 120ഉദ്യോഗസ്ഥർ
ഒരു യൂണിറ്റിൽ 40,000 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |