SignIn
Kerala Kaumudi Online
Friday, 26 April 2024 1.16 PM IST

മുസ്ളിം ലീഗിന്റെ പ്ളാറ്റിനം ജൂബിലി

photo

ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗ് പ്ളാറ്റിനം ജൂബിലി ആഘോഷിക്കുകയാണ്. 1948 മാർച്ച് പത്തിന് മദ്രാസിലെ ബാൻക്വറ്റ് ഹാളിൽ നടന്ന യോഗത്തിലാണ് പാർട്ടി രൂപീകൃതമായത്. അതിന്റെ പൂർവരൂപമായ സർവേന്ത്യ മുസ്ളിം ലീഗ് 1947 ലെ ഇന്ത്യാ വിഭജനത്തോടെ അവതാരലക്ഷ്യം നിറവേറ്റിക്കഴിഞ്ഞിരുന്നു. പ്രമുഖ നേതാക്കളെല്ലാവരും പാകിസ്ഥാൻ എന്ന വാഗ്‌ദത്ത ഭൂമിയിൽ ചേക്കേറി. ഉത്തരേന്ത്യയിലെ സിവിലിയൻ, പൊലീസ്, പട്ടാള ഉദ്യോഗസ്ഥരും പ്രമുഖ ഭൂവുടമകളും വ്യാപാര വ്യവസായ പ്രമുഖരുമൊക്കെ അതേപാത പിന്തുടർന്നു. ഇക്കൂട്ടർ പാകിസ്ഥാന്റെ പൊതുധാരയിൽ അലിഞ്ഞു ചേർന്നു. അവരായി പിൽക്കാലത്ത് ഭരണാധികാരികളും രാജ്യവ്യവഹാരത്തിന്റെ ഭാഗധേയം നിർണയിക്കുന്നവരും. തെക്കേന്ത്യയിൽ നിന്നുപോലും ചെറുതല്ലാത്ത ഒരു വിഭാഗം പാകിസ്ഥാനിൽ കുടിയേറി. കറാച്ചി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അടിഞ്ഞു കൂടിയ അവർ മൊഹാജീറുകൾ എന്നറിയപ്പെട്ടു ; രാജ്യത്തു രണ്ടാംതരം പൗരന്മാരായി മാറി. പാകിസ്ഥാൻ വാദത്തെ പിന്തുണച്ച വലിയൊരു വിഭാഗം മുസ്ളിങ്ങൾ ഇതിനൊക്കെശേഷവും ഇന്ത്യാ രാജ്യത്ത് അവശേഷിച്ചു. സർവേന്ത്യാ മുസ്ളിം ലീഗിന്റെ നേതാക്കളും പ്രവർത്തകരും സഹയാത്രികരുമായിരുന്നു അവർ. അവരുടെ മുമ്പിൽ മൂന്നുവഴികൾ അവശേഷിച്ചു - ഒന്നുകിൽ കോൺഗ്രസിൽ ചേരുക അല്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുക, അതുമല്ലെങ്കിൽ പാകിസ്ഥാനിലേക്ക് പോവുക.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയിൽ അപ്പോഴും 40 ലീഗ് അംഗങ്ങൾ അവശേഷിച്ചിരുന്നു. ചൗധരി ഖലിക്കുസ്സമാൻ ആയിരുന്നു പാർട്ടി ലീഡർ. 1947 ഒക്ടോബർ രണ്ടിന് സിന്ധിലെ ഹിന്ദുവിരുദ്ധ ലഹളയെക്കുറിച്ച് മുഹമ്മദലി ജിന്നയുമായി സംസാരിക്കാൻ കറാച്ചിയിലേക്ക് പോയ ഖലിക്കുസ്സമാൻ പിന്നീടൊരിക്കലും മടങ്ങിവന്നില്ല. അതിനകം ജിന്നയുമായി അകന്നു കഴിഞ്ഞിരുന്ന മുൻ ബംഗാൾ മുഖ്യമന്ത്രി ഹുസൈൻ ഷഹീദ് സുഹ്രവർദി ഇന്ത്യൻ മുസ്ളിങ്ങളുടെ പുതിയൊരു പാർട്ടിയുണ്ടാക്കാൻ 1947 നവംബർ ഒമ്പത്, പത്ത് തീയതികളിൽ കൽക്കട്ടയിൽ ഒരു കൺവെൻഷൻ വിളിച്ചുകൂട്ടി. മദ്രാസിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തെങ്കിലും പുതിയ പാർട്ടി എന്ന ആശയത്തെ തള്ളിക്കളഞ്ഞു. ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞു. ഇന്ത്യൻ മുസ്ളിങ്ങളെ അവരുടെ വിധിക്കുവിട്ട് സുഹ്രവർദി പാകിസ്ഥാനിലേക്കു പോവുകയും അവാമി മുസ്ളിം ലീഗ് രൂപീകരിച്ച് പിൽക്കാലത്ത് പ്രധാനമന്ത്രിയായി തീരുകയും ചെയ്തു. സർവേന്ത്യാ മുസ്ളിംലീഗിന്റെ സമാപന സമ്മേളനം 1947 ഡിസംബർ 14 ന് കറാച്ചിയിൽ നടന്നു. അവിടെവച്ച് പാർട്ടി രണ്ടായി പിരിഞ്ഞു. പാകിസ്ഥാൻ മുസ്ളിം ലീഗിന്റെ കൺവീനറായി ലിയാഖത്ത് അലിഖാനും ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ കൺവീനറായി മുഹമ്മദ് ഇസ്‌മയിൽ സാഹിബും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ പ്രഥമ കൗൺസിൽ യോഗം 1948 മാർച്ച് പത്തിന് മദ്രാസിൽ നടന്നു. മുസ്ളിം ലീഗായി തുടരണോ അതോ പുതിയ പാർട്ടി രൂപീകരിക്കണമോ എന്ന കാര്യം പ്രതിനിധികൾ പത്തരമണിക്കൂർ ചർച്ചചെയ്തു. ഒമ്പതിനെതിരെ 23 വോട്ടോടെ അവർ ലീഗിന്റെ പേര് നിലനിറുത്താൻ തീരുമാനിച്ചു. മുഹമ്മദ് ഇസ്‌മയിൽ സാഹിബ് പ്രസിഡന്റും മെഹബൂബ് അലിബേഗ് ജനറൽ സെക്രട്ടറിയും ഹാജി ഹസനലി പി. ഇബ്രാഹിം ഖജാൻജിയുമായി തിരഞ്ഞെടുക്കപ്പെട്ടു.

ദേശീയതലത്തിൽ പാർട്ടിക്ക് ഒരിക്കലും പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഒന്നാമത് മുസ്ളിങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം ഇല്ലാതായതോടെ ലീഗിന് രാഷ്ട്രീയ വിലപേശൽശക്തി നഷ്ടപ്പെട്ടു. പൊതുമണ്ഡലങ്ങളിൽ അമുസ്ളിം വോട്ടർമാരുടെ കൂടി പിന്തുണയോടെ മാത്രമേ ഏതൊരു സ്ഥാനാർത്ഥിക്കും വിജയിക്കാൻ കഴിയുമായിരുന്നുള്ളൂ. അതിലുപരി ഇന്ത്യാ വിഭജനത്തിന് ഉത്തരവാദി എന്ന നിലയിൽ ലീഗിന് ദേശീയ രാഷ്ട്രീയത്തിൽ അസ്‌പൃശ്യത കല്പിക്കപ്പെട്ടു. ലീഗിന്റെ ഹരിതപതാക പാകിസ്ഥാന്റെ ദേശീയ പതാകയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു. വിഭജനത്തിന്റെ മുറിവുകൾ ഉണങ്ങാത്ത, വർഗീയ ലഹളകൾക്ക് കുപ്രസിദ്ധമായ വടക്കേന്ത്യയിൽ മുസ്ളിം ലീഗ് ശപിക്കപ്പെട്ട പാർട്ടിയായിരുന്നു. അഭിജാതരെന്ന് സ്വയം കരുതിയിരുന്ന ഉത്തരേന്ത്യൻ മുസ്ളിങ്ങൾ ഇരുണ്ടനിറവും പതിഞ്ഞ മൂക്കുമുള്ള തെക്കേ ഇന്ത്യൻ നേതാക്കളെ അംഗീകരിക്കുന്ന കാര്യം സംശയമായിരുന്നു. എല്ലാത്തിനുമുപരി ഹൈദരാബാദിലെ സൈനിക നടപടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ളിം ലീഗിന്റെ വളർച്ചക്ക് വിഘാതമായത്.

ഹൈദരാബാദ് നൈസാം അപ്പോഴും ഇന്ത്യൻ യൂണിയനുമായി ലയനക്കരാർ ഒപ്പിട്ടിരുന്നില്ല. തന്റെ ഉദ്യോഗ കാലാവധി അവസാനിക്കും മുമ്പ് ഹൈദരാബാദിന്റെ കാര്യത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കണമെന്ന് ഗവർണർ ജനറൽ മൗണ്ട് ബാറ്റൺ ആഗ്രഹിച്ചു. അതിനുവേണ്ടി തീവ്രപരിശ്രമം ചെയ്തു. നെഹ്‌റുവിന്റെയും പട്ടേലിന്റെയും മേൽ പരമാവധി സമ്മർദ്ദം ചെലുത്തി. ഹൈദരാബാദിൽ ജനഹിത പരിശോധന നടത്താം, നൈസാമിന് സ്വന്തം സൈന്യത്തെ നിലനിറുത്താൻ അനുവാദം നൽകാമെന്നൊക്കെ വ്യവസ്ഥ ചെയ്യുന്ന ഒരു ഉടമ്പടി ഇന്ത്യാ ഗവൺമെന്റിനെക്കൊണ്ട് ഏറെക്കുറേ അംഗീകരിപ്പിച്ചു. പക്ഷേ നൈസാമിന്റെ പ്രധാനമന്ത്രിയായിരുന്ന മിർ ലൈക്ക് അലിയും തീവ്രവാദികളുടെ നേതാവായ ഖാസിം റിസ്‌വിയും അതു തള്ളിക്കളഞ്ഞു. ഇന്ത്യാ രാജ്യത്തെ നാലരക്കോടി മുസ്ളിങ്ങൾ അഞ്ചാംപത്തികളായി മാറും, മരണം വരെയും സമരം ചെയ്യുമെന്ന് റിസ്‌വി പ്രഖ്യാപിച്ചു. 1948 ജൂൺ 21 ന് ലൂയി മൗണ്ട് ബാറ്റൺ വിരമിച്ചു ; സി. രാജഗോപാലാചാരി ഗവർണർ ജനറലായി ചുമതലയേറ്റു. അതോടെ ഹൈദരാബാദിലേക്ക് പട്ടാളത്തെ അയക്കാൻ സർക്കാരിനു മേൽ സമ്മർദ്ദം വർദ്ധിച്ചു. നെഹ്‌റു അപ്പോഴും സംശയാലുവായിരുന്നു. സൈനിക നടപടി വൈകിപ്പിക്കാൻ കരസേനാ മേധാവി സർ റോയ് ബുച്ചറും കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ സർദാർ പട്ടേൽ തെല്ലും വഴങ്ങിയില്ല. 1948 സെപ്തംബർ 13 ന് 'ഓപ്പറേഷൻ പോളോ' എന്നു പേരിട്ട സൈനിക നടപടി ആരംഭിച്ചു. വെറും 108 മണിക്കൂർ കൊണ്ട് ഹൈദരാബാദ് കീഴടങ്ങി. മിർ ലൈക്ക് അലി പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു ; ഖാസിം റിസ്‌വിയെ തടവിലാക്കി. നൈസാം ലയനക്കരാർ ഒപ്പിട്ടു. റസാക്കർമാരെ പട്ടാളം മുച്ചൂടും മുടിച്ചു. മരണസംഖ്യ രണ്ടായിരം എന്നാണ് സർക്കാർ കണക്ക്.

ഖാസിം റിസ്‌വിയുടെ ജിഹാദ് ആഹ്വാനം നിലനിന്ന സാഹചര്യത്തിൽ സർക്കാർ മുസ്ളിം ലീഗ് നേതാക്കളെ ദേശരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു ജയിലിലടച്ചു. മുഹമ്മദ് ഇസ്‌മയിൽ സാഹിബ് നൈസാമിനെ തള്ളിപ്പറഞ്ഞും സൈനിക നടപടിക്ക് ലീഗിന്റെ പിന്തുണ പ്രഖ്യാപിച്ചും അറസ്റ്റിൽ നിന്നൊഴിവായി. ഹൈദരാബാദിന്റെ കാര്യം തീരുമാനമായതോടെ ലീഗ് നേതാക്കളിൽ പലർക്കും വീണ്ടുവിചാരമുണ്ടായി. മദ്രാസിലെ ഒമ്പതു നിയമസഭാംഗങ്ങൾ പാർട്ടിയിൽനിന്ന് രാജിവച്ചു. ആ മാതൃക മറ്റു പലരും പിന്തുടർന്നു. തിരുവിതാംകൂർ മുസ്ളിം ലീഗ് പിരിച്ചുവിട്ടു. ജനാബ് ടി. എ. അബ്ദുള്ള കോൺഗ്രസിൽ ചേർന്നു മന്ത്രിയായി ; പി.കെ. കുഞ്ഞ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അഭയം തേടി. കേന്ദ്ര അസംബ്ളിയിലെ ലീഗ് നിയമസഭാകക്ഷി നവാബ് മുഹമ്മദ് ഇസ്‌മയിൽ ഖാന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പാർട്ടി പിരിച്ചുവിടാൻ തീരുമാനിച്ചു. ബോംബെയിൽ മുസ്ളിം ലീഗ് ഫോർത്ത് പാർട്ടി എന്ന് പേരുമാറ്റി. ദേശീയ ട്രഷറർ ഹാജി ഹസനലി പി. ഇബ്രാഹിം പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. മുഹമ്മദ് ഇസ്‌മയിൽ സാഹിബും മറ്റേതാനും നേതാക്കളും പാർട്ടിയിൽ ഉറച്ചുനിന്നു. മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലയിൽ മാത്രം മുസ്ളിം ലീഗ് നിലനിന്നു. പ്രതികൂല സാഹചര്യങ്ങളോടു പൊരുതി അവർ മദ്രാസ് നിയമസഭയിലേക്ക് ഏതാനും സീറ്റുകൾ വിജയിച്ചു. പാർലമെന്റിലും അവർക്ക് ഒരംഗമുണ്ടായി. കേരളപ്പിറവിക്കു ശേഷം കേരള നിയമസഭയിലും മുസ്ളിം ലീഗ് സാന്നിദ്ധ്യമറിയിച്ചു. 1960 ൽ അവർക്ക് സ്പീക്കറുണ്ടായി ; 1967 ൽ രണ്ട് മന്ത്രിമാരും. 1979 ൽ ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ ചെറിയൊരു കാലയളവിൽ കേരള മുഖ്യമന്ത്രിയായും പ്രശോഭിച്ചു. മുസ്ളിം ലീഗിന്റെ പിൽക്കാല ചരിത്രം കേരള രാഷ്ട്രീയവുമായി അഭേദ്യമാംവണ്ണം ബന്ധപ്പെട്ടിരിക്കുന്നു. ഏറെക്കുറേ കേരളത്തിൽ മാത്രം ഒതുങ്ങിപ്പോയ ആ ദേശീയ പാർട്ടിയാണ് ഇപ്പോൾ ചെന്നൈയിൽ പ്ളാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MUSLIM LEAGUE PLATINUM JUBILEE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.