ശബരിമല: മീനമാസപൂജകൾക്കായി ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപങ്ങൾ തെളിച്ചു. തുടർന്ന് പതിനെട്ടാം പടി ഇറങ്ങി താഴെതിരുമുറ്റത്തെ ആഴിയിൽ അഗ്‌നി തെളിച്ചു. മാളികപ്പുറം മേൽശാന്തി വി.ഹരിഹരൻ നമ്പൂതിരി, മാളികപ്പുറം ക്ഷേത്രനട തുറന്ന് വിളക്ക് തെളിച്ചു. ഇന്നലെ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ 5 ന് നടതുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30 ന് മഹാഗണപതിഹോമം. 7വരെ നെയ്യഭിഷേകം. 7.30 ന് ഉഷഃപൂജ. 9ന് നെയ്യഭിഷേകം പുനരാരംഭിക്കും.
15 മുതൽ 19 വരെ ഉദയാസ്തമയപൂജ. 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം. മീനമാസ പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി 10ന് നടയടയ്ക്കും. ഉത്രം ഉത്സവത്തിനായി 26ന് വൈകിട്ട് നടതുറക്കും. 27ന് രാവിലെ 9.45നാണ് കൊടിയേറ്റ്. ഏപ്രിൽ 5ന് പൈങ്കുനി ഉത്രനാളിൽ ആറാട്ട് നടക്കും. ഉത്സവച്ചടങ്ങുകൾ പൂർത്തിയാക്കി രാത്രി നടയടയ്ക്കും.
ഇന്നലെ വൈകിട്ട് സന്നിധാനത്ത് ഭക്തരുടെ നല്ല തിരക്കായിരുന്നു. അയ്യപ്പസേവാസംഘവും ദേവസ്വം ബോർഡും ഭക്തർക്ക് ഔഷധ കുടിവെളളം വിതരണം ചെയ്യുന്നുണ്ട്.ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് പമ്പാഡാം തുറന്ന് പമ്പാനദിയിൽ വെള്ളമെത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |