തിരുവനന്തപുരം: മാലദ്വീപിൽ സമാപിച്ച റിന്യുവബിൾ എനർജി, ഹൈഡ്രജൻ ടെക്നോളജി ഗ്ളോബൽ കോൺഫറൻസിലെ സുസ്ഥിര വികസന അവാർഡിന് കെ-ഡിസ്ക് (കേരള ഡവലപ്മെന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ) തെരഞ്ഞെടുക്കപ്പെട്ടു. നവീന സംരംഭങ്ങളിലൂടെയും നൈപുണ്യ വികസനത്തിലൂടെയും വ്യാവസായിക മുന്നേറ്റം സൃഷ്ടിക്കാൻ നല്കിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പുനരുപയുക്ത ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന എൻജിനിയർമാർക്കും അക്കാഡമിക് വിദഗ്ദ്ധർക്കും ഈ മേഖലയുടെ ഭാവി സാദ്ധ്യതകൾ ചർച്ച ചെയ്യാൻ വേദിയൊരുക്കി, മാലദ്വീപ് നാഷണൽ യൂണിവേഴ്സിറ്റി മെയിൻ സിറ്റി കാമ്പസിലായിരുന്നു സമ്മേളനം. റിന്യൂവബിൾ എനർജി മാലദ്വീപിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. ഇബ്രാഹിം നാഷിദ് മുഖ്യാതിഥിയായ സമ്മേളനത്തിൽ മാലദ്വീപ് വിദ്യാഭ്യാസ സഹമന്ത്രി ഡോ. അബ്ദുള്ള റഷീദ് അഹമ്മദ്, നാഷണൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മുഹമ്മദ് ഷെരീഫ്, പ്രൊഫ. അയ്മാൻ അൽ റെഫൈ എന്നിവർ പങ്കെടുത്തു. ഓസ്ട്രേലിയയിലെ ഫെഡറേഷൻ യൂണിവേഴ്സിറ്റി അസോസിയേറ്റ് ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫ. സയ്യിദ് ഫൈസുൽ ഇസ്ലാമിൽ നിന്ന് കെ- ഡിസ്കിനു വേണ്ടി കൺസൾട്ടന്റ് ഡോ. അശോക് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |