കൊച്ചി: കേരളത്തിലെ യുവജനങ്ങൾക്ക് നാട്ടിൽ തന്നെ തൊഴിൽ ഉറപ്പാക്കാൻ കഴിയുന്ന വ്യവസായ സംരംഭങ്ങളുള്ള നാടാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി പി.രാജീവ്. നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും വിപുലീകരണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി 1710 ഏക്കറിൽ മാനുഫാക്ചറിംഗ് സ്മാർട്ട് സിറ്റി സ്ഥാപിക്കും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം ഒരു വർഷത്തിനകം പാലക്കാട് പൂർത്തിയാകും.
1975ൽ തുടങ്ങിയ നിറ്റ ജലാറ്റിൻ 500 കോടി വിറ്റു വരവുള്ള വലിയ സ്ഥാപനമായി മാറിയത് കേരളവും ജപ്പാനും തമ്മിലുള്ള ബന്ധത്തിന്റെ പ്രതിബിംബം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിറ്റ ജലാറ്റിൻ ഇൻകോർപ്പറേഷൻ പ്രസിഡന്റ് ഹിഡനോറി തകേമിയ അദ്ധ്യക്ഷത വഹിച്ചു. കാക്കനാട് നിർമിക്കുന്ന കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ടി.ജെ സനീഷ് കുമാർ എം.എൽ.എ കൊളീജൻ പെപ്‌റ്റൈഡ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |