തിരുവനന്തപുരം: ഗവ. ലാ കോളേജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ എസ് എഫ് ഐക്കാർ ക്രൂരമായി ആക്രമിച്ചെന്ന് അദ്ധ്യാപിക. ആക്രമണത്തിൽ കഴുത്തിന് പരിക്കേറ്റെന്നും അദ്ധ്യാപകരെ മണിക്കൂറുകളോളം പൂട്ടിയിട്ടെന്നും കോളേജിലെ അസി.പ്രൊഫർ വി കെ സഞ്ജു പറയുന്നു. കെ.എസ്.യു, എസ്.എഫ്.ഐ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കാർക്കതിരെ നടപടി സ്വീകരിച്ചതിന് പിന്നാലെയായിരുന്നു പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും മണിക്കൂറുകളോളം ബന്ദികളാക്കിയുള്ള എസ്.എഫ്.ഐയുടെ ഉപരോധം.
'പത്ത് മണിക്കൂറോളം കംപ്ലീറ്റ് അദ്ധ്യാപകരെയും ഹരാസ് ചെയ്യുകയായിരുന്നു. കോളേജിലെ എസ് എഫ് ഐക്കാരും പുറമേ നിന്നുള്ളവരും കോളേജിൽ ഉണ്ടായിരുന്നു. ലൈറ്റും ഫാനും അവർ ഓഫ് ചെയ്തു. ഓണാക്കാൻ പറഞ്ഞപ്പോൾ അതിന് കഴിയില്ലെന്ന് അവർ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ ശ്വാസം മുട്ടലുണ്ടെന്നും പുറത്തേക്ക് വിടണമെന്നും പറഞ്ഞെങ്കിലും കേട്ടില്ല.തീരുമാനമാകാതെ പുറത്ത് പോകാൻ അനുവദിക്കില്ലെന്നായിരുന്നു പറഞ്ഞത്. പോകാൻ ശ്രമിച്ചപ്പോൾ കൈ പിടിച്ചുവലിച്ചു. അപ്പോൾ ഞാൻ കറങ്ങിപ്പോയി.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കഴുത്തിന് പരിക്കുണ്ടെന്ന് മനസിലായെന്നും അദ്ധ്യാപിക പറഞ്ഞു. പരാതി നൽകിയതിനെത്തുടർന്ന് മ്യൂസിയം പൊലീസ് മൊഴിയെടുത്തിട്ടുണ്ടെന്നും സഞ്ജു പ്രതികരിച്ചു.
24ന് നടക്കുന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനിടെ തിങ്കളാഴ്‌ച ഇരുകൂട്ടരും ഏറ്റുമുട്ടിയതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയതിനിടെ വീണ്ടും ഏറ്റുമുട്ടലായി. തിങ്കളാഴ്ചത്തെ സംഭവത്തിൽ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റതായി ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും ചൊവ്വാഴ്ചത്തെ സംഭവത്തിൽ നിരവധി വിദ്യാത്ഥികൾക്ക് പരിക്കേറ്റതായി കെ.എസ്.യുവും പ്രിൻസിപ്പലിന് പരാതി നൽകി. ഇന്നലെ പ്രിൻസിപ്പലും പി.ടി.എ ഭാരവാഹികളും യോഗം ചേർന്ന് ഇരുകൂട്ടരുടെയും ഭാഗം കേൾക്കുകയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു.
ദൃശ്യങ്ങളിൽ കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദ്ദിക്കുന്നതായി വ്യക്തമായതിനെ തുടർന്ന് എസ്.എഫ്.ഐക്കാരായ 24 വിദ്യാർത്ഥികളെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതോടെയാണ് പ്രിൻസിപ്പലിന്റെ നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ച് എസ്.എഫ്.ഐക്കാർ രംഗത്തെത്തിയത്. സസ്‌പെൻഷൻ പിൻവലിക്കണം അല്ലെങ്കിൽ തങ്ങളുടെ പരാതിയിൽ കെ.എസ്.യുകാർക്കെതിരെയും നടപടി സ്വീകരിക്കണമെന്നായിരുന്നു എസ്.എഫ്.ഐക്കാരുടെ ആവശ്യം. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും വിദ്യാർത്ഥികളെ അറസ്റ്റുചെയ്ത് നീക്കേണ്ടതില്ലെന്ന നിലപാടാണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ കോളേജിൽ നിന്ന് വിദ്യാർത്ഥികളെ അറസ്റ്റുചെയ്യില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഉപരോധത്തിന് കാവൽനിൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |