SignIn
Kerala Kaumudi Online
Monday, 27 May 2024 6.06 AM IST

കുടുംബശ്രീ കൂട്ടായ്‌മയുടെ മഹാവിജയം

photo

ഒറ്റയ്ക്കാകുമ്പോഴാണ് മനുഷ്യർ ഏറ്റവും കൂടുതൽ പതറിപ്പോകുന്നത്. എന്തെല്ലാം പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടെങ്കിലും താൻ ഒറ്റയ്ക്കല്ലെന്നും തനിക്കൊപ്പം കുറച്ചുപേർ കൂടിയുണ്ടെന്നുമുള്ള തോന്നൽ പകരുന്ന ആത്മബലം ചെറുതല്ല. ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിൽ മൂന്നുലക്ഷത്തിൽപ്പരം വനിതകൾക്ക് ഈ മനോബലം പകർന്നുകൊടുക്കാനായതാണ് കുടുംബശ്രീയുടെ ഏറ്റവും വലിയ നേട്ടം. കരുത്തുറ്റ ജനകീയ സഹകരണത്തോടെ ലോകത്തിന് മുഴുവൻ മാതൃകയായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന വനിതാ കൂട്ടായ്‌മയാണ് കുടുംബശ്രീ.

-മാലിന്യനിർമ്മാർജ്ജനം, സംസ്‌കരണം, ഇടനിലക്കാരനില്ലാത്ത ഉത്‌പന്നവിപണനം, ചെറിയ വ്യവസായങ്ങൾ, പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി, ജനകീയ ഹോട്ടലുകളുടെ നടത്തിപ്പ്, മൈക്രോഫിനാൻസ് തുടങ്ങി നിരവധി മാർഗങ്ങളിലൂടെ നാടിന് ഗുണം ചെയ്യുകയും അതേസമയം സ്വയം സാമ്പത്തിക സ്വാതന്ത്ര്യ‌ം നേടുകയും ചെയ്‌തതാണ് കുടുംബശ്രീയെ കേരളത്തിന്റെ ശ്രീയാക്കിയത്.

തുടക്കത്തിൽ മറ്റ് അവസരങ്ങളില്ലാത്തവരും വിദ്യാഭ്യാസം കുറഞ്ഞവരും കുടുംബത്തിന്റെ ഭാരം ചുമലിൽ താങ്ങേണ്ടിവന്നവരുമായ സാധാരണ സ്‌ത്രീകളാണ് കുടുംബശ്രീയിലേക്ക് കടന്നുവന്നതെങ്കിൽ 25 വർഷം കഴിയുമ്പോൾ സ്ഥിതിയാകെ മാറുകയാണ്. ഇന്ന് അഭ്യസ്തവിദ്യരായ വനിതകളാണ് കുടുംബശ്രീയുടെ ഭാഗമാകുന്നത്. ഐ.ടി തുടങ്ങിയ ആധുനിക മേഖലകളിലും അവർ കൈമുദ്ര‌ പതിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ലഹരിമരുന്ന്, മദ്യപാനം, അന്ധവിശ്വാസം, സ്‌ത്രീപീഡനം, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവയ്ക്കെതിരെ കുടുംബശ്രീ പ്രവർത്തകർ സമൂഹത്തിൽ നടത്തുന്ന ചെറുത്തുനില്‌പുകൾ ചെറുതല്ല. സാമൂഹ്യവിപത്തുകൾക്കെതിരെ ശബ്ദമുയർത്താൻ കുടുംബശ്രീയുടെ അംഗങ്ങൾ പുലർത്തുന്ന ജാഗ്രത മാതൃകാപരമാണ്. 25 വർഷങ്ങൾ പിന്നിടുമ്പോൾ കുടുംബശ്രീയിലെ അംഗങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തോളമായിരിക്കുന്നു എന്നതിൽ നിന്നുതന്നെ കുടുംബശ്രീയെന്ന വനിതാ പ്രസ്ഥാനത്തിന്റെ വിജയം തിരിച്ചറിയാം. തുടക്കത്തിൽ ടി.കെ. ജോസ് എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കുടുംബശ്രീയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും നല്‌കിയ സംഭാവനകൾ മറക്കാൻ കഴിയുന്നതല്ല. ഇത്തരം നിരവധി ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും നിസ്തുലമായ പ്രവർത്തനങ്ങളാണ് കുടുംബശ്രീയെ ഇന്നത്തെ രീതിയിൽ പടർന്നുപന്തലിക്കാൻ സഹായിച്ചത്. തിരുവനന്തപുരത്ത് ഈ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച രാഷ്ട്രപതിയും ഒരു വനിതയാണെന്നത് സ്‌ത്രീശക്തിയുടെ ഔന്നത്യവും മഹിമയും കൂടുതൽ വ്യക്തതയോടെ ലോകത്തിന് മുന്നിൽ ഉദ്‌ഘോഷിക്കാൻ ഇടയാക്കി.

അതേസമയം കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ തളർത്തുന്ന ചില സമീപനങ്ങളാണ് സർക്കാരിൽ നിന്നുണ്ടാകുന്നത് എന്നത് പറയാതിരിക്കാനാവില്ല. കുടുംബശ്രീ നടത്തുന്ന ആയിരത്തിലധികം ജനകീയ ഹോട്ടലുകൾക്ക് കുടിശികയായ 30 കോടിയോളം രൂപ നല്‌കാത്തത് ഇതുപോലെയുള്ള പ്രവർത്തനങ്ങളുടെ നടുവൊടിക്കുന്നതിന് തുല്യമാണ്. ധനകാര്യവകുപ്പിന്റെ കാരുണ്യത്തിന് കാത്തുകിടക്കേണ്ടവരല്ല ഈ വനിതാ കൂട്ടായ്മകൾ.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സംഘടനാസംവിധാനമായി മാറിയ കുടുംബശ്രീ കൂടുതൽ മേഖലകളിലേക്ക് കടന്ന് വരുംവർഷങ്ങളിൽ പുതിയ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ജൂബിലിവേളയിൽ ആശംസിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE SILVER JUBILEE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.