മലപ്പുറം: മുസ്‌ലിം ലീഗിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഇന്ന് കോഴിക്കോട്ടെ ലീഗ് ഹൗസിൽ ചേരാനിരിക്കെ ജനറൽ സെക്രട്ടറി സ്ഥാനത്തിനായി ചരടുവലി മുറുക്കി മുതിർന്ന നേതാക്കൾ. പി.എം.എ.സലാമിനൊപ്പം എം.കെ.മുനീർ എം.എൽ.എയും രംഗത്തുണ്ട്. ആക്ടിംഗ് ജനറൽ സെക്രട്ടറിയായ പി.എം.എ. സലാം തന്നെ തുടരട്ടെയെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. എന്നാൽ, എം.കെ. മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന നിലപാടിലാണ് ഇ.ടി. മുഹമ്മദ് ബഷീർ, കെ.എം. ഷാജി, പി.വി. അബ്ദുൽവഹാബ്, കെ.പി.എ. മജീദ് തുടങ്ങിയവർ.
ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതിരുന്നതോടെ ഇന്നലെ മുഴുവൻ ജില്ലാ കമ്മിറ്റികളുടെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്തേക്ക് അടിയന്തരമായി വിളിപ്പിച്ച് പ്രത്യേകം അഭിപ്രായം ചോദിച്ചറിഞ്ഞു. പദവികളിലേക്ക് മത്സരം ഉണ്ടാവരുതെന്ന നിലപാടിലാണ് സാദിഖലി തങ്ങൾ. സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പിൽ മത്സരമുണ്ടാകില്ലെന്നും അത് ലീഗിന്റെ കീഴ്‌വഴക്കമല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ജില്ലാ നേതാക്കളെ വിളിപ്പിച്ചത് സ്വാഭാവിക നടപടിക്രമമാണെന്നാണ് നേതൃത്വം പറയുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയുള്ളതിനാൽ പി.എം.എ. സലാമിനാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മുൻതൂക്കം. കുറച്ചുകാലമായി എം.കെ. മുനീറുമായി ഒട്ടും ചേർച്ചയിലല്ല പി.കെ.കുഞ്ഞാലിക്കുട്ടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള അവകാശവാദത്തിലൂടെ മറ്റ് പദവികളിൽ മുൻതൂക്കം നേടുകയെന്ന തന്ത്രമാണ് എം.കെ. മുനീറിനെ മുൻനിറുത്തിയുള്ള നീക്കത്തിന് പിന്നിലെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ വിലയിരുത്തൽ. സമവായമെന്ന നിലയിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്ഥാനം വന്നേക്കാം. പാർട്ടിയിൽ രണ്ടാമനായി വിലയിരുത്തുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയെ തഴയുക എളുപ്പമല്ല. പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ 19 ഭാരവാഹികളെയും 21 അംഗ സെക്രട്ടേറിയറ്റിനെയും 75 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുക്കും. സെക്രട്ടേറിയറ്റിലേക്ക് മുതിർന്ന നേതാക്കൾക്കാവും പ്രാമുഖ്യം. നിലവിലെ ഭാരവാഹികളിൽ ഭൂരിഭാഗം പേരും മാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |