SignIn
Kerala Kaumudi Online
Monday, 27 May 2024 6.30 AM IST

ക്രൂഡ് വില ഇടിയുന്നത് അറിയുന്നില്ലേ?

photo

ആഗോള എണ്ണവിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ ബാരലിന് 72 ഡോളർ വരെയായി കുറഞ്ഞത് ചില ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. എന്നാൽ ആഗോള വ്യാപകമായി എണ്ണയ്ക്ക് ഡിമാൻഡ് കുറയുന്നത് വിലയിടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഏറെ അസ്വസ്ഥതയുളവാക്കുന്നത് ഇതൊന്നുമല്ല. ലോകത്തെ പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങൾ വിലകുറച്ചിട്ടും നമ്മുടെ രാജ്യത്ത് അത് ഒരു ചലനവും സൃഷ്ടിക്കുന്നില്ല. മാത്രമല്ല ഇതിനിടയിലും പാചകവാതകത്തിന് ഭീമമായ തോതിൽ വില ഉയർത്തിയത് രണ്ടാഴ്ച മുൻപാണ്. ക്രൂഡിന് 115 ഡോളർ വിലയുണ്ടായിരുന്ന കഴിഞ്ഞ മേയിൽ സംസ്ഥാനത്ത് ഒരുലിറ്റർ പെട്രോളിന് 108 രൂപയ്ക്കടുത്താണ് ഈടാക്കിയിരുന്നത്. ക്രൂഡ് വില 35 ഡോളർ കണ്ട് ഇടിഞ്ഞിട്ടും അതേവിലയ്ക്കാണ് രാജ്യത്ത് പെട്രോൾ വിറ്റുകൊണ്ടിരിക്കുന്നത്. ഡീസൽ വിലയും മാറ്റമില്ലാതെ തുടരുന്നു. ലിറ്ററിന് 96 രൂപയ്ക്കു മുകളിൽ.

ക്രൂഡിന്റെ അന്താരാഷ്ട്ര വിലയ്ക്ക് ആനുപാതികമായിട്ടാണ് പെട്രോളിയം ഉത്‌പന്നങ്ങൾക്ക് ഇവിടെ വില നിശ്ചയിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം. എന്നാൽ ഒരുകാലത്തും പുറത്തെ വിലയും ഇവിടത്തെ വിലയും തമ്മിൽ ഒരു താരതമ്യവുമില്ല. എണ്ണക്കമ്പനികൾ നിശ്ചയിക്കുന്ന വിലയിന്മേൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന ദുർവഹമായ തീരുവകളാണ് പെട്രോളിയം ഉത്‌പന്നങ്ങൾക്ക് തീവില നല്‌കാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നത്. തീരുവ കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകൾ ഒട്ടും അനുകൂലമല്ലെന്നത് സുവിദിതമാണ്. ജി.എസ്.ടി പരിഷ്കാരം നടപ്പാക്കിയപ്പോഴും പെട്രോളിയം ഉത്പന്നങ്ങളെ അതിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

പെട്രോളിയം ഉത്‌പന്നങ്ങളുടെ ഉയർന്ന നികുതിഘടനയെ ശക്തമായി എതിർത്തിരുന്ന രാഷ്ട്രീയകക്ഷികൾ പോലും ഭരണാധികാരം ലഭിച്ചപ്പോൾ പണ്ടുപറഞ്ഞ വാക്കുകൾ വിഴുങ്ങുന്നു. കേരളത്തിലാകട്ടെ നിലവിലുള്ള തീരുവകൾക്കു പുറമെ ഈ ഏപ്രിൽ ഒന്നുമുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപയുടെ സെസും പ്രാബല്യത്തിൽ വരികയാണ്. ഈ അധിക ഭാരവും ജനങ്ങൾ ചുമക്കേണ്ടിവരുന്നു. ജനങ്ങളുടെ ജീവിതഭാരം കുറയ്ക്കാനുള്ള ഭരണ നടപടികൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് എല്ലാ പാർട്ടികളും അധികാരത്തിൽ കയറുന്നത്. എന്നാൽ ഭരണത്തിൽ കയറി വൈകാതെ വാഗ്ദാനങ്ങൾ മറക്കും. എന്തിനെല്ലാം നികുതി കൂട്ടാമെന്നാകും അടുത്ത ചിന്ത. ജി.എസ്.ടി വന്നതോടെ തോന്നിയ മട്ടിൽ ഉത്‌പന്നങ്ങൾക്ക് അധിക നികുതി ചുമത്താനുള്ള സാദ്ധ്യത ഇല്ലാതായി. പകരം കണ്ടുപിടിച്ച വഴിയാണ് സെസ്. സേവന മേഖലയിലും നിരക്ക് വർദ്ധനയ്ക്കുള്ള പഴുതുകൾ തേടുന്നു. ഏതെല്ലാം തരത്തിൽ പിഴിയാമോ അതൊക്കെ ചെയ്ത് ഖജനാവ് വീർപ്പിച്ചിട്ടും നിത്യനിദാന ചെലവുകൾക്കായി എല്ലാമാസവും കടമെടുക്കേണ്ട സ്ഥിതിയാണ്.

എന്തൊക്കെ പറഞ്ഞാലും പെട്രോളിയം ഉത്‌പന്നങ്ങളുടെ അമിതവില രാജ്യത്ത് വലിയൊരു വിഭാഗം ജനങ്ങളുടെ നിത്യജീവിതം കൂടുതൽ ക്ളേശകരമാക്കുന്നുണ്ടെന്നത് വസ്തുതയാണ്. സകല മേഖലകളിലും വിലക്കയറ്റത്തിനു കാരണമാകുന്നതും പെട്രോളിയം ഉത്‌പന്നങ്ങളിൽ തുടർച്ചയായി വരുത്തിക്കൊണ്ടിരിക്കുന്ന വില വർദ്ധനവാണ്. ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന സാധാരണ കുടുംബങ്ങളാണ് ഇതിന്റെ കെടുതി ഏറെയും അനുഭവിക്കേണ്ടിവരുന്നത്. ഒരു പ്രകോപനവുമില്ലാതിരുന്നിട്ടും പാചക വാതകത്തിന് ഈ മാസം ആദ്യം വരുത്തിയ വൻവർദ്ധന ഒട്ടുമിക്ക കുടുംബങ്ങൾക്കും താങ്ങാനാവാത്ത തരത്തിലാണ്. 1112 രൂപയാണ് സംസ്ഥാനത്ത് ഇപ്പോൾ ഒരു സിലിണ്ടർ ഗ്യാസിന്റെ വില. സാധാരണക്കാരുടെ തലമണ്ടയ്ക്ക് അടിച്ചശേഷവും ജനക്ഷേമപരിപാടികൾക്കു വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നു പറഞ്ഞ് ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ഭരണാധികാരികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FUEL PRICE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.