SignIn
Kerala Kaumudi Online
Monday, 27 May 2024 5.21 AM IST

ഇ.എം. എസ് ഇല്ലാത്ത 25 വർഷം

ems

ഒരു വ്യക്തി ഓർമ്മിക്കപ്പെടുന്നത് രണ്ട് തലമുറകളിലാണെന്ന് പറയാറുണ്ട്. ഓർമ്മയുടെ പരിമിതിയും കാലവും ചേർന്ന് മനുഷ്യരെ അപ്രസക്തരാക്കുന്നു. ഇതിന് അപവാദം ചരിത്രത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ചവരാണ്. 'ചരിത്രത്തിന്റെ അശ്വമേധം" എന്ന് നെപ്പോളിയനെപ്പറ്റി തത്വചിന്തകനായ ഹെഗൽ പറഞ്ഞത്ഓർമ്മയില്ലേ? അത്തരക്കാരാണ് കാലത്തെ അതിജീവിക്കുന്നത്. പക്ഷേ, അവർപോലും അറിയപ്പെടുമെങ്കിലും അംഗീകരിക്കപ്പെടണമെന്നില്ല. അവരിൽ പലരും ചുവർചിത്രമായും പ്രതീകമായും നമുക്കൊപ്പം ഉണ്ടാവുന്നു. ഗാന്ധിജി നമുക്ക് വട്ട കണ്ണടയാണല്ലോ. ഇ.എം.എസോ, നിഷ്‌ക്കളങ്കമായൊരു പുഞ്ചിരിയും.
വിജയിച്ചാൽ എന്ത് ചെയ്യും?
റഷ്യൻ വിപ്ലവകാലത്ത് ലെനിനും ട്രോട്സ്‌ക്കിയും തമ്മിൽ നടന്ന സംഭാഷണം ഓർമ്മവരുന്നു:
ലെനിൻ:വിപ്ലവത്തിൽ നാം
പരാജയപ്പെട്ടാൽ എന്ത് ചെയ്യും?
ട്രോട്സ്‌ക്കി:വിപ്ലവത്തിൽ നാം
വിജയിച്ചാൽ എന്ത് ചെയ്യും?
ട്രോട്സ്‌ക്കി ഉന്നയിച്ച പ്രശ്‌നം 1957​ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അഭിമുഖീകരിച്ചതാണല്ലോ. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ എന്ത് ചെയ്യും? ഇതിന്റെ ഉത്തരമായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നയവും പ്രവൃത്തിയും. 1967​ൽ വീണ്ടും അധികാരത്തിൽ വന്നപ്പോഴും ഇത്തരത്തിൽപ്പെട്ട പലതും ചെയ്യാനായി. രണ്ട് മന്ത്രിസഭയുടെയും അമരത്തുണ്ടായിരുന്നത് ഇ.എം.എസും. അധികാരത്തിൽ ആകെ 59 മാസവും 13 ദിവസവും. പിന്നീടൊരിക്കലും അദ്ദേഹം അധികാരത്തിൽ തിരിച്ചെത്തിയില്ല. വർത്തമാനകാല രാഷ്ടീയത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, അധികാരത്തിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചില്ല.
പിന്നെയോ, അധികാരം വിട്ടൊഴിയുകയെന്നാൽ സമൂഹത്തിലേക്കും പാർട്ടിയിലേക്കും പ്രവേശിക്കുക എന്നാണ് അർത്ഥമെന്ന് അദ്ദേഹം തെളിയിച്ചു. ഇതോടെ വാക്കുകളുടെ പെരുന്തച്ചനായി വായനയിലും എഴുത്തിലും പ്രഭാഷണങ്ങളിലും മുഴുകി അദ്ദേഹം ജീവിച്ചു. സ്വന്തം ജീവിതത്തെ താൻ കോഫി സ്പൂൺകൊണ്ട് അളന്നുമാറ്റി എന്ന് ടി.എസ്. എലിയറ്റ് പറഞ്ഞതുപോലെ, ഇ.എം.എസ് അദ്ദേഹത്തിന്റെ ജീവിതത്തെ വാക്കുകൊണ്ട് അളന്നു മാറ്റി. പാർട്ടിക്കുള്ളിൽ സംവാദത്തിന്റെ സംസ്‌കാരത്തെ ശക്തിപ്പെടുത്തി. എതിർകക്ഷികളും പൊതു സമൂഹവുമായും ബുദ്ധിജീവികളുമായും തർക്കവിതർക്കങ്ങളിൽ ഏർപ്പെട്ടു. പ്രയോഗത്തിന്റെ ദർശനമാണ് കമ്മ്യൂണിസമെന്നും തലച്ചോറിൽ തുടങ്ങി ഹൃദയത്തിലെത്തുന്നതാണ് അതിന്റെ മാർഗ്ഗമെന്നും സ്ഥാപിച്ചു. ഓരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും പ്രതിസന്ധികളിലും പാർട്ടിയെ പ്രതിരോധിക്കാൻ അദ്ദേഹത്തിന്റെ ബുദ്ധിയും വാക്കും എന്നും മുന്നിൽ ഉണ്ടായിരുന്നു. ഇതിലൂടെ കേരളത്തിന്റെ/ ഇന്ത്യയുടെ സാംസ്‌കാരിക ധൈഷണിക മണ്ഡലത്തിൽ മേൽക്കൈ നേടിയെടുക്കാനും രാഷ്ട്രീയത്തിൽ ഒരു ഇടതുപക്ഷ ബദലിനെ ഉയർത്തിക്കാണിക്കാനും കമ്മ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു.
ഇത് ഇ.എം.എസിന്റെ മാത്രം സംഭാവനയാണെന്നല്ല വിവക്ഷ. മറ്റു പലർക്കുമൊപ്പം ഇക്കാര്യത്തിൽ തന്റേതായ പങ്ക് അദ്ദേഹവും വഹിച്ചു എന്നു മാത്രം. ഒരാശയത്തെ മുന്നോട്ടു വയ്ക്കണമെങ്കിൽ ധൈര്യവും ഉൾക്കാഴ്ചയും വേണമല്ലോ. തന്നയുമല്ല ആശയങ്ങൾക്ക് സ്വയം ലോകത്തെ മാറ്റാനുമാവില്ല. ഇതിന് അവശ്യം ആവശ്യമായ കാര്യം ആശയങ്ങളെ വ്യക്തികൾ മനസ്സിലാക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. പഴയകാല കമ്മ്യൂണിസ്റ്റ്‌ നേതക്കളും പ്രവർത്തകരും ആവോളം തെളിയിച്ചതാണ് ഇത് രണ്ടും. ഇക്കാര്യത്തിൽ സുപ്രധാനമായ പങ്കുവഹിച്ചയാളാണ് ഇ.എം.എസ്. അതുകൊണ്ടാണ് ഒ.വി. വിജയൻ പറഞ്ഞത്, 'കേരള സംസ്ഥാനത്തിന്റെ ഏതാണ്ട് നാല്പതുവർഷക്കാലത്തെ സ്വത്വം ആരിലൂടെ പ്രതീകവൽക്കരിക്കാം എന്നു ചോദിച്ചാൽ നമുക്ക് ഒരേയൊരു ഉത്തരമേയുള്ളു, ​ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ" എന്ന്. അദ്ദേഹത്തിന് കുറ്റവും കുറവും ഇല്ലെന്നല്ല. എന്നാൽ അവയെ നിഷ്പ്രഭമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധി.

കാലം മാറി, രാഷ്ട്രീയവും
സത്യാനന്തരത്തിന്റെയും നവലിബറലിസത്തിന്റെയും കാലമാണ് നമ്മുടേത്. ഇത് ലോക രാഷ്ട്രീയത്തിന്റെ അലകുംപിടിയും മാറ്റിമറിച്ചിരിക്കുന്നു. ഈ പുതുരാഷ്ട്രീയത്തിൽ ചാലിച്ചെടുത്തതാണ് വർത്തമാന കാലത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയുടെ നേതൃത്വവും സമൂഹവും. നമ്മുടെ രാഷ്ട്രീയവും ഇതിന്റെ സ്വാധീനത്തിൽ നിന്ന് മോചിതമല്ല. കേരളത്തിലും ജനാധിപത്യം കവിതയിൽ നിന്ന് വെറുപ്പിന്റെ ഗദ്യമായി മാറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ ഇക്കഴിഞ്ഞ ദിവസം നിയമസഭയിൽ കണ്ടത്.
സ്വന്തം രാഷ്ട്രീയ അസ്തിത്വം നിലനിറുത്താനുള്ള പെടാപ്പാടിലാണ് പാർട്ടികൾ. ഇതിനു വേണ്ടി തത്വദീക്ഷ വെടിഞ്ഞ് ആരുമായി കൂട്ടുകൂടാനും ഏത് പാർട്ടിയിൽ നിന്നെത്തുന്നവരെയും സ്വീകരിക്കാനും അവർ സദാ സന്നദ്ധരാണ്. പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളൊന്നും ഇതിന് തടസ്സമാകുന്നില്ല. ഇപ്പോൾ പ്രത്യയശാസ്ത്രമല്ല, പ്രത്യേകശാസ്ത്രമാണ് പാർട്ടികളുടെ കൈമുതൽ. ഏത് പ്രത്യേക സാഹചര്യത്തെ ന്യായീകരിക്കാനും ആരെ കൂടെ കൂട്ടാനും ഉതകുന്നൊരു 'ശാസ്ത്രം". ജാതികളെയും ഉപജാതികളെയും മതങ്ങളെയും വിമതരെയുമെല്ലാം പ്രത്യേകം സംഘടിപ്പിക്കാൻ പറ്റിയ ഒന്ന്. തന്മൂലം, രാഷ്ട്രീയത്തിൽ ധാർമ്മികതയോ പരസ്പര ബഹുമാനമോ വിശ്വാസമോ സംവാദമോ ഇല്ലാതായിരിക്കുന്നു. അധികാരം തന്നെ മൂല്യമായി മാറുമ്പോൾ ഇത്തരം കാര്യങ്ങൾ ഇല്ലാതാവുന്നത് സ്വാഭാവികമാണല്ലോ.
രാഷ്ട്രീയത്തിന്റെ ഭാവപ്പകർച്ച മറ്റൊരു രീതിയിലും സംഭവിക്കുന്നുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തിയും പ്രചാരണത്തിന്റെ/പരസ്യത്തിന്റെ പകിട്ടും അതിനെ ഇ.എം.എസിന്റെ കാലഘട്ടത്തിൽ നിന്ന് വേർതിരിച്ച് നിർത്തുന്നു. പക്ഷങ്ങളെ അപ്രസക്തമാക്കും വിധം ശക്തരായ നേതാക്കളാണ് പാർട്ടികളെയും അവയുടെ രാഷ്ട്രീയത്തെയും നിർവചിക്കുന്നത്. മാത്രമല്ല, ഇവർ എല്ലാ തെറ്റുകുറ്റങ്ങൾക്കും അതീതരാണെന്ന ധാരണയും ശക്തമാണ്. മറുവശത്ത്, ഹോർലിക്‌സിനെയും ബോൺവിറ്റയെയും പോലെ രാഷ്ട്രീയവും ഒരു ഉത്പന്നമായി മാറിയിരിക്കുന്നു. ഉത്പന്നങ്ങളെ പോലെ അതും പരസ്യപ്രചാരണങ്ങളിലൂടെ സ്വയംപ്രകാശിതമാകുന്നു. ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഒരു പ്രത്യേക ബ്രാൻഡായാണ് അവതരിപ്പിക്കപ്പെടുന്നത്. ഇതിനുവേണ്ടുന്ന പരസ്യവാചകങ്ങൾ നൽകാൻ പി.ആർ ഏജൻസികൾ കഠിനാദ്ധ്വാനം ചെയ്യുന്നു. പണച്ചെലവുള്ള ഏർപ്പാടാണെന്ന് മാത്രം. ഇവിടെയാണ് രാഷ്ട്രീയപ്പാർട്ടികളും കോർപ്പറേറ്റുകളും തമ്മിലുള്ള ബന്ധം ഉറയ്ക്കുന്നത്.
ജനങ്ങൾക്ക് ചില ചില്ലറ സഹായങ്ങൾ വാഗ്ദാനം ചെയ്യാനും അധികാരത്തിലാണെങ്കിൽ അത് നടപ്പിലാക്കാനും ഇവർ അമാന്തിക്കുന്നില്ല. ക്ഷേമ പെൻഷൻ, ഭക്ഷണകിറ്റ്, ആരോഗ്യ കാർഡ്… ഇങ്ങനെ പലതും. ആഴത്തിലുള്ള മുറിവിൽ ബാൻഡ് എയ്ഡ് ഒട്ടിക്കുന്നതു പോലെ ഇത് ജനങ്ങൾക്ക് മുട്ടുശാന്തിക്ക് ഉപകരിക്കുമെങ്കിലും മൗലികമായ പ്രശ്‌നങ്ങളിൽ നിന്ന് അവരുടെ ശ്രദ്ധ അകറ്റുന്നു. ഒരർത്ഥത്തിൽ, ഇതെങ്കിലും കിട്ടുന്നുണ്ടല്ലോ എന്ന് കരുതുകയുമാവാം. മറ്റു പല സംസ്ഥാനങ്ങളിലും ഇങ്ങനെയും ഇല്ലല്ലോ.
ഇക്കാര്യങ്ങളിലെല്ലാം പാർട്ടികൾ തമ്മിലുള്ള വ്യത്യാസം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ. ഓരോ കക്ഷിയും കപ്പലോടിക്കുന്നത് വലത്തോട്ടാണ്. ചിലർ വലത്ത് നോക്കി വലത്തോട്ടു പോകുമ്പോൾ മറ്റു ചിലർ ഇടത്ത് നോക്കി വലത്തോട്ടു പോകുന്നു. ഇനിയും ചിലരുണ്ട്. മദ്ധ്യഭാഗത്തേക്ക് നോക്കി വലത്തോട്ടു പോകുന്നവർ. ഇക്കാര്യത്തിൽ അളവിലും തൂക്കത്തിലും വ്യത്യാസങ്ങൾ ഉണ്ടാകാം
ലളിതമായി പറഞ്ഞാൽ ഇതാണ് ഇ.എം.എസ് ഇല്ലാത്ത 25 വർഷത്തെ കേരള രാഷ്ട്രീയത്തിന്റെ പൊതുസ്വഭാവം. ലോകം മാറി. കേരളവും മാറി. മാറ്റങ്ങളിൽ പലതും ജനാധിപത്യത്തിന് ആശാസ്യകരവുമല്ല. ഇതെല്ലാം ഇ.എം.എസിന്റെ അഭാവംകൊണ്ട് ഉണ്ടായതാണെന്നും അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമാകുമായിരുന്നെന്നും കരുതുന്നത് മൗഢ്യമാണ്. കാലം മാറ്റമാണ്. അതിന്റെ കുത്തൊഴുക്കിൽ പല ചരിത്രപുരുഷന്മാരും പിന്തള്ളപ്പെടും ഇത് ചരിത്രത്തിന്റെ അലംഘനീയ നിയമമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EMS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.