തിരുവനന്തപുരം: ഭാരത സംസ്കാരത്തിൽ ഗുരുവിനുള്ള സ്ഥാനം വളരെ വലുതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ വാർഷിക കൺവെൻഷനും റിട്ട. അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. അക്ഷരങ്ങൾ അറിയുന്നത് മാത്രമല്ല വിദ്യാഭ്യാസം. ശരിയായ രീതിയിൽ കാര്യങ്ങൾ മനസിലാക്കാനും തിരിച്ചറിയാനും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനും കഴിയുന്ന തരത്തിലേക്ക് കുട്ടിയെ പ്രാപ്തനാക്കുകയാണ് യഥാർത്ഥ വിദ്യാഭ്യാസം. അത്തരത്തിൽ പുതിയ തലമുറയെ വാർത്തെടുക്കുന്നവരാണ് അദ്ധ്യാപകരെന്നും ഗവർണർ കൂട്ടിച്ചേർത്തു. ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ അദ്ധ്യാപകർ നടത്തുന്ന അക്കം,അക്ഷരം,ആനന്ദം പദ്ധതിയെയും ഗവർണർ അഭിനന്ദിച്ചു. ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ഇഗ്നേഷ്യസ് ലയോള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ,വികാരി ജനറൽ യൂജിൻ എച്ച്. പെരേര,കോർപ്പറേറ്റ് മാനേജർ ഫാ. ഡെയ്സൺ,സെക്രട്ടറി നിഷ പി. ജോസ് തുടങ്ങിയവർ പങ്കെടുത്തു. വിരമിക്കുന്ന അദ്ധ്യാപകർക്ക് ഗവർണർ പുരസ്കാരങ്ങൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |