തൃശൂർ: നഗരത്തിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്താനും, സുഗമമായ വാഹന ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ സിറ്റി പൊലീസ് ആരംഭിച്ച ഇരുചക്ര വാഹന പട്രോളിംഗ് 'സിറ്റി ടസ്‌കേഴ്‌സ്' നിരത്തിലിറങ്ങി. സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകന്റെ ആശയം ഉൾക്കൊണ്ട് അന്താരാഷ്ട്ര മാനദണ്ഡം പാലിച്ച് രൂപകൽപ്പന ചെയ്ത പത്ത് ഇരുചക്രവാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. പരിശീലനം ലഭിച്ച പൊലീസുദ്യോഗസ്ഥരെയാണ് ഇതിൽ നിയോഗിച്ചത്.
ക്രമസമാധാന പാലനം, ട്രാഫിക് ക്രമീകരണം, അപകടസ്ഥലത്തേക്ക് ആദ്യമെത്തിച്ചേർന്ന് പരിക്കേറ്റവരെ സഹായിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയുക തുടങ്ങിയ ചുമതലകൾ ഇവർക്കുണ്ടാകും.
നഗരം വിവിധ മേഖലകളായി തിരിച്ച് രാവും പകലും സേവനമെത്തിക്കുന്ന തരത്തിലായിരിക്കും ഇവരെ വിന്യസിക്കുക. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇരുചക്ര വാഹന ഡിസൈനാണ് പൊലീസ് പട്രോളിംഗ് വാഹനത്തിന്റേത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുൻവശം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കമ്മിഷണറും സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജ്ജും സംയുക്തമായാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിജു കെ.സ്റ്റീഫൻ, അസി. കമ്മിഷണർമാരായ കെ.കെ.സജീവ്, കെ.സി.സേതു, അസി. കമാൻഡന്റ് പി.ജി.അജയകുമാർ, ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ പി.ബിനൻ, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജ്ജ്, ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ, ജോയിന്റ് ആർ.ടി.ഒ രാജേഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |