മുണ്ടക്കയം:ണങ്ക ജില്ലയിൽ വ്യാജ കറൻസി തട്ടിപ്പ് വ്യാപകമായിട്ടും ഇരുട്ടിൽത്തപ്പി പൊലീസ്. കടകളിലെത്തി സാധനങ്ങൾ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റെടുക്കുമ്പോഴും വ്യാജ നോട്ട് നൽകി പണം തട്ടുന്ന സംഘമാണ് സജീവമായിരിക്കുന്നത്. കഴിഞ്ഞ ദിവസം കറുകച്ചാൽ നെടുംകുന്നം നൂറോമ്മാവ് റോഡ് കന്നാലിപ്പടിയിൽ കുഞ്ഞുകുട്ടന്റെ കടയിൽ ബൈക്കിലെത്തിയ യുവാവ് 4000 രൂപ കബളിപ്പിച്ച് കൊണ്ടുപോയി. ചിൽഡ്രൻ ബാങ്ക് ഒഫ് ഇന്ത്യ എന്ന പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയിൽ നൽകിയത്. പിന്നീട് കടയിലെത്തിയ ലോട്ടറി കച്ചവടക്കാരൻ നാല് 500 രൂപ നോട്ടുകൾ നൽകി കുഞ്ഞുകുട്ടനിൽ നിന്ന് 2000 രൂപ വാങ്ങി. ഇതുമായി ലോട്ടറി കച്ചവടക്കാരൻ റേഷൻകടയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരാഴ്ച മുമ്പ് എരുമേലി കുറുവാമൂഴിയിൽ ലോട്ടറി കച്ചവടം നടത്തുന്ന മുണ്ടക്കയം സ്വദേശിനിയായ വൃദ്ധയുടെ കൈയിൽ നിന്ന് 100 ലോട്ടറി ടിക്കറ്റുകൾ വാങ്ങി രണ്ടായിരത്തിന്റെ രണ്ട് നോട്ടുകൾ നൽകി സമാന രീതിയിൽ കബളിപ്പിച്ചിരുന്നു. രണ്ടു കേസിലും പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
കെണിയിൽ വീഴുന്നത് പ്രായമായവർ
പ്രായമായവരെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. കൂടുതലും ലോട്ടറി വിൽക്കുന്നവരും പെട്ടിക്കട നടത്തുന്നവരും. വ്യാജ നോട്ടുകൾ ഇവർക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയില്ലെന്നത് തട്ടിപ്പുകാർ മുതലെടുക്കുന്നു. ഈ മാസമാദ്യം മനക്കര സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരന്റെ കൈയിൽ നിന്ന് ടിക്കറ്റെടുത്ത യുവാവ് 2000 രൂപയുടെ വ്യാജ നോട്ട് നൽകി കബളിപ്പിച്ചിരുന്നു. പരാതികളേറിയിട്ടും ആരെയും പിടികൂടാനാകാത്തത് പൊലീസിനും നാണക്കേടാകുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |