ന്യൂഡൽഹി: വിഘടനവാദി അമൃത്പാൽ സിംഗിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖലിസ്ഥാൻ അനുകൂലികൾ വലിച്ചെറിഞ്ഞു. സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച ഇന്ത്യ യു.കെയുടെ സുരക്ഷാ വീഴ്ചയിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഹൈക്കമ്മിഷൻ പരിസരത്തെ സുരക്ഷയുടെ അഭാവത്തിൽ വിശദീകരണം വേണമെന്നും ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. അമൃത്പാലിനെതിരെയുള്ള പഞ്ചാബ് പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് വൈകുന്നേരം മുതൽ ലണ്ടനിൽ ഖലിസ്ഥാൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടയിൽ ഇന്ത്യൻ ഹൈക്കമ്മീഷനിലെ പതാക അഴിച്ചു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പങ്കു വെച്ചിരുന്നു.
ഇന്ത്യൻ ഹൈക്കമ്മീഷൻ കെട്ടിടത്തിൽ പ്രതിഷേധക്കാർ കടന്നു കൂടിയത് യുകെയുടെ ഭാഗത്ത് നിന്നുണ്ടായ കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിയന്ന കരാറിന്റെ ലംഘനമാണെന്നും ഇന്ത്യ അറിയിച്ചു. ഹൈക്കമ്മീഷൻ കെട്ടിടത്തിനും നയതതന്ത്ര ഉദ്യോഗസ്ഥർക്കും ആവശ്യമായ സുരക്ഷ ഒരുക്കാനാകാതെ പോയതിൽ രൂക്ഷഭാഷയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചതായാണ് വിവരം. സംഭവത്തിലുൾപ്പെട്ടവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വിഘടനവാദികളുടെ നടപടികളിൽ രാജ്യത്തിന്റെ കനത്ത പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവന വഴി അറിയിച്ചു.
അതേസമയം ലണ്ടനിലെ ഹൈക്കമ്മീഷൻ കെട്ടിടത്തിലുണ്ടായ അനിഷ്ട സംഭവത്തിൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ് ശക്തമായി അപലപിച്ചു.
I condemn the disgraceful acts today against the people and premises of the @HCI_London - totally unacceptable.
— Alex Ellis (@AlexWEllis) March 19, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |