ന്യൂഡൽഹി: പൊലീസിനെ വെട്ടിച്ച് കടന്ന ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാൻ പഞ്ചാബിലും അതിർത്തി സംസ്ഥാനങ്ങളിലും തെരച്ചിൽ വ്യാപകമായി തുടരുന്നു. വ്യാജ വാർത്തകളും മറ്റും പ്രചരിക്കുന്നത് തടയാൻ പഞ്ചാബിലെ ചില ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ്, എസ്.എം.എസ് നിരോധനം ഇന്നുച്ചവരെ നീട്ടി.
'വാരിസ് പഞ്ചാബ് ഡി" തലവൻ അമൃത്പാൽ സിംഗ് ഒളിവിലാണെന്ന് പഞ്ചാബ് ഐ.ജി.പി സുഖ്ചെയിൻ സിംഗ് ഗിൽ പറഞ്ഞു. പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇയാൾ അറസ്റ്റിലായെന്ന അഭ്യൂഹം പൊലീസ് തള്ളി. ഒപ്പമുണ്ടായിരുന്ന അമ്മാവൻ ഹർജീത് സിംഗ് ഇന്നലെ കീഴടങ്ങി. നേരത്തെ പിടിയിലായ അനുയായികളായ ദൽജീത് കൽസി, ബസന്ത് സിംഗ്, ഗുർമീത് സിംഗ് ഭുഖൻവാല, ഭഗവന്ത് സിംഗ് എന്നിവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു. അനുയായികളായ 114 പേർ ഇതിനകം പിടിയിലായി.
അമൃത്പാൽ സിംഗിനെയും സഹായികളെയും പിടികൂടാൻ പഞ്ചാബിലും ഹിമാചൽ പ്രദേശ് അതിർത്തിയിലും സുരക്ഷ ശക്തമാക്കിയെന്ന് ഐ.ജി.പി പറഞ്ഞു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമില്ല. 'വാരിസ് പഞ്ചാബ് ദേ"യുടെ ഘടകങ്ങൾക്കെതിരെ പ്രത്യേക നടപടി സ്വീകരിച്ചു.
അമൃത്‌പാലിന് പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം ലഭിച്ചിരുന്നതായി സംശയമുണ്ടെന്നും ഐ.ജി.പി കൂട്ടിച്ചേർത്തു. ഐ.എസ്.ഐ വഴി അയാൾക്ക് വിദേശ ഫണ്ടിംഗ് ലഭിച്ചോയെന്ന് പരിശോധിക്കുന്നുണ്ട്.
അതിനിടെ, അമൃത്‌പാൽ 'ആനന്ദ്പൂർ ഖൽസ ഫൗജ്" എന്ന പേരിൽ സ്വകാര്യ സേന രൂപീകരിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇയാളിൽ നിന്ന് പിടിച്ചെടുത്ത
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളിലും റൈഫിളുകളിലും വീടിന്റെ ഗേറ്റിലും കണ്ട എ.കെ.എഫ് എന്നത് സംഘടനയുടെ ചുരുക്കെഴുത്താണെന്ന് പൊലീസ് പറയുന്നു.
ഖാലിസ്ഥാൻ പ്രതിഷേധത്തിനെതിരെ സിക്ക് സംഘടനകൾ
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഒാഫീസിൽ അതിക്രമിച്ച് കയറി ഖാലിസ്ഥാൻ അനുകൂലികൾ ദേശീയ പതാകയോട് അനാദരവ് കാട്ടിയ നടപടിക്കെതിരെ നൂറുകണക്കിന് സിക്കുകാർ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനു പുറത്ത് പ്രതിഷേധിച്ചു.
പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും യു.കെയിലെ ഇന്ത്യൻ എംബസിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
യു.കെയിലെ എംബസിയിൽ ഇന്ത്യൻ പതാകയെ അപമാനിച്ച സംഭവത്തെ അപലപിക്കുന്നുവെന്നും ഇത്തരം സംഭവങ്ങളിൽ ഉൾപ്പെട്ട ആളുകൾ സിക്ക് വികാരങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പ്രതിഷേധിച്ചവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സിക്കുകാർ സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി മാത്രമാണ് വിമാനം അയച്ച് സുരക്ഷ ഉറപ്പാക്കിയത്.
പ്രതിഷേധിച്ച് ഇന്ത്യ
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ കെട്ടിടത്തിന്റെ ബാൽക്കണിയിൽ കയറി ദേശീയപതാക വലിച്ചു താഴെയിടാൻ ശ്രമിച്ച സംഭവത്തിൽ ന്യൂഡൽഹിയിലെ യു.കെ ഹൈക്കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രതിഷേധക്കാർക്ക് ഹൈക്കമ്മിഷൻ പരിസരത്ത് പ്രവേശിച്ചതിലെ സുരക്ഷാ വീഴ്‌ച പരിശോധിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. വിയന്ന കൺവെൻഷൻ പ്രകാരമുള്ള നയതന്ത്ര ചട്ടങ്ങളുടെ വീഴ്ചയാണിത്. സംഭവം അന്വേഷിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കാനും യു.കെയോട് ആവശ്യപ്പെട്ടു.
സംഭവത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ അലക്സ് എല്ലിസ് അപലപിച്ചു. സംഭവം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |