ആലപ്പുഴ: ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ വഴിയോരത്തട്ടുകളിൽ നിന്ന് ഫോർമാലിൻ ചേർത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. പഴകിയ കിളിമീൻ, കേര, പാര, ചൂര അടക്കമുള്ള മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
സ്പെഷൽ ഡ്രൈവിന്റെ ഭാഗമായിട്ടായിരുന്നു ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ മത്സ്യമാർക്കറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന. മാളികമുക്ക് മേൽപാലത്തിന് സമീപത്തെ രണ്ട് വഴിയോര മത്സ്യവിൽപന തട്ടുകളിൽനിന്നാണ് ഫോർമാലിൻ ചേർത്ത മത്സ്യം പിടികൂടിയത്. വി.കെ.രാജയുടെ ഉടമസ്ഥതയിലുള്ള തട്ടിൽ നിന്നും 10കിലോ കേരയാണ് പിടികൂടിയത്.
ഷാജി എന്നയാളുടെ തട്ടിൽ നിന്നാണ് കിളിമീൻ, പാര, ചൂര അടക്കമുള്ളവ പിടികൂടി നശിപ്പിച്ചത്. ഇരുവരും ലൈസൻസ് അടക്കമുള്ളവ ഹാജരാക്കിയിട്ടില്ല. ഇന്നലെ രാവിലെ 10ന് ആരംഭിച്ച പരിശോധന ഉച്ചയോടെ അവസാനിച്ചു. ആലപ്പുഴ സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ ചിത്ര മേരി തോമസ്, എച്ച്. ദീപു, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെ.അനിക്കുട്ടൻ, ജാൻസി, ഷാലിമ്മ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |